മികച്ച വാർഷിക പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ജിയോ മറ്റ് കമ്പനികൾക്ക് പിന്നിൽ
റിലയൻസ് ജിയോ 2018 ൽ ആദ്യമായി 1,699 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതോടെയാണ് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഒരു ട്രെൻഡായി മാറിയത്. ജിയോയുടെ ചുവടുപിടിച്ച് മറ്റ് സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയും ബിഎസ്എൻഎല്ലും ഇത്തരം പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങിയത്.

റിലയൻസ് ജിയോ കുറച്ചുകാലമായി അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വാർഷിക പ്ലാനുകളിലും കുറച്ച് മാസങ്ങൾക്ക് മുമ്പ് ചില മാറ്റങ്ങൾ വരുത്തി. 336 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയുമുള്ള 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നതിനൊപ്പം ഉണ്ടായിരുന്ന വാർഷിക പ്ലാനിന്റെ വാലിഡിറ്റിയും 336 ദിവസമാക്കി കുറച്ചു.

ബിഎസ്‌എൻഎൽ ദിവസവം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 1,999 രൂപയുടെ വാർഷിക പ്ലാൻ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചതോടെ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 2,398 രൂപയുടെയും 2,399 രൂപയുടെയും വാർഷിക പ്ലാനുകൾ വിപണിയിൽ എത്തിച്ചു. എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവയുടെ വാർഷിക പ്ലാനുകൾ കൃത്യം ഒരുവർഷം വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ്.

മേൽപ്പറഞ്ഞ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ റിലയൻസ് ജിയോയുടെ 2,121 രൂപ പ്ലാനിൽ ചൂണ്ടിക്കാണിക്കാവുന്ന രണ്ട് പ്രധാന കുറവുകൾ അവ 336 ദിവസം മാത്രമേ വാലിഡിറ്റി നൽകുന്നുള്ളു എന്നതും മറ്റ് നെറ്റ്വർക്കിലേക്കുള്ള വോയ്‌സ് കോളിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതുമാണ്. ജിയോയുടെ എല്ലാ പ്ലാനുകളിലും പരിമിതമായ കോളുകൾ മാത്രമേ മറ്റ് നെറ്റ്വർക്കിലേക്ക് സൌജന്യമായി വിളിക്കാൻ സാധിക്കുകയുള്ളു.

ജിയോയുടെ 2,121 രൂപ ദീർഘകാല പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 504 ജിബി ഡാറ്റ ലഭിക്കുന്നു. ജിയോ ടു ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് 12000 മിനുറ്റ് സൌജന്യ കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ നൽകുന്നു. 336 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ പ്രതിദിന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് ലഭിക്കും. ഈ പ്ലാൻ ജിയോസിനിമാ, ജിയോ ടിവി മുതലായവയിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎല്ലിന്റെ 1,699 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി അടുത്തിടെ 300 ദിവസമായി കുറച്ചു. ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനായി ലഭ്യമായിട്ടുള്ളത് 1,999 രൂപയുടെ പ്ലാൻ മാത്രമാണ്. ദിവസവും 3 ജിബി ഡാറ്റ, പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ, 100 എസ്എംഎസുകൾ, ആദ്യ 60 ദിവസത്തേക്ക് ബിഎസ്‌എൻഎൽ ടിവി, ബിഎസ്‌എൻഎൽ ട്യൂൺസ് എന്നിവയിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ പ്ലാൻ നൽകുന്നു.

ഭാരതി എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും 2,398 രൂപയുടെയും 2,399 രൂപയുടെയും വാർഷിക പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും 365 ദിവസത്തേക്ക് 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

ജിയോ വാർഷിക പ്ലാനുകളിൽ നൽകുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനകൾക്ക് പിന്നിലാണ്. ജിയോയുടെ 2,121 രൂപ പ്രീപെയ്ഡ് പ്ലാൻ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള വാർഷിക പ്ലാനുകളേക്കാൾ വില കുറഞ്ഞ പ്ലാൻ ആണെങ്കിലും ഇത് വെറും 336 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അതായത് 365 ദിവസത്തേക്ക് സേവനങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ ഒരുമാസത്തെ മറ്റൊരു പ്ലാൻ കൂടി റീചാർജ് ചെയ്യേണ്ടി വരും.

മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾ എയർടെലും വോഡഫോൺ ഐഡിയയും സൌജന്യമായി നൽകുമ്പോൾ 2,121 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ റിലയൻസ് ജിയോ വെറും 12,000 മിനുറ്റ് കോളുകൾ മാത്രമാണ് മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി നൽകുന്നത്. ഇത് കഴിഞ്ഞാൽ ഐയുസി നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും. അല്ലാത്ത പക്ഷം ഉപയോക്താക്കൾക്ക് മറ്റൊരു ഐയുസി ടോപ്പ് അപ്പ് ചെയ്യേണ്ടി വരും.

ഏറ്റവും കൂടുതൽ പ്രതിദിന ഡാറ്റ നൽകുന്ന വാർഷിക പ്ലാൻ ബിഎസ്എൻഎല്ലിന്റെ 1,999 രൂപ പ്ലാനാണ്. പക്ഷേ കോളുകളുടെ പരിധി ദിവസവും 250 മിനുറ്റ് മാത്രമാക്കി കമ്പനി ചുരുക്കിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന് ഇന്ത്യയിൽ എല്ലായിടത്തും 4 ജി സേവനങ്ങൾ ഇല്ല എന്നതും തിരിച്ചടിയാണ്. ധാരാളം കോളുകൾ വിളിക്കുന്ന ആളുകൾക്ക് എയർടെൽ വോഡഫോൺ ഐഡിയ എന്നിവയുടെ വാർഷിക പ്ലാനുകൾ ചോയിസുകളാണ്.


Click it and Unblock the Notifications