ചൂടാറാതെ ഫ്രൈഡ് ചിക്കൻ സൂക്ഷിക്കാനും ഗെയിം കളിക്കാനും കെഎഫ്‌സിയുടെ ഗെയിമിങ് കൺസോൾ
കെന്റക്കി ആസ്ഥാനമായുള്ള പ്രശസ്തമായ ഫാസ്റ്റ്ഫുഡ് ബ്രാൻഡാണ് എഎഫ്സി. കെഎഫ്സിയുടെ ഭക്ഷണം ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലഭ്യമാണ്. ഈ ജനപ്രീയ ഭക്ഷണ ബ്രാന്റ് ഗെയിമർമാർക്കായി പുതിയൊരു ഗെയിം കൺസോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഗെയിമിങ് കൺസോളിനൊപ്പം തന്നെ തങ്ങളുടെ ഫ്രൈഡ് ചിക്കൻ ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം കൂടിയുള്ള കൺസോളാണ് കെഎഫ്സി അവതരിപ്പിച്ചിരിക്കുന്നത്. ചിക്കൻ ചേമ്പർ ചൂടാക്കാൻ കൺസോളിന്റെ ഘടകങ്ങൾ ഉൽപാദിപ്പിക്കുന്ന താപത്തെയാണ് ഉപയോഗിക്കുന്നത്.

ഗെയിമിങ് കൺസോളിൽ ധാരാളം ചൂട് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പല കൂളിങ് സിസ്റ്റങ്ങളും ഉണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായ കൂളിങ് സിസ്റ്റമാണ് കെഎഫ്സി അവതരിപ്പിച്ചത്. ചിക്കൻ ചേമ്പർ ഉണ്ടാക്കി അതിനകത്തേക്ക് താപം നൽകുന്ന രീതിയാണ് ഈ ഗെയിമിങ് കൺസോളിനുള്ളത്. ഇതിലെ കസ്റ്റം മെയിഡ് കൂളിംഗ് സിസ്റ്റം മറ്റൊരു ഡിവൈസിലും കണ്ടിട്ടില്ലാത്തതാണ്. "ചിക്കൻ ചേമ്പറിലേക്ക് താപം കടത്തി വിടുന്നതോടെ അതിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രൈഡ് ചിക്കൻ ചൂടായി തന്നെ നിലനിൽക്കും.

ഗെയിം കളിച്ച് ഗെയിമിങ് കൺസോൾ ചൂടാകുന്നത് വളരെ നല്ല കാര്യമായി മാറുന്ന സാഹചര്യമാണ് കെഎഫ്സിയുടെ പുതിയ ഡിവൈസിൽ ഉള്ളത്. തായ്വാനിലെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ നിർമ്മാതാക്കളായ കൂളർ മാസ്റ്ററാണ് കൺസോൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഗെയിമിങ് കീബോർഡുകൾ, കസേരകൾ, മോണിറ്ററുകൾ എന്നിവയടക്കമുള്ളവ നിർമ്മിക്കുന്ന കമ്പനിയാണ് ഇത്. പുതിയ ഗെയിമിങ് കൺസോൾ മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിനൊപ്പം തന്നെ നിങ്ങളുടെ ഭക്ഷണം ചൂടാറാതെ സൂക്ഷിക്കുമെന്ന് കെഫ്എസി വക്താവി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. "സോണിയോ മൈക്രോസോഫ്റ്റോ ഇത്തരമൊരു ഡിവൈസ് വികസിപ്പിക്കാൻ തയ്യാറാണെങ്കിൽ അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎഫ്സിയുടെ ഗെയിമിങ് കൺസോളിന്റെ വിലയെക്കുറിച്ചോ റിലീസ് തീയതിയെക്കുറിച്ചോ ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. പല മുൻനിര ബ്രാന്റുകളും ഗെയിം കൺസോളുകൾ പുറത്തിറക്കുന്നുണ്ട് ഈ ഡിവൈസുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിവൈസ് എന്ന നിലയിലാണ് കെഎഫ്സിയുടെ ഡിവൈസ് വിപണിയിലെത്താൻ ഒരുങ്ങുന്നത്. കൂളിങ് സിസ്റ്റത്തെ ഫലപ്രദമായി ഉപയോഗിച്ചു എന്നത് തന്നെയാണ് ഈ ഗെയിം കൺസോളിന്റെ ഏറ്റവും വലിയ സവിശേഷത.

കെഎഫ്സി കൺസോൾ പരസ്യ കാമ്പെയ്‌ൻ ജൂണിൽ ആരംഭിച്ചിരുന്നു. കെഎഫ്‌സി ഗെയിമിംഗ് ട്വിറ്റർ പേജിൽ 11 ദശലക്ഷത്തിലധികം വ്യൂസാണ് ഇത് നേടിയത്. പലരും ഇതൊരു വ്യാജ വാർത്തയായിരിക്കും എന്നാണ് കരുതിയിരുന്നത്, കമ്പനിയുടെ ഭാഗത്ത് നിന്ന് തന്നെ ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. കൊറോണ വൈറസ് പാൻഡെമിക്ക് കാരണം ഫിംഗർ-ലിക്കിൻ ഗുഡ് എന്ന് പറയുന്ന പരസ്യം നിർത്തിവെച്ചതായി ഓഗസ്റ്റിൽ കെഎഫ്‌സി അറിയിച്ചിരുന്നു.


Click it and Unblock the Notifications








