ഈ വിലയിൽ 5ജി, 45W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ലഭിക്കുന്നത് ആദ്യമായി; റിയൽമി 12x 5ജിയുടെ വില പുറത്ത് വിട്ടു
ഏപ്രിൽ 2ന് ഇന്ത്യയിൽ ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആണ് റിയൽമി 12 എക്സ് 5ജി. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയിൽ ആയിരിക്കും ഈ ഫോൺ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് നേരത്തെ മുതൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ ഫോണിന്റെ വില എത്രയായിരിക്കും എന്ന വിവരം റിയൽമി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ ഇതാ ഫോണിന്റെ വില സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റിയൽമി. തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജ് വഴിയാണ് റിയൽമി തങ്ങളുടെ പുതിയ ഫോണിന്റെ വില വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇറങ്ങാനിരിക്കുന്ന റിയൽമി 12 എക്സ് 5ജിയ്ക്ക് 12,000 രൂപയിൽ താഴെ ആയിരിക്കും വില എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഫോണിന്റെ യഥാർത്ഥ വില പുറത്ത് വിട്ടിട്ടില്ലെങ്കിലും 12,000 രൂപയിൽ താഴെ ആയിരിക്കും വില എന്ന് റിയൽമി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒരു എൻട്രി ലെവൽ 5ജി ഫോൺ എന്ന നിലയ്ക്ക് ആയിരിക്കും റിയൽമി 12 എക്സ് 5ജി എത്തുന്നത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5ജി ഫോൺ ഈ സെഗ്മെന്റിൽ തന്നെ ആദ്യമാണ് എന്നാണ് റിയൽമി അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് റിയൽമിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനി തയ്യാറാകുന്നത്. ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 2ന് തന്നെ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് റിയൽമി നേരത്തെ അറിയിച്ചിരുന്നു. അതേ സമയം ഫോണിന്റെ പ്രധാന ഫിച്ചറുകൾ സുധാൻഷു ആമ്പ്രോസ് എന്ന ടിപ്സ്റ്റർ എക്സിൽ പങ്കുവെച്ചിരുന്നു. എന്തെല്ലാമാണ് ഈ ഫീച്ചറുകൾ എന്ന് വിശദമായി പരിശോധിക്കാം.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ 45W SuperVOOC ചാർജിങ് പിന്തുണയോടെയാണ് റിയൽമി 12 എക്സ് 5ജി എത്തുന്നത്. ഈ ഫോണിനായി 5000 mAh ബാറ്ററിയും റിയൽമി നൽകാൻ സാധ്യതയുണ്ട്. 30 മിനിറ്റിനുള്ളിൽ തന്നെ ബാറ്ററിയുടെ ചാർജ് പൂജ്യത്തിൽ നിന്ന് 50 ശതമാനമായി നിറയും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 6.67 ഇഞ്ച് വലുപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്.
120 Hz ആയിരിക്കും ഈ ഡിസ്പ്ലേയുടെ റീഫ്രഷ് റെയ്റ്റ്. ഈ ഡിസ്പ്ലേയ്ക്ക് മുകളിലായി ഒരു ഡൈനാമിക്ക് ബട്ടണും പ്രതീക്ഷിക്കുന്നുണ്ട്. MediaTek Dimensity 6100+ ചിപ്സെറ്റ് ആണ് റിയൽമി 12 എക്സ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 50 എംപിയുടെ ഡ്യുവൽ ക്യാമറ സംവിധാനവും നമ്മുക്ക് പ്രതീക്ഷിക്കാം.
8 എംപി ആയിരിക്കും ഫോണിന്റെ സെൽഫി ഷൂട്ടർ. ഡിസ്പ്ലേയുടെ മുകൾ ഭാഗത്ത് സ്ഥാനം പിടിച്ചിരിക്കുന്ന പഞ്ച് ഹോളിൽ ആയിരിക്കും ഈ സെൽഫി ക്യാമറ സ്ഥാനം പിടിക്കുക. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കാൻ സാധ്യത. ഫോണിന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് ഐപി 54 ആയിരിക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
അതേ സമയം പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി ആയിരിക്കും റിയൽമി 12 എക്സ് 5ജി വിൽപനയ്ക്ക് എത്തുക. ഏപ്രിൽ 2 ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന റിയൽമി 12 എക്സ് 5ജിയുടെ മൈക്രോ പേജ് സൂചിപ്പിക്കുന്നത്. ഫ്ലിപ്പ്കാർട്ടിന് പുറമെ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്റ്റോറുകൾ വഴിയും ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാം.


Click it and Unblock the Notifications








