ഫ്ലിപ്പ്കാർട്ട് ഇനി വെറും 45 മിനിറ്റിൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് തരും
ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ 'ഫ്ലിപ്പ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്' ആരംഭിച്ചിരിക്കുകയാണ്. ഇത് വഴി വെറും 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യും. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനായിട്ടാണ് ക്വിക്ക് ഡെലിവറി സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി 90 മിനിറ്റിൽ നിന്ന് 45 മിനിറ്റായിട്ടാണ് ഫ്ലിപ്പ്കാർട്ട് ഡെലിവറി സമയം കുറച്ചിരിക്കുന്നത്. നിലവിൽ ബാംഗ്ലൂരിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിൽ ഇത് ലഭ്യമാകും. കേരളത്തിലെ നഗരങ്ങളിലും ഇത് വൈകാതെ ഇത് ലഭ്യമാകും.

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ഡൻസോ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ 15-20 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയത്താണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ നീക്കം. എന്നിരുന്നാലും, 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി ചെയ്യുക എന്നത് ചെയ്യാൻ ശ്രമിക്കാവുന്ന മോഡലല്ലെന്ന് ഫ്ലിപ്പ്കാർട്ട് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ക്വിക്ക് സർവീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ വളരെ കൃത്യമായി പറഞ്ഞ സമയത്ത് സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. ഇതുവഴി സുസ്ഥിരമായ ബിസിനസിന് അവസരമാണ് ഉണ്ടാക്കുന്നത്. എന്നിരുന്നാലും 45 മിനിറ്റും 90 മിനിറ്റും വേഗത്തിലുള്ള ഡെലിവറി സേവനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 90 മിനിറ്റ് ദൈർഘ്യമുള്ള ഡെലിവറി സേവനം നിലവിൽ 14 നഗരങ്ങളിൽ ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്ലിപ്പ്ർട്ട് പദ്ധതിയിടുന്നത്. 45 മിനിറ്റ് എന്നത് ഉത്പന്നങ്ങൾ ഡെലിവറി ചെയ്യുന്നതിന് വളരെ മാന്യമായ സമയം തന്നെയാണ്.

15-20 മിനിറ്റ് ഡെലിവറി എന്നത് ശരിയായ ദീർഘകാല ഉപഭോക്തൃ മോഡലാണെന്ന് താൻ കരുതുന്നില്ലെന്നും 30-45 മിനിറ്റിനുള്ളിൽ നല്ല മൂല്യവും തിരഞ്ഞെടുപ്പും നൽകുന്ന കൂടുതൽ സുസ്ഥിരമായ ബിസിനസ്സ് ആയിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും യഥാർത്ഥത്തിൽ വിപണിയിൽ ഇല്ലാത്ത ഉപഭോക്തൃ ആവശ്യം മനപൂർവ്വം ഉണ്ടാക്കുന്നതിന് പകരം ഞങ്ങൾ സൗകര്യപ്രദമായ ബിസിനസ്സിലേക്കാണ് ശ്രദ്ധിക്കുന്നത് എന്നും കൃഷ്ണമൂർത്തി പറഞ്ഞു. ഫ്ലിപ്പ്കാർട്ട് നിലവിൽ ഹൈദരാബാദിലും ബാംഗ്ലൂരിലും മാത്രം ലഭ്യമാക്കുന്ന ഫ്രഷ് വെജിറ്റബിൾ സേവനം അധികം താമസിയാതെ കൂടുതൽ നഗരങ്ങളിലേക്ക് ഫ്രൂട്ട് ഡോർ ഡെലിവറി സേവനം എന്ന നിലയിൽ വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് കഴിഞ്ഞ വർഷം ഫ്ലിപ്പ്കാർട്ട് ക്വിക്ക് ലോഞ്ച് ചെയ്തു. ഇതിന് കീഴിൽ പലചരക്ക്, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഡയറി, മാംസം, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ആക്‌സസറികൾ, സ്റ്റേഷനറി ഇനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 2000-ലധികം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് ഡെലിവറിക്കായി അടുത്ത 90 മിനിറ്റോ 2 മണിക്കൂറോ സ്ലോട്ട് ബുക്ക് ചെയ്യാം. രാവിലെ 6 മുതൽ അർദ്ധരാത്രി വരെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. ഈ സേവനത്തിനുള്ള കുറഞ്ഞ ഡെലിവറി ഫീസ് 29 രൂപയായിരുന്നു.

ഓൺലൈൻ ഗ്രോസറി ഡെലിവറി സ്ഥാപനമായ ഗ്രോഫേഴ്സ് കഴിഞ്ഞ വർഷം 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് ഡെലിവറി ആരംഭിച്ചു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയും കഴിഞ്ഞ വർഷം 15 മുതൽ 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ പലചരക്ക് ഡെലിവറി ചെയ്യുന്ന സംവിധാനം ആരംഭിച്ചിരുന്നു. സ്വിഗ്ഗി ആപ്പിന്റെ ഇൻസ്റ്റാമാർട്ട് വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യാം. ഇത് വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ വീട്ടിലെത്തും. ഫുഡ് ഡെലിവറി സംവിധാനമായതിനാൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ സ്വിഗ്ഗിക്ക് എളുപ്പവുമാണ്.


Click it and Unblock the Notifications