വൺപ്ലസ് പുറത്തിറക്കാനിരിക്കുന്ന ടിവിയുടെ പേര് പുറത്തുവിട്ടു
പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ വൺപ്ലസ് സ്മാർട്ട് ടിവി രംഗത്തേക്ക് പ്രവേശിക്കുന്നതാി കമ്പനി കോ ഫൌണ്ടറും സിഇഒ യുമായ പെറ്റെ ലി കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം തന്നെ തങ്ങളുടെ സ്മാർട്ട് ടിവി വിപണിയിലെത്തിക്കുമെന്ന വൺപ്ലസിൻറെ പ്രഖ്യാപനം ടിവിയുടെ പേരിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചു. ഒടുവിൽ തങ്ങളുടെ ടിവിയുടെ പേര് കമ്പനി തന്നെ പ്രഖ്യാപിച്ചു. വൺപ്ലസ് ടിവി എന്ന് തന്നെയാണ് കമ്പനി പേര് നൽകിയിരിക്കുന്നത്.

വൺപ്ലസ് ടിവി പുറത്തിറക്കുന്ന തിയ്യതിയോ ടിവിയുടെ സവിശേഷതകളോ വൺപ്ലസ് പുറത്തുവിട്ടിട്ടില്ല. ടിവിയുടെ പേരിനായി ചർച്ചകൾ നടത്തി പലർക്കും സമ്മാനങ്ങൾ നൽകിയതിനൊടുവിലാണ് വൺപ്ലസ് ടിവിയെന്ന പേര് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മൂല്യത്തെയും വീക്ഷണത്തെയും അഭിമാനത്തെയും ഉൾക്കൊള്ളുന്ന മറ്റൊരു പേര് ഇല്ലെന്നും അതിനാലാണ് ബ്രാൻറ് നൈയിമിൽ തന്നെ ടിവി പുറത്തിറക്കുന്നതെന്നും വൺപ്ലസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലോഗോയും പുറത്തുവിട്ടു
പേര് പുറത്തുവിടുന്നതിനൊപ്പം തന്നെ വൺപ്ലസ് ടിവിയുടെ ലോഗോയും പുറത്തുവിട്ടു. ലോഗോയിൽ ആദ്യകാഴ്ച്ചയിൽ കാണുന്നതിനേക്കാൾ കാര്യങ്ങൾ ഉള്ളടങ്ങിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ക്ലാസിക്ക് ജ്യോമെട്രിക്ക് പ്രൊഗ്രഷനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലോഗോ നിർമ്മിച്ചിരിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

വൺപ്ലസ് ടിവി എന്ന പേരിന് പിന്നിൽ
ലോഗോ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ലോഗോയ്ക്കും അക്ഷരങ്ങൾക്കും ഒരേ കനമാണെന്ന് മനസ്സിലാകും. ചേർച്ചയുടെ സൌന്ദര്യശാസ്ത്രം, ഏകത എന്നിവ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു രീതിയിൽ ലോഗോയും അക്ഷരങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു. വൺപ്ലസ് ടിവി എന്ന പേരിന് പിന്നിൽ ഫോൺ നിർമ്മാണത്തിലൂടെ കമ്പനി സൃഷ്ടിച്ചെടുത്ത ബ്രാൻറിനെ ടിവി മാർക്കറ്റിൽ ഉപയോഗിക്കുക എന്നൊരു ലക്ഷ്യവും കമ്പനിക്ക് ഉണ്ട്.

സ്മാർട്ട് ടിവികളുള്ള മാർക്കറ്റ്
ധാരാളം സ്മാർട്ട് ടിവികളുള്ള മാർക്കറ്റ് കണ്ടറിഞ്ഞാണ് വൺപ്ലസ് തങ്ങളുടെ സ്മാർട്ട് ടിവി പുറത്തിറക്കുന്നത്. 43 മുതൽ 75 ഇഞ്ച് വരെയുള്ള സ്മാർട്ട് ടിവികളാണ് കമ്പനി പുറത്തിറക്കുക. പേരിൽ തന്നെ വൺപ്ലസ് നിലനിർത്തി മാർക്കറ്റിൽ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമത്തിനൊപ്പം മറ്റ് സ്മാർട്ട് ടിവികളിൽ നിന്നും വ്യത്യസ്തമായ ഫീച്ചറുകളൊരുക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








