സബ്ക്രിപ്ഷൻ പ്ലാനുകളുടെ വില കുറച്ച് നെറ്റ്ഫ്ലിക്സ്, ഇനി 149 രൂപ മുതൽ സബ്ക്രിപ്ഷൻ
ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിലെ കണ്ടന്റുകൾ തന്നെയാണ് ഇതിനെ ജനപ്രിയ പ്ലാറ്റ്ഫോമായി നിലനിർത്തുന്നത്. വില കൂടുതലായതിനാൽ തന്നെ വലിയൊരു വിഭാഗം ആളുകൾ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നുമില്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനുകളുടെ വില കുറച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇനി വെറും 149 രൂപ മുതലുള്ള വിലയിൽ നെറ്റ്ഫ്ലിക്സ് സബ്ക്രിഷൻ നേടാനാകും. നേരത്തെ ഇത് 199 രൂപയായിരുന്നു.

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ബേസിക്ക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ മൂന്ന് തരം പ്ലാനുകളാണ് നൽകുന്നത്. ഇത് കൂടാതെ മൊബൈൽ പ്ലാനും രാജ്യത്ത് ലഭ്യമാണ്. നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ആരംഭിക്കുന്നത് 149 രൂപ മുതലാണ്. നേരത്തെ ഈ പ്ലാനിന്റെ വില 199 രൂപയായിരുന്നു. ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ നേരത്തെ 499 രൂപയ്ക്കായിരുന്നു ലഭ്യമാകിയുന്നത്. ഇനി മുതൽ ഈ പ്ലാൻ 199 രൂപയ്ക്ക് ലഭ്യമാകും. 250 രൂപയോളമാണ് നെറ്റ്ഫ്ലിക്സ് ഈ പ്ലാനിന് വില കുറച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാനിന്റെ വില ഇതുവരെ 649 രൂപയായിരുന്നു. ഇനി മുതൽ ഈ പ്ലാൻ നിങ്ങൾക്ക് വെറും 499 രൂപയ്ക്ക് നേടാനാകും. 150 രൂപയോളമാണ് ഈ പ്ലാനിന് കുറച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ ഇപ്പോൾ വെറും 649 രൂപയ്ക്ക് ലഭ്യമാണ്.നേരത്തെ ഈ പ്ലാനിന്റെ വില 799 രൂപയായിരുന്നു. ഈ പ്രീമിയം പ്ലാനിന് 150 രൂപയാണ് നെറ്റ്ഫ്ലിക്സ് കുറച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനുകളുടെ പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്ലാനുകളുടെ വില കുറച്ചതിന്റെ പിന്നിലെ കാരണം
നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുറച്ചതിനുള്ള പ്രധാന കാരണം അതിന്റെ ഉപയോക്തൃ അടിത്തറ വികസിപ്പിക്കാൻ വേണ്ടി തന്നെയാണ്. ഒടിട വിപണിയിൽ വലിയ മത്സരമാണ് ഇപ്പോൾ നടക്കുന്നത്, ആമസോൺ പ്രൈം വീഡിയോയും ഡിസ്നി + ഹോട്ട്‌സ്റ്റാറുമാണ് ഇന്ത്യയിലെ നെറ്റ്ഫ്ലിക്സിന്റെ പ്രധാന എതിരാളികൾ. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്‌സ്റ്റാർ എന്നിവയ്ക്ക് ഇന്ത്യയിൽ വലിയ ഉപയോക്തൃ അടിത്തറയുണ്ട്. ഹോട്ട്‌സ്റ്റാറും പ്രൈം വീഡിയോയും ധാരാളം ലോക്കൽ കണ്ടന്റുകളും നൽകുന്നുണ്ട്.

ആമസോൺ പ്രൈമിന്റെയും ഹോട്ട്‌സ്റ്റാറിന്റെയും സബ്‌സ്‌ക്രിപ്‌ഷൻ വില താരതമ്യം ചെയ്താൽ അവ വളരെ വില കുറഞ്ഞതാണ് എന്ന് വ്യക്തമാകും. ആമസോൺ പ്രൈം മെമ്പർഷിപ്പ് ആരംഭിക്കുന്നത് പ്രതിമാസം 129 രൂപ മുതലാണ്. ഒരു വർഷത്തേക്കുള്ള ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാനിന് 499 രൂപയാണ് വില. ഈ രണ്ട് പ്ലാനുകളും നെറ്റ്ഫ്ലിക്സിന്റെ പ്രതിമാസ പ്ലാനിനേക്കാൾ വളരെ വിലകുറഞ്ഞതാണ്. എന്നാൽ 149 രൂപയാക്കി തങ്ങളുടെ പ്ലാനിന്റെ നിരക്ക് കുറച്ചാൽ കൂടുതൽ ഉപയോക്താക്കളെ നേടാനാകുമെന്ന് നെറ്റ്ഫ്ലിക്സിന് പ്രതീക്ഷയുണ്ട്.

അടുത്ത കാലത്തായി നെറ്റ്ഫ്ലിക്സ് ജനപ്രിതി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം സിനിമകളും ഷോകളും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. അതേ സമയം, നെറ്റ്ഫ്ലിക്സ് ആഗോള കണ്ടന്റുകളുള്ള വിശാലമായ പ്ലാറ്റ്ഫോം കൂടിതാണ്. പുതിയ നെറ്റ്ഫ്ലിക്സ് ഗെയിമുകളും അതിന്റെ ജനപ്രിതി വർധിക്കാൻ കാരണമായിട്ടുണ്ട്. മറ്റെല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും വെല്ലുന്ന രീതിയിലാണ് നെറ്റ്ഫ്ലിക്സിന്റെ കണ്ടന്റുകൾ ഉള്ലത്. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത അത്രയും കണ്ടന്റുകൾ നെറ്റ്ഫ്ലിക്സിനുണ്ട്. പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം അടക്കമുള്ള പ്രാദേശിക കണ്ടന്റുകളും ധാരാളമായി കൊണ്ടുവരുന്നുണ്ട്.

ആമസോൺ പ്രൈം വീഡിയോയ്ക്ക് തിരിച്ചടി
ആമസോൺ പ്രൈം മെമ്പർഷിപ്പിന് വില വർധിപ്പിക്കുന്നതായി കമ്പനി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തന്നെയാണ് ആമസോണിന്റെ പുതുക്കിയ സബ്ക്രിപ്ഷൻ പ്ലാനുകൾ പ്രാബല്യത്തിൽ വരുന്നതും. 500 രൂപ വരെയാണ് ആമസോൺ വില വർധിപ്പിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെ തങ്ങളുടെ പ്ലാനുകൾക്ക് വില കുറച്ച് കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകർഷക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ ശ്രമം എന്ന് ഉറപ്പാണ്. ഇത് ആമസോൺ പ്രൈം വീഡിയോയ്ക്ക് തിരിച്ചടിയാകും.


Click it and Unblock the Notifications








