ജിയോഫൈബർ, ബിഎസ്എൻഎൽ 2,499 രൂപ ബ്രോഡ്ബാന്റ് പ്ലാനുകളിൽ മികച്ചത് ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് നെറ്റ്വർക്ക് ബിഎസ്എൻഎല്ലിന്റേതാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ജിയോഫൈബർ. പുതിയ ഇന്റർനെറ്റ് പ്ലാനുകൾ അവതരിപ്പിക്കാൻ ഇരു കമ്പനികളും മത്സരിക്കുന്നുണ്ട്. രണ്ട് സേവനദാതാക്കളും 2,499 രൂപ വിലയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. 2020ലാണ് ജിയോ ഫൈബർ ഈ പ്ലാൻ ആരംഭിച്ചത്. ബിഎസ്‌എൻഎൽ സൌജന്യ ഇൻസ്റ്റാളേഷനോടൊപ്പം മികച്ച വേഗതയും നൽകി ഈ പ്ലാൻ അടുത്തിടെ പുതുക്കി.

ബിഎസ്എൻഎൽ 2,499 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ
ബിഎസ്‌എൻഎല്ലിന്റെ 2,499 രൂപ വിലയുള്ള പ്ലാൻ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 5,000 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ 5,000 ജിബി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. 2021 മാർച്ച് 31 വരെ സൌജന്യ ഇൻസ്റ്റാളേഷനും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. സിംഗിൾ ആക്സസ് വഴി യുടി ടിവി, വൂട്ട്, സീ5, സോണിലിവ് തുടങ്ങിയ ഒടിടി ആപ്പുകളിലക്ക് കമ്പനി ആക്സസ് നൽകുന്നുണ്ട്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ, ഫയർ ടിവി പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾക്ക് യുപ് ടിവി ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

ജിയോ ഫൈബർ 2,499 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ
ജിയോ ഫൈബറിന്റെ 2,499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 500 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 15 ഒടിടി ആപ്പുകളിലേക്ക് ആക്സസ്, ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് എന്നിവയാണ് ഈ പ്ലാനിലൂടെ ജിയോ നൽകുന്നത്. 15 ഒടിടി ആപ്ലിക്കേഷനുകളിൽ വൂട്ട് സെലക്ട്, ലയൺസ്ഗേറ്റ്, സൺനെക്സ്റ്റ്, ഹൊയ്‌ചോയ്, ആൾട്ട് ബാലാജി, വൂട്ട് കിഡ്സ്, ഇറോസ് നൌ, ഡിസ്കവറി +, ആൾട്ട് ബാലാജി, ഹംഗാമ പ്ലേ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, വൂട്ട് സെലക്ട് എന്നിവ ഉൾപ്പെടുന്നു. കൂടാതെ 1,500 രൂപ, 2,500 രൂപ വിലയിൽ രണ്ട് ട്രയൽ പായ്ക്കുകളും ജിയോ ഫൈബർ നൽകുന്നുണ്ട്.

ഏതാണ് മികച്ച പ്ലാൻ
രണ്ട് പായ്ക്കുകളും പരിശോധിച്ചാൽ എല്ലാ ആനുകൂല്യങ്ങളുടെയും കാര്യത്തിൽ ജിയോ ഫൈബർ പ്ലാൻ മികച്ചതാണെന്ന് പറയാം. പക്ഷേ രാജ്യത്തെ ഇൻറർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കാൻ ബിഎസ്‌എൻഎല്ലും പരമാവധി ശ്രമിക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ പ്ലാൻ എന്ന് നിസംശയം പറയാം. ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി കമ്പനി നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് ജിയോയെക്കാൾ വലിയ ബ്രോഡ്ബാന്റ് നെറ്റ്വർക്ക് ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

ജിയോയും ബിഎസ്‌എൻഎല്ലും സമാനമായ രണ്ട് പ്ലാനുകൾ കൂടി നൽകുന്നുണ്ട്. 999 രൂപ, 1,499 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ഇതിലൂടെ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വേഗത, 14 ഒടിടി ആപ്പുകൾ, വോയിസ് കോളിങ് എന്നിവ ഒരു മാസത്തേക്ക് ലഭിക്കുന്നു, അതേസമയം ബിസ്എൻഎൽ 200 എംബിപിഎസ് വേഗത 3.3 ടിബി ഡാറ്റ, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ എന്നിവ ഉപയോക്താക്കൾക്ക് നൽകുന്നു. ബിഎസ്‌എൻഎൽ 300 എംബിപിഎസ് വേഗതയിൽ 4 ടിബി ഡാറ്റയാണ് 1,499 രൂപ പ്ലാനിലൂടെ നൽകുന്നത്. ജിയോ ഫൈബർ 15 ഒടിടി ആപ്പുകളിലേക്ക് ആക്സസും 300 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിലൂടെ നൽകുന്നു.


Click it and Unblock the Notifications








