ദീപാവലിയുടെ മറവിൽ വ്യാജ ഓഫറുകൾ വ്യാപകം; ഫ്ലിപ്പ്കാർട്ടിന്റെയും ആമസോണിന്റെയും ഒറിജിനൽ ഓഫർ എങ്ങനെ തിരിച്ചറിയാം
രാജ്യത്ത് മറ്റൊരു ഉത്സവ സീസൺ കൂടി എത്തിയിരിക്കുകയാണ്. ആഘോഷങ്ങൾക്ക് പുറമെ വിപണിയിൽ വലിയ രീതിയൽ ഉയർച്ച സംഭവിക്കുന്ന സമയങ്ങളിൽ ഒന്നാണ് ഇത്തരം ഉത്സവ സീസണുകൾ. എന്നാൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പലപ്പോഴും നമ്മൾ പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. പ്രത്യേകിച്ചും ദീപാവലി പോലുള്ള ഉത്സവ സീസണണുകളിൽ.
ഇതുപോലുള്ള വേളകളിൽ ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവർ പ്രത്യേകം ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ തങ്ങൾക്ക് ആവിശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള അവസരം കൂടിയാണ് ഇത്. എന്നാൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ നൽകുന്ന കിഴിവ് വിൽപനയുടെ മറവ് പറ്റി ധാരാളം സൈബർ തട്ടിപ്പുകാർ ഉപഭോക്താക്കളെ ചതിയിൽപ്പെടുത്തുന്ന കാര്യം നിങ്ങൾക്ക് അറിയാമോ?

ഇത്തരം ഔദ്യോഗിക പ്ലാറ്റ്ഫോമുകളുടെ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ച് ഇതിൽ വ്യാജ ഓഫറുകൾ വാഗ്ദാനം ചെയ്താണ് ഇത്തരം ഉത്സവ സീസണുകളിൽ സ്കാമർമാർ ഉപഭോക്താക്കളുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുന്നത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റുകളായി തോന്നുമെങ്കിലും ഇവ വ്യാജമാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്. വലിയ രീതിയിൽ ഫിഷിംഗ് ക്യാമ്പെയിനുകൾ നടത്തിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ഈ തട്ടിപ്പിലേക്ക് എത്തിക്കുന്നത്. ഇമെയിലുകളായും എസ്എംഎസുകളുമായാണ് ഈ ഫിഷിംഗ് സന്ദേശം ആളുകളിലേക്ക് എത്തുന്നത്.
ഇതിന്റെ വിശദമായ വിവരങ്ങൾ CloudSEK സ്‌ക്വാഡ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം അടുത്തിടെ ഫെയ്സ്ബുക്കിൽ നിന്ന് 828 ഓളം ഡൊമെയ്‌നുകൾ കണ്ടെത്തിയിരുന്നു. ഫിഷിംഗിനായി ഉപയോഗിക്കുന്ന ഡൊമെയ്‌നുകൾ ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെയ്സ്ബുക്കിലെ പരസ്യം പോലെയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ആകർഷകമായ ഓഫറുകൾ കാണുന്നതിനാൽ തന്നെ ഉപഭോക്താക്കൾ ഇതിൽ ക്ലിക്ക് ചെയ്യുന്നതായിരിക്കും. ഇവ കൊണ്ട് എത്തിക്കുന്നത് ആകട്ടെ പല വ്യാജ വെബ്സൈറ്റുകളിലും ആയിരിക്കും.

MOST READ: ഇന്ത്യ ഇനി അതിവേഗം പായും; 2026ഓടെ രാജ്യത്ത് പറക്കും ടാക്സികൾ എത്തും, സവിശേഷതകൾ നിരവധി
ഔദ്യോഗിക വെബ്സൈറ്റുകളോട് സാമ്യം ഉള്ളതിനാൽ തന്നെ പല ഉപഭോക്താക്കൾക്കും ഇത് വ്യാജ വെബ്സൈറ്റ് ആണെന്ന് തിരിച്ചറിയാൻ സാധിക്കാറും ഇല്ല. ഇവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ പേയ്മെന്റ് ചെയ്ത് നിരവധി പേരാണ് പലപ്പോഴും പറ്റിക്കപ്പെടുന്നത്. എല്ലാ ഉപഭോക്താക്കളും ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് CloudSEK-ലെ സൈബർ ഇന്റലിജൻസിന്റെ തലവനായ ഋഷിക ദേശായി പറഞ്ഞു. അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകൾ നിന്ന് നിങ്ങൾക്ക് രക്ഷപെടാമെന്നും വിദഗ്ദർ പറയുന്നു.
നിങ്ങൾ പ്രവേശിച്ചിരിക്കുന്ന വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് അറിയാനായി വെബ്സൈറ്റിന്റെ യുആർഎൽ ലിങ്ക് പരിശോധിച്ചാൽ മതിയാകും. യഥാർത്ഥ സൈറ്റുകളുടെ യുആർഎൽ .com എന്നതിൽ ആയിരിക്കും അവസാനിക്കുക. എന്നാൽ വ്യാജ സൈറ്റുകളിൽ ആകട്ടെ .xyz, .mob പോലുള്ള അക്ഷരങ്ങളിൽ ആയിരിക്കും അവസാനിക്കുക. ഇക്കാര്യം ശ്രദ്ധിച്ചാൽ നമ്മുക്ക് ഈ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാം. മാത്രമല്ല കമ്പനിയുടെ പേരിലോ ഉത്പന്നങ്ങളുടെ പേരിലോ അക്ഷരത്തെറ്റുകൾ കണ്ടാലും ഇവ വ്യാജ സൈറ്റുകൾ ആയിരിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഇത്തരം വെബ്സൈറ്റുകളിൽ നിന്ന് ഉടൻ തന്നെ പുറത്ത് വരാൻ ശ്രമിക്കുക. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളുടെ ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇവ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതും തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ഒരു മാർഗമാണ്. ഗൂഗിൾ നിന്ന് വെബ്സൈറ്റിൽ കയറുന്നതിലും സുരക്ഷിതമാണ് ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഇവ സന്ദർശിക്കുന്നത്.
അതേ സമയം ഔദ്യോഗിക ഫ്ലിപ്കാർട്ടിലും ആമസോണിലും ദീപാവലി ഓഫർ വിൽപന ഇപ്പോൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. നിരവധി ഉത്പന്നങ്ങളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും മികച്ച ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇവിടങ്ങളിൽ നിന്ന് നിങ്ങൾ ഉത്പന്നം വാങ്ങുമ്പോൾ ഇവ ഔദ്യോഗിക പ്ലാറ്റ്ഫോം ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.


Click it and Unblock the Notifications








