54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾക്ക് കൂടി ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുന്നു. ഐടി നിയമത്തിലെ സെക്ഷൻ 69(എ) അടിസ്ഥാനമാക്കിയാണ് ഈ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിക്കുന്നത്. ഐടി നിയമത്തിലെ അടിയന്തര വ്യവസ്ഥയ്ക്ക് കീഴിലുള്ള നിയമങ്ങൾ അനുസരിച്ചാണ് 54 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

നിരോധിച്ച ആപ്പുകൾ
ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ - സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, കാംകാർഡ് ഫോർ സെയിൽസ്ഫോഴ്‌സ്, ഐസോലൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരേന, ആപ്പ് ലോക്ക്, ഡ്യൂവൽ സ്പൈസ് ലൈറ്റ് തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഈ ആപ്പുകളെല്ലാം ഇന്ത്യയിൽ വലിയ തോതിൽഛ ഉപയോഗിക്കുന്നവയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെയും പല തവണയായി ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ടിക്ടോക്ക്, പബ്ജി തുടങ്ങിയ ജനപ്രിയ ആപ്പുകൾ പോലും സർക്കാർ നിരോധിച്ചിരുന്നു.

എംഎച്ച്എ പുറത്ത് വിട്ട ഒരു റിപ്പോർട്ട് അനുസരിച്ച് ഈ ആപ്പുകൾ ഒന്നുകിൽ ക്ലോൺ ചെയ്ത പതിപ്പാണ് അതല്ലെങ്കിൽ 2020-ൽ കേന്ദ്രം മുമ്പ് ബ്ലോക്ക് ചെയ്ത 267 ആപ്പുകളിൽ ആരോപിച്ചതുപോലെ സമാനമായ പ്രവർത്തനക്ഷമത, സ്വകാര്യത പ്രശ്നങ്ങൾ, സുരക്ഷാ ഭീഷണികൾ എന്നിവയുള്ളവയാണ് എന്ന് മന്ത്രാലയം അറിയിച്ചു. 2020 ജൂൺ 29ന് 59 ആപ്പുകൾ കേന്ദ്രം ബ്ലോക്ക് ചെയ്‌തു. പിന്നീട് 2020 ഓഗസ്റ്റ് 10ന് 47 അനുബന്ധ/ക്ലോണിംഗ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. അതിനുശേഷം, 2020 സെപ്റ്റംബർ 1ന് 118 ആപ്പുകളും നവംബർ 19ന് 43 ആപ്പുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തിരുന്നു.

ഇപ്പോൾ നിരോധിക്കാൻ ശുപാർശ ചെയ്തിരിക്കുന്ന 54 ആപ്പുകൾ വിവിധ നിർണായക പെർമിഷനുകൾ നേടുകയും സെൻസിറ്റീവായ ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നതായി ലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശേഖരിച്ച ഈ ലൈവ് ഡാറ്റ ദുരുപയോഗം ചെയ്യുകയും ശത്രു രാജ്യത്തുള്ള സെർവറുകളിലേക്ക് കൈമാറുകയും ചെയ്യുന്നുവെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമാധികാരത്തോടും അഖണ്ഡതയോടും ശത്രുത പുലർത്തുന്ന ഘടകങ്ങളുടെയും ദേശീയ സുരക്ഷയ്ക്ക് പ്രശ്നമായി വരുന്ന പ്രവർത്തനങ്ങളുടെയും ഭാഗമാണ് ഈ ആപ്പുകൾ എന്നും ഇവ വലിയതോതിൽ വ്യക്തിഗത വിവരങ്ങൾ ഖനനം ചെയ്യാനും സമാഹരിക്കാനും വിശകലനം ചെയ്യാനും പ്രൊഫൈൽ ചെയ്യാനും സാധിക്കുന്നവയാണ് എന്നും ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിരോധനത്തിനുള്ള പട്ടികയിൽ ഉള്ള 54 ചൈനീസ് ആപ്പുകളിൽ ചിലതിന് ക്യാമറ/മൈക്ക് വഴി ചാരവൃത്തിയും നിരീക്ഷണ പ്രവർത്തനങ്ങളും നടത്താനും ഫൈൻ ലൊക്കേഷൻ (ജിപിഎസ്) ആക്‌സസ് ചെയ്യാനും നേരത്തെ ബ്ലോക്ക് ചെയ്‌ത ആപ്പുകൾക്ക് സമാനമായ മാൽവെയർ നെറ്റ്‌വർക്ക് ആക്‌റ്റിവിറ്റി ചെയ്യാനും കഴിയും എന്നതാനും ഇവ ഗുരുതരമായ ആശങ്കകൾ ഉണ്ടാക്കുന്നവയാണ്. ഈ ആപ്പുകൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി ആരോപിക്കപ്പെടുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കും ഇന്ത്യയുടെ പ്രതിരോധത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ഐടി മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ വിശദീകരിക്കുന്നു.

ഇന്ത്യാ-ചൈനാ ബന്ധം വഷളായി തുടങ്ങിയതിന് ശേഷം ചൈനീസ് ആപ്പുകൾക്കും പ്രൊഡക്ടുകൾക്കും എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും അവ നിരോധിക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായിരുന്ന ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കും പബ്ജി മൊബൈൽ ഗെയിമുമെല്ലാം നിരോധിച്ചതിന് പിന്നുലും ഇത്തരം സാഹചര്യങ്ങൾ ആയിരുന്നു. ഇതിനെതിരെ രാജ്യത്തിന് അകത്ത് തന്നെ വലിയ വിമർശനങ്ങളും ഉണ്ടാകുന്നുണ്ട്.


Click it and Unblock the Notifications








