കേരളത്തിൽ ഈ ദുരന്തം സംഭവിച്ചത് യൂട്യൂബ് മൂലം; ആളെക്കൊന്ന് കളിയിൽ കൂട്ടുപ്രതിയാകുന്നത് പലതവണ
കൊച്ചി കളമശേരിയിൽ നടന്ന വലിയ ദുരന്തത്തിന് പ്രതിയെ സഹായിച്ചത് പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. പ്രതിയായ ഡൊമനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ ആശ്രയിച്ചത് യൂട്യൂബിനെ ആണെന്ന് ഇയാൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ടെക്നോളജിയുടെ വളർച്ച മനുഷ്യന് വരുത്തിവെച്ച വിനാശങ്ങളിൽ ഒന്നിനാണ് കഴിഞ്ഞ ദിവസം നാം സാക്ഷ്യം വഹിച്ചത്.
ഇത്തരത്തിൽ വളരെ അപകടം പിടിച്ച ആയുധങ്ങളെ അടുത്ത് അറിയാൻ യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയകൾ അവസരം ഒരുക്കുന്നുണ്ട്. നേരത്തെ കൊല്ലത്ത് നടന്ന ഉത്തരാ വധക്കേസിലും പ്രതിയായ സൂരജ് യൂട്യൂബിനെ ആശ്രയിച്ചായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. പാമ്പിനെ കൊണ്ടുവന്നതും ഇതിന്റെ സ്വഭാവം പഠിക്കാനും സൂരജ് യൂട്യൂബിനെ ആശ്രയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാൾ സ്വന്തം ഭാര്യയായ ഉത്തരയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കളമശേരിയിലെ സംഭവം കേരളത്തെ ഞെട്ടിച്ചത്.

2300ഓളം ആളുകൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമനിക്ക് ഈ ബോംബ് സ്ഥാപിച്ചത്. അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. 25ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. അതേ സമയം യൂട്യൂബ് നോക്കിയാണ് ബോംബ് ഉണ്ടാക്കിയത് എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ യൂട്യൂബ് ഹിസ്റ്ററിയും ഗൂഗിൾ ഹിസ്റ്ററിയും പരിശോധിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇത്തരത്തിൽ മാരകായുധങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന വീഡിയോകൾ യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഉണ്ടെന്നതാണ് ഖേദകരമായ കാര്യം.
ഇതിന് മുമ്പ് തമിഴ്നാട്ടിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സേലം പുളിയാംപേട്ടയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പോലീസ് പരിശോധനയിൽ യുവാക്കളുടെ പക്കൽ നിന്ന് തോക്കുകളടക്കം നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. യൂട്യൂബ് നോക്കിയാണ് തങ്ങൾ ഈ ആയുധങ്ങൾ നിർമ്മിച്ചത് എന്നായിരുന്നു പ്രതികളുടെ മൊഴി. ആർക്ക് വേണമെങ്കിലും ഇന്ന് ഇത്തരം വീഡിയോകൾ പരിശോധിച്ച് ആയുധങ്ങൾ നിർമ്മിക്കാൻ സാധിക്കുന്ന സാഹചര്യമാണ് ഉള്ളത്.

തോക്ക്, ബോംബ്, പെട്രോൾ ബോംബ്, മറ്റ് മാരകായുധങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ നിർമ്മിക്കാൻ സാധിക്കുന്നതാണ്. എന്നാൽ നിയമപരമായി ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉപഭോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. യൂട്യൂബിന് പുറമെ ചാറ്റ്ജിപിറ്റി പോലുള്ള എഐ സാങ്കേതികവിദ്യകൾ പുരോഗമിച്ചതും ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായേക്കാം. ഇത്തരം വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും അൽഗോരിതങ്ങളെ കബിളിപ്പിക്കാൻ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്ക് സാധിക്കുന്നതാണ്.
ഉദാഹരണത്തിന് ഒരു യാത്ര വീഡിയോ നൽകി അതിന് വോയിസ് ഓവറായി ഇത്തരം നിർദേശങ്ങൾ നൽകാൻ സാധിക്കുന്നതാണ്. വീഡിയോയിൽ മറ്റ് പല കാര്യങ്ങൾ പ്രദർശിപ്പിച്ചും എന്നാൽ ഇതിന്റെ വോയിസ് ഓവറിൽ ദുരുദ്ദേശ പരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമിൽ സർവ്വ സാധാരണമാണ്. ഇതിന് പുറമെ ഇത് ആരും പ്രാവർത്തികമാക്കരുത് എന്ന നിർദേശം നൽകി ഇത്തരം വീഡിയോകൾ നൽകാനും ചിലപ്പോഴൊക്കെ സാധിക്കുന്നുണ്ട്.
അതേ സമയം കളമശേരിയിൽ സ്ഫോടനം നടത്തിയതിന് ശേഷം പ്രതിയായ ഡൊമനിക് മാർട്ടിൻ ഫെയ്സ്ബുക്ക് ലൈവിൽ വന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെ തൃശൂർ കൊടകരയിലെ പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങി. ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിന്റെ ചിത്രം പോലീസിന് കൈമാറിയതോടെയാണ് പ്രതി ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഈ സമ്മേളനം നടത്തിയ സംഘടനയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഇയാൾ ബോംബ് സ്ഫോടനം നടത്തിയത് എന്നാണ് നൽകിയിരിക്കുന്ന മൊഴി.
അതേ സമയം ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്നവർക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കും എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കേരളാ പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications







