പ്രവാസികൾക്ക് ഇനി വാട്സ്ആപ്പ് വഴി പണം അയയ്ക്കാം; പുതിയ മാറ്റത്തിന് ഒരുങ്ങി വാട്സ്ആപ്പ് യുപിഐ
കോടിക്കണക്കിന് ഉപയോക്താക്കളുടെ ഇഷ്ട മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. പത്ത് വർഷത്തിൽ ഏറെയായി ഇന്ത്യയിൽ വാട്സ്ആപ്പ് ജനപ്രിയമായിട്ട്. ഒരുപാട് ആളുകളുമായി ഗ്രൂപ്പ് ആയി ചാറ്റ് ചെയ്യാനും ഓരോരുത്തരോട് പ്രത്യേകം ചാറ്റ് ചെയ്യാനുമുള്ള ഫീച്ചറാണ് വാട്സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കിയത്. മറ്റ് ആപ്പുകൾക്കും ഈ ഫീച്ചർ ഉണ്ടെങ്കിലും ഇത് ആദ്യം കൊണ്ടുവന്നത് വാട്സ്ആപ്പാണ്.
നിലവിൽ ഇന്ത്യയിൽ മാത്രമല്ല ലോകത്താകെമാനമുള്ള കണക്ക് എടുത്താലും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് എന്ന പട്ടം വാട്സ്ആപ്പിന് തന്നെയായിരിക്കും സ്വന്തമാകുക. ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും പുറത്തിറക്കുന്നത്. ഇതിൽ കൂടുതൽ ഫീച്ചറുകളും ഉപയോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ ആയിരിക്കും. കഴിഞ്ഞ വർഷം മാത്രം ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പത്തോളം പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയത്.

ഈ വർഷവും ഇത്തരത്തിലുള്ള അപ്ഡേഷനുകൾ തുടരും എന്നാണ് സൂചന. അതേ സമയം വളരെ പെട്ടെന്ന് ആയിരുന്നു ഇന്ത്യയിൽ യുപിഐ ആപ്പുകൾ ജനപ്രിയമായത്. കൃത്യമായി പറഞ്ഞാൽ കോവിഡ് ലോക്ഡൗൺ സമയത്ത് ആണ് യുപിഐ ആപ്പുകൾ ആളുകൾ കൂടുതലായി ഉപയോഗിക്കാൻ ആരംഭിച്ചത്. ഇന്ന് ഗൂഗിൾ പേ, ഫോൺ പേ, ഭാരത് പേ, ഭീം പേ എന്ന് തുടങ്ങി നിരവധി യുപിഐ ആപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
യുപിഐ ആപ്പുകൾ ജനപ്രിയമായതോടെയാണ് വാട്സ്ആപ്പ് തങ്ങളുടെ യുപിഐ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഈ ഫീച്ചറിന്റെ സഹായത്താൽ വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് പണം അയയ്ക്കാൻ സാധിക്കുന്നതാണ്. ഒരു വർഷത്തിൽ അധികമായി വാട്സ്ആപ്പിൽ ഈ ഫീച്ചർ വന്നിട്ട്. നിരവധി ഉപയോക്താക്കൾ നിലവിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് ഈ ഫീച്ചറിൽ പുതിയ അപ്ഡേറ്റ് കൊണ്ടുവരാൻ ശ്രമിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: മോട്ടറോള എഡ്ജ്50 പ്രോ ഏപ്രിൽ മൂന്നിനെത്തും; ഫോണിന് മുമ്പ് ഫീച്ചറുകൾ എത്തി, എല്ലാം കിടിലം
ഇന്റർനാഷണൽ പേയ്മെന്റുകൾ നടത്താൻ സാധിക്കുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അസമ്പിൾ ഡിബഗ് എന്ന് എക്സ് (ട്വിറ്റർ) അക്കൗണ്ട് ആണ് ഈ വാർത്ത് പുറത്ത് വിട്ടത്. ഇതിന്റെ ഒരു സ്ക്രീൻ ഷോട്ടും ഇദ്ദേഹം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ഫീച്ചർ വാട്സ്ആപ്പിൽ എത്തിയാൽ ഇന്ത്യയ്ക്കാർക്ക് കൂടുതൽ ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത് പ്രത്യേകിച്ച് മലയാളികൾക്ക്.
കാരണം ഇന്ന് യുറോപ്, കാനഡ, ആസ്ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെല്ലാം നിരവധി മലയാളികളാണ് ജോലിക്കായും പഠനത്തിനായും സ്ഥിര താമസത്തിനായും എല്ലാം പോയിരിക്കുന്നത്. നിലവിൽ ഇവർക്ക് നാട്ടിലേക്ക് പണം അയയ്ക്കാനോ നാട്ടിൽ നിന്ന് ഇവർക്ക് പണം അയയ്ക്കാനോ നിരവധി കടമ്പകൾ ഉണ്ട്. എന്നാൽ വാട്സ്ആപ്പ് എന്നത് എല്ലാവരും ഉപയോഗിക്കുന്ന ആപ്പാണ്. വാട്സ്ആപ്പിൽ ഈ ഫീച്ചർ എത്തുന്നതോടെ വളരെ എളുപ്പത്തിൽ അന്താരാഷ്ട്ര പണമിടപാടുകൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് മാസം വരെയുള്ള പെയ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനിൽ ഉണ്ടാകും എന്നാണ് സൂചന. നിലവിൽ ഫോൺ പേ, ഗൂഗിൾ പേ പോലുള്ള ആപ്പുകളിൽ ഇതിനായുള്ള ഫീച്ചർ ഇതിനോടകം തന്നെയുണ്ട്. എന്നാൽ വാട്സ്ആപ്പ് എന്നത് ആഗോള തലത്തിൽ ഉപയോഗിക്കുന്ന ആപ്പാണ് ഇതിൽ ഈ ഫീച്ചർ വരുന്നത് വഴി കോടി കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകും എന്നാണ് കരുതുന്നത്. അടുത്തിടെ നിരവധി മാറ്റങ്ങളും വാട്സ്ആപ്പ് നടത്തിയിരുന്നു.
മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഏറ്റവും ഒടുവിൽ വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇതിന് പുറമെ തിയതി പ്രകാരം മെസേജുകൾ തിരയാൻ സാധിക്കുന്ന തരത്തിൽ ഒരു മാറ്റവും ഇതിനോടൊപ്പം തന്നെ വാട്സ്ആപ്പ് പരിചയപ്പെടുത്തിയിരുന്നു. അതേ സമയം 2020 മുതലാണ് ഇന്ത്യയിൽ യുപിഐ ആപ്പുകൾ ജനപ്രിയമായത്. 140-ൽ അധികം ബാങ്കുകളുടെ പിന്തുണയോടെയാണ് ഇന്ത്യയിലെ യുപിഐ ആപ്പുകൾ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications








