അമ്പമ്പോ അടിമുടി കിടിലം ഫീച്ചറുകൾ; ഓപ്പോ റെനോ 11 ജനുവരി ആദ്യവാരം ഇന്ത്യയിലെത്തും
പുതിയ വർഷത്തിന്റെ മോഡി കൂട്ടാൻ ഓപ്പോയും പുതിയ ഫോൺ ഇന്ത്യയിലെത്തിക്കും. ജനുവരി ആദ്യ വാരം തന്നെ ഓപ്പോയുടെ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നായ ഓപ്പോ റെനൊ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് സൂചന. ഓപ്പോ റെനോ 11, റെനോ 11 പ്രോ എന്നീ ഫോണുകളായിരിക്കും ഈ സീരീസിൽ ഓപ്പോ അവതരിപ്പിക്കുക.
പ്രമുഖ ടിപ്സ്റ്റർ ഇഷാൻ അഗർവാൾ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എക്സ് വഴിയായിരുന്നു ഇദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ഓപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉടൻ തന്നെ കമ്പനിയുടെ പ്രതികരണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ ഫോണുകൾ ഇതിനോടകം തന്നെ ചൈനീസ് വിപണിയിൽ ലഭ്യമാണ്. ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ഓപ്പോ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലിവിൽ ഈ ഫോണുകൾ അടുത്തയാഴ്ച മലേഷ്യൽ അവതരിപ്പിക്കാൻ ഓപ്പോ പദ്ധതി ഇട്ടിട്ടുണ്ട് ഇതേ തിയതിയിൽ തന്നെ ഓപ്പോ ഇന്ത്യയിലും ഈ ഫോണുകൾ അവതരിപ്പും എന്നാണ് ടിപ്സ്റ്റർ ഇഷാൻ അഗർവാൾ അവകാശപ്പെടുന്നത്. എന്നാൽ ചൈനയിൽ അവതരിപ്പിച്ച മോഡലിൽ നിന്ന് അൽപം വ്യത്യാസപ്പെടുത്തിയ മോഡലാണ് ഓപ്പോ മലേഷ്യൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീരീസിലെ സ്റ്റാന്റേർഡ് മോഡലാണ് ആണ് ഓപ്പോ അൽപം വ്യത്യാസപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം ചൈനയിൽ അവതരിപ്പിച്ച പ്രോ മോഡൽ തന്നെയായിരിക്കും മലേഷ്യയിലും അവതരിപ്പിക്കുന്നത്. രണ്ട് ഫോണുകളുടെയും ഫ്രണ്ട് ക്യാമറ 32 എംപിയാണ്. മികച്ച രീതിയിൽ വീഡിയോകോളുകൾ ചെയ്യാനും സെൽഫികൾ പകർത്താനും ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ഫോണിന്റെ സ്റ്റാന്റേർഡ് മോഡലിന് 67W ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് കമ്പനി നൽകിയിരിക്കുന്നത്. പ്രോ മോഡലിന് ആകട്ടെ 80W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഓപ്പോ നൽകിയിരിക്കുന്നു.

MOST READ: 2024 ആപ്പിൾ ഇങ്ങ് എടുക്കുവാ..; എഐ ഐഫോൺ മുതൽ ആപ്പിൾ ജിപിറ്റി വരെ അടുത്ത വർഷം പുറത്തിറങ്ങും
ചൈനയിൽ അവതരിപ്പിച്ച ഈ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 120Hz പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ 11ന് കമ്പനി നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8200 SoC ചിപ്സെറ്റും കമ്പനി ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നു. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ പ്രൈമറി ലെൻസ് 50 എംപിയാണ് സോണി LYT600ന്റെതാണ് ഈ ലെൻസ്.
ഇത് കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. 4,800 mAh ബാറ്ററിയും ഫോണിന്റെ കരുത്ത് വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഓപ്പോ റെനോ 11 പ്രോയുടെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. Snapdragon 8+ Gen 1 SoC ചിപ്സെറ്റും ഈ ഫോണിനായി ഓപ്പോ തയ്യാറാക്കിയിരിക്കുന്നു.
സോണി IMX890 തയ്യാറാക്കിയിരിക്കുന്ന 50 എംപി ക്യാമറയാണ് ഈ ഫോണിന്റെ പ്രൈമറി സെൻസർ. ഇതിന് പുറമെ മറ്റ് രണ്ട് ലെൻസും ഈ ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 4,700 mAh ബാറ്ററായാണ് ഓപ്പോ റെനോ 11 പ്രോയ്ക്കായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഈ രണ്ട് ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച ഓപ്പോ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നിരവധി ഫോണുകളാണ് ജനുവരിയിൽ പുറത്തിറങ്ങുന്നത്.
സാംസങ്ങിന്റെ എസ് 24 സീരീസ്, വൺപ്ലസിന്റെ 12 സീരീസ്, വിവോ എക്സ് 100 സീരീസ് തുടങ്ങി നിരവധി ഫോണുകൾ ആണ് 2024 ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്നത്. ഇതിൽ ടെക് ലോകം ഒന്നടങ്കും കാത്തിരിക്കുന്നത് സാംസങ് എസ് 24 അൾട്ര എന്ന മോഡലിന് വേണ്ടിയാണ്. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച എസ് 23 അൾട്രയുടെ പിൻഗാമി ആയിട്ടാണ് എസ് 24 അൾട്ര എത്തുന്നത്.


Click it and Unblock the Notifications








