ഓൺലൈനിൽ പ്രണയിക്കുന്നവർ സൂക്ഷിക്കുക; വലിയ അപകടം നിങ്ങളുടെ പിന്നാലെയുണ്ട്
നിരവധി ചതികളും തട്ടിപ്പുകളും ഒളിഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് ഡിജിറ്റൽ ലോകം. നിരവധി പേര് പലതരത്തിൽ ഇവിടെ പറ്റിക്കപ്പെടുന്നുണ്ട്. ദിവസവും പല തരത്തിലുള്ള തട്ടിപ്പുകളാണ് ഡിജിറ്റൽ ലോകത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. സ്വിം സ്വാപ്പിങ്, ഡാറ്റ ചോർത്തൽ, ഒടിപി തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ് എന്നിവയെല്ലാം ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള മറ്റൊരു തട്ടിപ്പാണ് പ്രണയ തട്ടിപ്പുകൾ. നിരവധി ഓൺലൈൻ പ്രണയ തട്ടിപ്പുകൾ ഇതിനോടകം തന്നെ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇക്കൂട്ടത്തിൽ ഇപ്പോഴിതാ മറ്റൊരു പ്രണയ തട്ടിപ്പ്കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ. പൂനയെലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പതുവയസുകാരന്റെ പക്കൽ നിന്ന് 22 ലക്ഷം രൂപയാണ് ഇത്തരത്തിൽ പ്രണയം നടിച്ച് യുവതി തട്ടിയെടുത്തത്.

പൂനെ മിറർ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയതിന് ശേഷമാണ് യുവാവിനെ തന്റെ ഓൺലൈൻ കാമുകിയായ ഗായതി തട്ടിപ്പിന് ഇരയാക്കിയത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ പരിചയപ്പെട്ടത്. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. അൽപ നാളുകൾക്ക് ശേഷം തനിക്ക് വലിയ സാമ്പത്തിക പ്രശ്നം ഉണ്ടെന്ന് ഗായത്രി യുവാവിനോട് പറയുകയായിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച് യുവാവ് തന്റെ അക്കൗണ്ടിൽ നിന്ന് ഇവർക്ക് പണം കൈമാറി.
ഏകദേശം 22 ലക്ഷം രൂപ ഇയാൾ തന്റെ കാമുകിയ്ക്ക് നൽകി എന്നാണ് പൊലീസ് പറയുന്നത്. നാളുകൾ കഴിഞ്ഞ് പണം തിരികെ ചോദിച്ചതിനെ തുടർന്ന് യുവതി തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാൾ ഗായത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഇയാൾ ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഇയാൾ യുവതിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുകയാണ്.

അതേ സമയം ഇതിന് സമാനമായ സംഭവം അടുത്തിടെ ബാംഗ്ലൂരിലും റിപ്പോർട്ട് ചെയ്തിരുന്നു. ടിൻഡർ എന്ന ഡേറ്റിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് തന്റെ പക്കൽ നിന്ന് 4.5 ലക്ഷം തട്ടിയെടുത്തു എന്നാണ് 37കാരിയായ യുവതി ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു ഈ സംഭവം നടന്നത്. താൻ യുകെയിൽ ആണെന്ന് പറഞ്ഞാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്.
യുവതിയെ കാണാൻ ഇന്ത്യയിലേക്ക് വരുമെന്നും ആയതിനാൽ അൽപം പണം ആവിശ്യമാണെന്നും അറിയിച്ചാണ് യുവതിയുടെ പക്കൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തത്. കാമുകനെ കാണാനുള്ള ആകാംഷയിൽ ഇയാൾ ചോദിച്ച പണവും യുവതി ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് മെസേജ് ഒന്നും കാണാത്ത സാഹചര്യത്തിലാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഈ യുവതിയും പോലീസിന് പരാതി നൽകി.
അതേ സമയം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യുന്നത് ഇത്തരം വളരെക്കുറച്ച് സംഭവങ്ങൾ മാത്രമാണ്. ഓൺലൈൻ വഴി ഒരു ബന്ധം സ്ഥാപിക്കുമ്പോൾ ഉപഭോക്താക്കൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുക്ക് നേരിട്ട് പരിജയം ഇല്ലാത്തവരാണ് ഓൺലൈനിൽ ഭൂരിഭാഗം ആളുകളും. ആയതിനാൽ തന്നെ ഇവരുമായി സാമ്പത്തിക ഇടപാടുകളും മറ്റും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്.
കഴിവതും നേരിട്ട് പരിചയമുള്ള ആളുകളുമായി സോഷ്യൽ മീഡിയകളിൽ ചങ്ങാത്തം വെയ്ക്കുന്നതാണ് ബുദ്ധി. ഓൺലൈൻ വഴിയുള്ള ബന്ധങ്ങൾ പ്രണയത്തിലാകുമ്പോളും അൽപം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും തട്ടിപ്പുകാരല്ലെങ്കിലും ചെറിയ അളവിൽ ഇക്കൂട്ടത്തിൽ തട്ടിപ്പുകാരും സൈബർ കുറ്റവാളികളും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രത കൈവിടിയാതെ ഇരിക്കുക. ഓൺലൈൻ ബന്ധങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക.


Click it and Unblock the Notifications








