56 ദിവസം വാലിഡിറ്റിയും മികച്ച ആനുകൂല്യങ്ങളുമുള്ള ജിയോ, എയർടെൽ, വിഐ പ്ലാനുകൾ
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ, എയർടെൽ എന്നിവ ഉപഭോക്താക്കൾക്കായി എല്ലാ വില നിരവാരത്തിലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 28 ദിവസം, 56 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ വാലിർഡിറ്റിയുള്ള പ്ലാനുകൾ ഈ കമ്പനികൾ നൽകുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ സാമ്പത്തികമായി നഷ്ടവും ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടിവരുന്നതിനും കാരണമാകുന്നവയാണ്. അതുകൊണ്ട് തന്നെ മിക്ക ആളുകളും 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് തിരഞ്ഞെടുക്കാറുള്ളത്.

56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ തന്നെ സൌജന്യ കോളിങ്, ഒടിടി സബ്സ്ക്രിപ്ഷൻ, ദിവസവും 100 എസ്എംഎസ് എന്നിവയും ദിവസവും നിശ്ചിത ജിബി ഡാറ്റയും ലഭിക്കും. ജിയോ, എയർടെൽ, വിഐ എന്നിവയുടെ 56 ദിവസം വാലിഡിറ്റിയും ഒടിടി ആനുകൂല്യങ്ങളുമുള്ള പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പ്ലാനുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഈ വിഭാഗത്തിൽ എയർടെല്ലിന് മൂന്ന് പ്ലാനുകളാണ് ഉള്ളത്. 399 രൂപ, 449 രൂപ, 558 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ജിയോയുടെ പ്ലാനുകൾക്ക് 444 രൂപ, 399 രൂപ എന്നീ നിരക്കുകളും വിഐയുടെ പ്ലാനുകൾക്ക് 399 രൂപ, 449 രൂപ എന്നിങ്ങനെയുമാണ് നിരക്കുകൾ.

എയർടെൽ 399 രൂപ പ്ലാൻ
ദിവസവും 1.5ജിബി ഡാറ്റ ആവശ്യമുള്ള ആളാണ് നിങ്ങളെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 399 രൂപ പ്ലാൻ. 56 ദിവസം വരെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ നിങ്ങൾക്ക് മൊത്തം 84 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാൻ നൽകുന്നു. അപ്പോളോ 24 | 7 സർക്കിളിന്റെ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. എയർടെൽ എക്സ്ട്രീം പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ, സൗജന്യ ഹെല്ലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ. ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 449 രൂപ വിലയുള്ള റീചാർജ് പ്ലാൻ 56 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. മൊബൈൽ ആന്റിവൈറസ്, എയർടെൽ എക്സ്ട്രീം പ്രീമിയം എന്നിവയാണ് പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ. വിങ്ക് മ്യൂസിക്, 150 രൂപ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും 449 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

എയർടെൽ 558 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ 558 രൂപ വിലയുള്ള റീചാർജ് പ്ലാൻ 56 ദിവസത്തേക്ക് എല്ലാ ദിവസവും 3 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 168ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും മൊബൈൽ ഡാറ്റ ഉപയോഗിച്ച് വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കും തിരഞ്ഞെടുക്കാനുള്ള മികച്ച പ്ലാൻ ആണ് ഇത്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം നിങ്ങൾക്ക് എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, 150 രൂപ ഫാസ്റ്റ് ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹലോ ട്യൂൺസ്, മൊബൈൽ ആന്റിവൈറസ്, ഷാ അക്കാദമിയിൽ സൗജന്യ ഓൺലൈൻ കോഴ്സ് എന്നിവയും ലഭിക്കും.

ജിയോയുടെ 444 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയിൽ നിന്നുള്ള 444 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയും ദിവസവും 2 ജിബി ഇന്റർനെറ്റ് ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ 2ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് 64 കെബിപിഎസ് വേഗതയിൽ നെറ്റ് ഉപയോഗിക്കാൻ സാധിക്കും. എല്ലാ നെറ്റ്വർക്കുകളിലേക്കും സൌജന്യ കോളുകൾ നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും വരുക്കാർക്ക് നൽകുന്നു. ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കും.

ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി നിങ്ങൾക്ക് 84ജിബി ഡാറ്റ ലഭിക്കും. എല്ലാ ദിവസവും ലഭിക്കുന്ന ഡാറ്റ അവസാനിച്ചതിനുശേഷം, വേഗത 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ സൗജന്യമായി നൽകുന്നു.

വോഡഫോൺ-ഐഡിയ 399 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ നൽകുന്നുണ്ട്. രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ നൽകുന്ന ഓഫറും വീക്കെൻഡ് ഡാറ്റ റോൾഓവർ സൌകര്യവും ഈ പ്ലാനിലൂടെ ലഭിക്കും.

വോഡഫോൺ-ഐഡിയ 449 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 449 രൂപ പ്ലാനിലൂടെ 56 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ദിവസവും 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ദിവസവും 2ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനായിരുന്നു ഇത്. ഡബിൾ ഡാറ്റ ഓഫറിലൂടെ 2ജിബി ഡാറ്റ അധികമായി ലഭിക്കുന്നു. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവിസ്, ടിവി ഷോകൾ, ഓൾ നൈറ്റ് ബിങ്ക്, വീക്കെൻഡ് ഡാറ്റ റോൾഓവർ എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








