എല്ലാ ബാങ്ക് ഉപയോക്താക്കളും ശ്രദ്ധിക്കുക; ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും വ്യാപകമാകുന്നു
രാജ്യത്തും കേരളത്തിലും ഓൺലൈൻ തട്ടിപ്പുകൾ വ്യാപിക്കുന്നു. സംസ്ഥാനത്ത് അടുത്തിടെ നടന്ന തട്ടിപ്പിൽ അഞ്ച് പേരിൽ നിന്ന് 65 ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് തിരുവനന്തപുരം പട്ടം സ്വദേശിയെ തട്ടിപ്പിന് ഇരയാക്കിയതാണ്. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബാങ്കിന്റെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് ഇയാളുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാർ കവർന്നത്.
എസ്ബിഐ ഉപയോക്താവ് ആയിരുന്നു ഇദ്ദേഹം. തട്ടിപ്പുകാർ ഇദ്ദേഹത്തെ ലക്ഷ്യം വെച്ച് വ്യാജ എസ്ബിഐ വെബ്സൈറ്റ് നിർമ്മിച്ചു. പിന്നീട് ഇയാളെ ഈ വെബ്സൈറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ സൈറ്റ് സന്ദർശിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 2.18 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന് പുറമെ മറ്റ് നിരവധി തട്ടിപ്പുകളും തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം ഇത്തരത്തിൽ ബാങ്കിന്റെ വ്യാജ വെബ്സൈറ്റും ആപ്പുകളും നിർമ്മിച്ചുള്ള തട്ടിപ്പ് വലിയ രീതിയിൽ വർധിക്കുകയാണ്.

രാജ്യത്താകെമാനം ഇതിന് സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രധാനമായും വാട്സ്ആപ്പ്, ടെലിഗ്രാം മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ വഴിയാണ് തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്. വ്യാജ വെബ്സൈറ്റുകൾക്ക് പുറമെ വിവിധ ബാങ്കുകളുടെ ആപ്പുകളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പ് വഴി ഇവർ ഇരകളെ കണ്ടെത്തി ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കും. ശേഷം ഒരു ലിങ്ക് അയച്ച് അക്കൗണ്ട് സുരക്ഷിതമാക്കാൻ ലിങ്ക് സന്ദർശിക്കാനോ ലിങ്കിൽ ഉള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ആവിശ്യപ്പെടും
ഉപയോക്താക്കൾ ഇങ്ങനെ ചെയ്യുന്നതോടെ ഇവരുടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടുന്നതായിരിക്കും. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. യഥാർത്ഥ ബാങ്ക് ഉദ്യോഗസ്ഥർ ഇത്തരത്തിൽ വാട്സ്ആപ്പ് വഴിയോ സോഷ്യൽ മീഡിയ ആക്കൗണ്ടുകൾ വഴിയോ ഇത്തരം കാര്യങ്ങൾ ആവിശ്യപ്പെടില്ല. ബാങ്കിന്റെ ആപ്പുകൾ ആവിശ്യമായുള്ള ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസീയ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.

MOST READ: നൂറിൽ നൂറ് നേടാൻ ഹോണറിന്റെ 100 സീരീസ് ഫോണുകൾ എത്തി; ഏറ്റവും പുത്തൻ ചിപ്സെറ്റ് സഹിതം
മറ്റ് ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യുന്ന എപികെ ആപ്പുകളിൽ സൈബർ കുറ്റവാളികൾ ചില മാൽവെയറുകൾ ഇൻജെക്ട് ചെയ്തിട്ടുണ്ടാകും. ഇവ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കുന്നതാണ്. ഇതോടെ നിങ്ങൾ ബാങ്ക് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ യുസർനെയിം, പാസ്വേർഡ്, ഫോണിൽ വരുന്ന ഓടിപ് എന്നിവയെല്ലാം ഇവർക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇതുവഴിയാണ് ഇവർ നിങ്ങളുടെ അക്കൗണ്ട് കൊള്ളയടിക്കുക.
ഇതുപോലെ തന്നെയാണ് വ്യാജ വെബ്സൈറ്റുകൾ വഴിയും ഇവർ പ്രവർത്തിക്കുന്നത്. നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ വ്യാജമാണോ ഒറിജിനൽ ആണോ എന്ന് മനസിലാക്കാൻ ഇവയുടെ യുആർഎൽ പരിശോധിച്ചാൽ മതിയാകും. .com, .in തുടങ്ങിയവിൽ അവസാനിക്കുന്നവയായിരിക്കും യഥാർത്ഥ വെബ്സൈറ്റുകൾ മാത്രമല്ല യുആർഎല്ലിൽ നൽകിയിരിക്കുന്ന സ്പെല്ലിങ്ങുകളും ശരിയാണോ എന്നും പരിശോധിക്കേണ്ടതാണ്. ഇത്തരം നിസാര കാര്യങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്ക് വലിയ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്നതായിരിക്കും.
അതേ സമയം അബദ്ധ വശാൽ നിങ്ങൾ എന്തെങ്കിലും തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുക എന്നാതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഇവരെ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. വിവരം ഇവരെ അറിയിക്കാൻ വൈകുന്തോറും നിങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാനുള്ള സാധ്യത കുറയുകയാണ് എന്ന കാര്യം മനസിലാക്കണം.
1930 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഇതിന് പുറമെ www cybercrime gov in എന്ന സൈറ്റിലും നിങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുപോലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ നിരന്തരം ബോധവത്ക്കരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളോട് പരമാവധി ജാഗ്രത പുലർത്തുക എന്നതാണ് ഉപയോക്താക്കൾ ആദ്യം ചെയ്യേണ്ടത്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായി ഇരിക്കുക.


Click it and Unblock the Notifications








