ഇന്ത്യൻ വിപണിയിലെ അഞ്ച് ചൈനീസ് ഇതര സ്മാർട്ട് ടിവി ബ്രാൻഡുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെന്ന പോലെ സ്മാർട്ട് ടിവി വിപണിയിലും ചൈനീസ് കമ്പനികൾ ധാരാളമാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഷവോമി, വൺപ്ലസ് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് ടിവികൾ ഇന്ത്യയിൽ പ്രചാരം നേടുന്ന സന്ദർഭത്തിലാണ് ഇന്ത്യ- ചൈന സംഘർഷങ്ങളുടെ ഭാഗമായി രാജ്യത്ത് ചൈനീസ് പ്രൊഡക്ടുകൾ നിരോധിക്കണമെന്ന പ്രചാരണം നടക്കുന്നത്.

ചൈനീസ് ബ്രാന്റുകളെ മാറ്റി നിർത്തിയാൽ ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയിൽ ശക്തരായ മറ്റ് ചില ബ്രാന്റുകളും ഉണ്ട്. കുറഞ്ഞ വിലയിൽ തന്നെ എല്ലാ വിധ സവിശേഷതകളുമുള്ള സ്മാർട്ട് ടിവികൾ നൽകുന്ന ചൈനീസ് ഇതര ബ്രാന്റുകളെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ബ്രാന്റുകളൊന്നും ഇന്ത്യൻ ബ്രാന്റുകളല്ല. മറ്റ് പല രാജ്യങ്ങളിലും ആസ്ഥാനങ്ങളുള്ളവയാണ് ഈ കമ്പനികൾ

നോക്കിയ: ഫിൻലാൻഡ് കമ്പനി
നോക്കിയയെ 2016 ൽ എച്ച്എംഡി ഏറ്റെടുക്കുകയും നിരവധി സ്മാർട്ട്‌ഫോണുകൾ രാജ്യത്ത് അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയിൽ സ്മാർട്ട് ടെലിവിഷനുകളും നോക്കിയ പുറത്തിറക്കുന്നുണ്ട്. നോക്കിയ അടുത്തിടെ രണ്ട് സ്മാർട്ട് ടെലിവിഷനുകൾ പുറത്തിറക്കിയിരുന്നു. 43 ഇഞ്ച്, 55 ഇഞ്ച് വലിപ്പമുള്ള ടിവികളാണ് കമ്പനി പുറത്തിറക്കിയത്. 43 ഇഞ്ച് സ്മാർട്ട് ടിവിക്ക് 31,999 രൂപയാണ് വില. 55 ഇഞ്ച് മോഡലിന് 41,999 രൂപ വിലയുണ്ട്. നോക്കിയ ഫ്ലിപ്കാർട്ടുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

എൽജി: ദക്ഷിണ കൊറിയൻ കമ്പനി
ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ ബ്രാൻഡുകളിലൊന്നാണ് എൽജി ഇലക്ട്രോണിക്സ്. സ്മാർട്ട് ടിവി വിപണിയിൽ കമ്പനിക്ക് ശക്തമായ സ്വാധീനമുണ്ട്.LED, OLED, QLED, പ്ലാസ്മ ടെലിവിഷൻ പാനലുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്ന എൽജി എല്ലാ വലുപ്പത്തിലും എല്ലാ സെഗ്‌മെന്റുകളിലുമുള്ള സ്മാർട്ട് ടിവികൾ പുറത്തിറക്കിയിട്ടുണ്ട്. 14,999 രൂപയ്ക്ക് എൽജി 32 ഇഞ്ച് എൽഇഡി സ്മാർട്ട് ടെലിവിഷൻ വിപണിയിലെത്തിച്ചിരുന്നു.

സാംസങ്: ദക്ഷിണ കൊറിയൻ കമ്പനി
ഇന്ത്യയിലെ മൊബൈൽ, ഗാർഹിക ഉപകരണ വിപണിയിൽ വിശ്വാസമാർജിച്ച ബ്രാന്രാണ് സാംസങ്. സ്മാർട്ട് ടെലിവിഷനുകളും സാംസങ് പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിൽ കമ്പനി ക്യുഎൽഇഡി 8 കെ, ദി ഫ്രെയിം, ദി സെരിഫ്, 4 കെ യുഎച്ച്ഡി ടിവി, എൻ 4305, സ്മാർട്ട് എച്ച്ഡി ടിവി എന്നിങ്ങനെ ഏറെ സവിശേഷതകളുള്ള മികച്ച സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിട്ടുണ്ട്. 32 ഇഞ്ച് മുതൽ 82 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പത്തിലുള്ള 14,990 മുതൽ. 13,49,990 രൂപ വരെ വിലയുള്ള സ്മാർട്ട് ടിവികൾ സാംസങ് വിപണിയിലെത്തിച്ചിട്ടുണ്ട്.

തോംസൺ ടിവി: ഫ്രഞ്ച് കമ്പനി
ഫ്രഞ്ച് കമ്പനിയായ തോംസൺ 2018ലാണ് ഇന്ത്യയിൽ സേവനങ്ങൾ ആരംഭിച്ചത്. 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വലുപ്പങ്ങളിൽ തോംസൺ സ്മാർട്ട് ടിവികൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ബജറ്റ് വിഭാഗത്തിൽ മികച്ച സ്മാർട്ട് ടിവികൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് കമ്പനി ജനപ്രീതി നേടിയത്. അടുത്തിടെ കമ്പനി ഓത്ത് എന്ന പേരിൽ അതിന്റെ പ്രീമിയം സീരീസ് സ്മാർട്ട് ടിവികൾ പ്രഖ്യാപിച്ചിരുന്നു. എൽഇഡി, യുഎച്ച്ഡി, സ്മാർട്ട് ടിവികൾ, ലൈസൻസ്ഡ് ആൻഡ്രോയിഡ് ടിവികൾ എന്നിവ 32 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ സ്‌ക്രീൻ വലുപ്പത്തിൽ കമ്പനി ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

സോണി: ജാപ്പനീസ് കമ്പനി
ഓഡിയോ, സ്മാർട്ട് ടിവികൾ എന്നിവയുടെ വിപണിയിൽ സോണിയുടെ സ്വാധീനം വളരെ വലുതാണ്. ബ്രാവിയ സീരീസിലൂടെയാണ് സോണി സ്മാർട്ട് ടിവി വിപണിയിൽ തങ്ങളുടെകരുത്ത് തെളിയിച്ചത്. ബ്രാവിയ സീരീസിന് പുറമെ 32 മുതൽ 75 ഇഞ്ച് വരെയുള്ള മറ്റ് ചില ടിവികളും സോണി വിപണിയിലെത്തിച്ചിട്ടുണ്ട്. എൽഇഡി, ബ്രാവിയ, ഒഎൽഇഡി, എൽഇഡി അൾട്രാ എച്ച്ഡി (4 കെ), എൽഇഡി 4 കെ എച്ച്ഡിആർ സ്മാർട്ട് ആൻഡ്രോയിഡ് ടിവി എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലുള്ള സ്മാർട്ട് ടിവികൾ സോണി പുറത്തിറക്കിയിട്ടുണ്ട്.


Click it and Unblock the Notifications








