സുപ്രിംകോടതിയിൽ വാട്സ്ആപ്പ് പേയ്ക്കെതിരെ ആർബിഐ
ഇന്ത്യയിലെ ഉപയോക്താക്കളുടെ താല്പര്യം തിരിച്ചറിയാൻ വാട്ട്‌സ്ആപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം കഴിഞ്ഞ വർഷം രാജ്യത്ത് അവതരിപ്പിച്ചു. പിന്നീട് പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന് നിർബന്ധമാക്കിയ റിസർവ് ബാങ്കിൽ നിന്ന് വാട്സ്ആപ്പിന് നിയന്ത്രണങ്ങളുണ്ടായി. ഇതോടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മെസേജിംഗ് ആപ്ലിക്കേഷൻ ഇന്ത്യയുടെ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രമിച്ച് വരികയാണ്. ഇപ്പോൾ വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ ആരംഭിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് റിസർവ് ബാങ്ക് സുപ്രിം കോടതിയെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയുടെ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ വിന്യസിക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് സുപ്രിം കോടതിയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വാട്സ്ആപ്പ് സേവനം പൂർണ്ണമായി വിന്യസിക്കാൻ അനുവദിക്കരുതെന്ന് റീട്ടെയിൽ പേയ്മെൻറ് കൈകാര്യം ചെയ്യുന്ന നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യോട് നിർദ്ദേശിച്ചതായും റിസർവ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചു.

വാട്‌സ്ആപ്പിന്റെ ഡാറ്റാ ലോക്കലൈസേഷനുമായി ബന്ധപ്പെട്ട പരാതിയുടെ അവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാൻ ആർബിഐയോട് ആവശ്യപ്പെട്ട സുപ്രിം കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് റിസർവ് ബാങ്കിന്റെ പ്രസ്താവന. രാജ്യമെമ്പാടും സേവനം ലഭ്യമാക്കുന്നതിന് കമ്പനിക്ക് അനുമതി നൽകുന്നതിനുമുമ്പ് വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സേവനം ഇന്ത്യയുടെ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങളിൽ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് എൻപിസിഐയോട് ആവശ്യപ്പെട്ടു.

പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും എല്ലാ രൂപത്തിലും രാജ്യത്തിനകത്ത് വാട്‌സ്ആപ്പ് സംഭരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ 2019 നവംബർ 1 ന് എൻപിസിഐക്ക് അയച്ച കത്തിൽ ആർബിഐ പറയുന്നു. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ പൂർണമായി ആരംഭിക്കാൻ അനുവദിക്കില്ലെന്നും സെൻട്രൽ ബാങ്ക് എൻപിസിഐയോട് പറഞ്ഞിരുന്നു.

വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ (ക്ലയന്റ്) ലോഗുകൾ, ക്വയറി സ്ക്രീൻഷോട്ട് (ഉപഭോക്താവ് അപ്‌ലോഡ് ചെയ്തത്), 90 ദിവസത്തേക്ക് അതിന്റെ സപ്പോർട്ട് ടീം സൂക്ഷിക്കുന്ന ഉപഭോക്തൃ ഇമെയിൽ സന്ദേശം എന്നിവയിൽ പേയ്‌മെന്റ് ഡാറ്റയുടെ വിവരങ്ങളൊന്നും അടങ്ങിയിട്ടില്ലെന്നും പേയ്‌മെന്റ് ഇടപാട് ഡാറ്റാ ഘടകങ്ങളൊന്നും ഹാഷ് / ഡി-ഐഡൻറിഫൈഡ് / എൻക്രിപ്റ്റ്ഡ് ഫോമിൽ ഇന്ത്യക്ക് പുറത്തുള്ള സിസ്റ്റങ്ങളിൽ സംഭരിക്കുന്നില്ല എന്നും ഉറപ്പാക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള കത്താണ് ആർബിഐ എൻപിസിഐക്ക് അയച്ചിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്സ്ആപ്പ് പേ ഉടൻ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പേയ്മെൻറ് മേഖലയെ വാട്സ്ആപ്പിൻറെ ജനപ്രീതിയുടെ പിന്തുണയോടെമാറ്റിമറിക്കാൻ സാധിക്കുമെന്നാണ് വാട്സ്ആപ്പിൻറെ ഉടമസ്ഥരായ ഫെയ്സ്ബുക്ക് കരുതുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് സക്കർബർഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനാൽ ആർബിഐ (റിസർവ് ബാങ്ക്), എൻസിപിഐ (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) എന്നിവ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങൾക്ക് അനുസൃതമായി വാട്ട്‌സ്ആപ്പ് തങ്ങളുടെ പ്രവർത്തനങ്ങളെ മാറ്റുന്നുവെന്നാണ് കരുതേണ്ടത്..

നിലവിൽ, ആൽഫബെറ്റിന്റെ ഗൂഗിൾ പേ, അലിബാബ പിന്തുണയുള്ള പേടിഎം, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ, ആമസോൺ പേ എന്നിവയാണ് ഇന്ത്യൻ ഡിജിറ്റൽ പേയ്മെൻറ് രംഗത്തെ അടക്കി വാഴുന്നത്. വാട്‌സ്ആപ്പിന് ഇതിനകം തന്നെ ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, അതായത് യുപിഐയിൽ പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് പേ സേവനത്തിൽ ഉപയോക്താക്കളെ എത്തിക്കുന്നതിന് കമ്പനിക്ക് അധികം പണിപ്പെടേണ്ടി വരില്ലെന്ന് ഉറപ്പാണ്. വാട്സ്ആപ്പിൻറെ ജനപ്രീതി വാട്സ്ആപ്പ് പേയിലേക്കും ആളുകളെ എത്തിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications