ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 730 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ
റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ എന്നീ ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരെല്ലാം തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. അടിക്കടിയുള്ള റീചാർജുകൾ ഒഴിവാക്കാൻ വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്കായ ഈ ടെലിക്കോം കമ്പനികളെല്ലാം മികച്ച പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ദീർഘകാല പ്ലാനുകളിലൂടെ ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കുന്നതിനൊപ്പം ഇവ സാമ്പത്തിക ലാഭവുമാണ്.

കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് എയർടെല്ലും റിലയൻസ് ജിയോയും പുതിയ വാർഷിക പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതേസമയം വോഡഫോൺ നേരത്തെയുള്ള വാർഷിക പ്ലാനുകളിൽ മാറ്റങ്ങളൊന്നും വരുത്താതെ അത് തന്നെ തുടരുകയാണ്. ഈ വാർഷിക പ്ലാനുകളൊല്ലം ദിവസേനയുള്ള ഡാറ്റ ആനുകൂല്യത്തോടൊപ്പം കോളിംഗ് ആനുകൂല്യങ്ങളും സൌജന്യ എസ്എംഎസുകളും ചില ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

എയർടെൽ
ജിയോ പുതിയ വാർഷിക പ്ലാൻ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം എയർടെല്ലും പുതിയ പ്ലാൻ പ്രഖ്യാപിച്ചു. എയർടെല്ലിന്റെ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വില 2498 രൂപയാണ്. പ്രതിദിനം 2 ജിബി ഇന്റർനെറ്റ് ഡാറ്റ, 100 എസ്എംഎസ്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് എന്നിവയുമായാണ് 2,498 പ്ലാൻ വരുന്നത്. 365 ദിവസത്തേക്ക് ഈ പ്ലാനിന്റെ വാലിഡിറ്റി.

കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾക്ക് പുറമെ, ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും എയർടെല്ലിന്റെ പുതിയ വാർഷിക പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ പ്രീപെയ്ഡ് പ്ലാനിനേക്കാൾ അൽപ്പം വില കൂടിയതാണ് എയർടെല്ലിന്റെ പ്ലാൻ എങ്കിലും ജിയോ പ്ലാനിലൂടെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ സാധിക്കില്ല. എയർടെല്ലിൽ ഇത് സാധിക്കും. ഈ വാർഷിക പ്ലാൻ മൊത്തം കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് നൽകുന്നത്.

റിലയൻസ് ജിയോ
2399 രൂപ, 2599 രൂപ എന്നിങ്ങനെ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. 2399 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയുടെ 2399 പ്രീപെയ്ഡ് പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം കാലയളവിലേക്കുമായി പ്ലാൻ 730 ജിബി ഡാറ്റയാണ് നൽകുന്നത്.

2599 രൂപ വിലവരുന്ന മറ്റൊരു വാർഷിക പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ നൽകുന്നു. അധികമായി 10 ജിബി ഡാറ്റയും ഇതിലൂടെ ലഭിക്കും. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും പ്ലാനിലൂടെ അധിക ആനുകൂല്യമായി ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലുമായി 740 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

വോഡഫോൺ
വോഡഫോൺ പുതുതായി വാർഷിക പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള പ്ലാൻ 2399 രൂപയുടേതാണ്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 2399 പ്രീപെയ്ഡ് പ്ലാനിലൂടെ 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ, 999 രൂപ വിലമതിക്കുന്ന ZEE5 എന്നിവയുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും.


Click it and Unblock the Notifications