ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ മുൻനിര ടെലികോം ബ്രാൻഡായ റിലയൻസ് ജിയോ എല്ലാ വില നിലവാരത്തിലും മികച്ച ഓഫറുകൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ദിവസവുമുള്ള അവരുടെ ഡാറ്റ ഉപഭോഗം അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാനായി വിവിധ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് ജിയോ പ്രീപെയ്ഡ് റീചാർജ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം സ്ട്രീമിങ് സേവനങ്ങളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും കമ്പനി നൽകുന്നുണ്ട്.

സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന നിരവധി പുതിയ പ്ലാനുകൾ കമ്പനി അടുത്തിടെ അവതരിപ്പിച്ചു. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും വിനോദത്തിനായി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതും വർധിച്ച് വരുന്നതിനാൽ തന്നെ ഡാറ്റ ഉപഭോഗവും വൻതോതിൽ വർധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ദിവസവും 2ജിബി ഡാറ്റ പോലും പലർക്കും തികയാതെ വരുന്നു. അതിനാൽ തന്നെ ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന ചില പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

401 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെലുമായി മത്സരിക്കുന്നതിനായി റിലയൻസ് ജിയോ അടുത്തിടെ 401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഒരേ വില നിലവാരത്തിലുള്ള പ്ലാനുകൾ ആണെങ്കിലും എയർടെലിന്റെ പ്ലാനിനെക്കാൾ വില കൂടുതാണ് ജിയോയുടെ പ്ലാനിന്. ജിയോ പ്ലാൻ പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും അതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും നൽകുന്നു. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

401 രൂപ പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇതിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൌജന്യ നൽകുന്നു എന്നതാണ്. 401 രൂപ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതേ വിലയിലുള്ള എയർടെൽ പ്ലാനും ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുവെങ്കിലും ജിയോ നൽകുന്നതുപോലുള്ള ഡാറ്റ ആനുകൂല്യം നൽകുന്നില്ല. എയർടെൽ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3 ജിബി ഡാറ്റയാണ് നൽകുന്നത്.

999 രൂപ പ്ലാൻ
മൂന്ന് മാസം വാലിഡിറ്റിയുള്ള പ്ലാനുകളുടെ വിഭാഗത്തിലും ജിയോയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ ഉണ്ട്. 999 രൂപയാണ് ഈ പ്ലാനിന്റെ വില. ദിവസവും 3 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനുപുറമെ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കിലേക്ക് 3000 മിനിറ്റ് കോളുകളുമാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കുന്നു.

349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ജിയോയുടെ ദിവസവും 3ജിബി ഡാറ്റ ലഭിക്കുന്ന ആദ്യത്തെ പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കായി 84 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 1000 മിനിറ്റ് കോളുകളും ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്.


Click it and Unblock the Notifications








