പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്തു, ബിറ്റ്കോയിനെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റും ഷെയർ ചെയ്തു
ഇന്ന് പുലർച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ് കുറച്ച് സമയത്തിന് ശേഷം തന്നെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഹാക്ക് ചെയ്ത സമയം കൊണ്ട് ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ട്വീറ്റ് അക്കൌണ്ടിൽ നിന്നും ഷെയർ ചെയ്തിരുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. പ്രധാനമന്ത്രിയുടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ആഗോള തലത്തിൽ തന്നെ വലിയ വാർത്തയായിരിക്കുകയാണ്.

"പ്രധാനമന്ത്രിയുടെ @narendramodi എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലാണ് വളരെ ചുരുങ്ങിയ സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടു എന്ന തിരിച്ചറിഞ്ഞ ഉടനെ ഇതിനെതിരായ സുരക്ഷാ നടപടികൾ സ്വീകരിച്ചു. അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ചുരുങ്ങിയ സമയം കൊണ്ട് ഷെയർ ചെയ്യപ്പെട്ട ട്വീറ്റുുകൾ അവഗണിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചിട്ടുണ്ട്. ട്വീറ്ററിലൂടെ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദിയുടെ ടൈംലൈനിൽ ഷെയർ ചെയ്യപ്പെട്ട ട്വീറ്റ് ബിറ്റ്കോയിനുമായി ബന്ധുപ്പെട്ടതായിരുന്നു. "ഇന്ത്യ ഔദ്യോഗികമായി ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബിറ്റ്കോയിൻ വാങ്ങി, രാജ്യത്തെ എല്ലാ ജനങ്ങക്ഷൾക്കും ഇത് വിതരണം ചെയ്യുന്നു" എന്നതായിരുന്നു ഹാക്ക് ചെയ്ത സമയം കൊണ്ട് നരേന്ദ്ര മോദിയുടെ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഉണ്ടായിരുന്നത്. ഇത് വളരെ ഗൌരവമുള്ള സുരക്ഷാ വിഴ്ച്ചയായിട്ടാണ് ടെക് ലോകം കാണുന്നത്.

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ഹാക്കർമാർ ആരെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നും അതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2020 സെപ്റ്റംബറിലും ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. അന്ന് പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ചില ട്വീറ്റുകൾ അന്ന് പോസ്റ്റഅ ചെയ്യുകയും ചെയ്തിരുന്നു. narendramodi_in എന്ന ഹാൻഡിലാണ് കഴിഞ്ഞ വർഷം ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ ഒരു സീരീസിൽ "കോവിഡ് -19 നായുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും ഇതിനായി ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കാം എന്നുമാണ് ഉള്ളത്.

0xae073DB1e5752faFF169B1ede7E8E94bF7f80Be6 എന്നതിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടാണ് സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീററ് ചെയ്തത്. തുടർന്ന് മിനിറ്റുകൾക്ക് ശേഷം, ഈ അക്കൗണ്ട് ജോൺ വിക്ക് ഹാക്ക് ചെയ്‌തതാണ് ([email protected]), ഞങ്ങൾ പേടിഎം മാൾ ഹാക്ക് ചെയ്തിട്ടില്ല" എന്ന് മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റുകളും പിന്നീടെ പിൻവലിക്കുകയാണ് ഉണ്ടായത്. ഇത്തരം ഹാക്കുകൾ വളരെ പ്രധാനപ്പെട്ട അക്കൌണ്ടിലേക്ക് വരുമ്പോൾ അത് വലിയ പ്രശ്നം തന്നെയാണ്.

ട്വിറ്റർ സജീവമായി ഉപയോഗിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക അറിയിപ്പുകൾ പോലും അദ്ദേഹം ട്വിറ്റർ വഴി പുറത്ത് വിടാറുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നത് ഉണ്ടാക്കുന്ന സുരക്ഷാ വെല്ലുവിളി ചെറുതല്ല. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഇക്കാര്യത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്റർ സിഇഒ ആയിരുന്ന ജാക്ക് ഡോർസിയുടെ അക്കൌണ്ട് അദ്ദേഹം സിഇഒ സ്ഥാനത്ത് ഇരിക്കെ തന്നെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ട്വിറ്ററിന്റെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കകൾ ഉണ്ടാക്കുന്നു.


Click it and Unblock the Notifications