ഇന്റർനെറ്റ് എക്സ്പ്ലോറർ ഓർമയാകുന്നു, സപ്പോർട്ട് ഒഴിവാക്കാനെരുങ്ങി മൈക്രോസോഫ്റ്റ്
25 വർഷത്തെ സേവനത്തിന് ശേഷം ഇന്റർനെറ്റ് എക്സ്പ്ലോറർ ഓർമ്മയാകുന്നു. മൈക്രോസോഫ്റ്റ് അതിന്റെ വയസ്സൻ വെബ് ബ്രൌസറായ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സപ്പോർട്ട് അവസാനിപ്പിക്കാൻ പോവുകയാണ്. ഇന്റർനെറ്റ് എക്സ്പ്ലോററിൽ നിന്ന് എഡ്ജ് ബ്രൌസറിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോക്താക്കൾക്ക് സമയം നൽകിയിരുന്നു. പലരുടെയും ഇന്റർനെറ്റ് ജ്ഞാനത്തിന്റെ ആദ്യ പടിയായിരുന്നു എക്സ്പ്ലോറർ.

ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അടുത്ത വർഷം, 2022, ജൂൺ 15ന് അവസാനിപ്പിക്കുമെന്ന് ടെക് ഭീമൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സേവനം ആവസാനിപ്പിക്കുന്നു എന്ന് കേൾക്കുമ്പോൾ പലർക്കും അല്പം നൊസ്റ്റാൾജിയ ഉണ്ടാകുന്ന കാര്യമാണ്. എന്നാൽ ഇന്റർനെറ്റ് എക്സ്പ്ലോറർ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബ്രൌസറാണ് എന്നതാണ് സത്യം. കൂടുതൽ വിപുലമായ ബ്രൌസറുകൾ അവതരിപ്പിച്ചതിനുശേഷം ഈ ബ്രോസർ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജർ സീൻ ലിൻഡെർസെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞത് വിൻഡോസ് 10ലെ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ പിൻഗാമിയായി മൈക്രോസോഫ്റ്റ് എഡ്ജ് ഉണ്ടെന്നും ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ സേവനം അവസാനിപ്പിക്കുന്നുവെന്നും. 2022 ജൂൺ 15ന് വിൻഡോസ് 10നുള്ള സപ്പോർട്ട് അവസാനിപ്പിക്കുമെന്നുമാണ്.

വിൻഡോസ് 10ന്റെ ലോംഗ് ടേം സർവീസിംഗ് ചാനൽ (എൽടിഎസ്‌സി) അടുത്ത വർഷം മുഴുവൻ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഉൾപ്പെടുത്തുന്നത് തുടരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു, അതേസമയം ഉപഭോക്തൃ പതിപ്പുകൾ ബ്രൗസറിന്റെ സപ്പോർട്ട് അവസാനിപ്പിക്കും. ഭാവിയിലെ വിൻഡോസ് പതിപ്പ് ഐഇയുമായി വരുമോ ഇല്ലയോ എന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നില്ല, ഇന്റർനെറ്റ് എക്സ്പ്ലോറർ വിൻഡോസിനൊപ്പം ലഭിക്കുന്നത് 2022 ജൂൺ വരെ തുടരുമെന്നാണ് കരുതുന്നത്.

അടുത്ത വർഷത്തോടെ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സ്ഥാനം ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് എഡ്ജ് ഏറ്റെടുക്കും. എക്സ്പ്ലോററിൽ നിന്ന് എഡ്ജിലേക്ക് സുഗമമായ സ്വിച്ച് ചെയ്യാൻ മൈക്രോസോഫ്റ്റ് കുറച്ച് മാസങ്ങൾക്ക് മുമ്പ് എഡ്ജിനായി ഐഇ മോഡ് ക്രിയേറ്റ് ചെയ്തിരുന്നു. ഈ മോഡ് ബിസിനസ്സുകൾക്ക് സുഗമമായ ട്രാൻസിഷൻ നൽകുകയും പുതിയ ക്രോമിയം ബേസ്ഡ് ബ്രൌസറിലേക്ക് അഡോപ്റ്റ് ആവാൻ സഹായിക്കുകയും ചെയ്യുന്നു. 2029 വരെ എഡ്ജ് ബ്രൌസറിലെ ഐഇ മോഡ് ഉണ്ടായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

വിൻഡോസ് ക്ലയന്റ്, സെർവർ, ഐഒടി റിലീസുകളുടെ ലൈഫ് സൈക്കിൾ 2029 വരെ ഐഇ മോഡ് സപ്പോർട്ട് ചെയ്യുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഐഇ മോഡ് ഒഴിവാക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ ഇത് സംബന്ധിച്ച മുന്നറിപ്പ് നൽകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് ടീംസിന്റെ വെബ് അപ്ലിക്കേഷനായുള്ള ഇന്റർനെറ്റ് എക്സ്പ്ലോറർ 11 സപ്പോർട്ട് കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് ഇത് ഒഴിവാക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








