5ജിയിലേക്ക് കുതിക്കാനൊരുങ്ങി ജിയോ, ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നുവോ?
ഇന്ത്യയിലെ മൊബൈൽ ഡാറ്റ ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. 5ജി നെറ്റ്‌വർക്കിന്റെ വിപുലമായ വിന്യാസത്തിന് തയ്യാറാണെന്ന് റിലയൻസ് ജിയോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എയർടെൽ ഹൈദരാബാദിൽ 5ജി ലൈവ് സേവനങ്ങൾ പ്രദർശിപ്പിച്ച് രണ്ട് മാസത്തിന് ശേഷമാണ് ജിയോയുടെ പ്രഖ്യാപനം. 2021 ന്റെ രണ്ടാം പകുതിയിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ ജിയോയ്ക്ക് മുംബൈയിൽ 5ജി ടവറുകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

റിലയൻസ് ജിയോയുടെ 5ജി
"5 ജി വ്യാപകമായി വിന്യസിക്കാൻ ഇന്ത്യ തയ്യാറാണ്, ജിയോ തയ്യാറാണ്, ഡിജിറ്റൽ പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രയാണം നമുക്ക് ആരംഭിക്കാം. 5ജി ഇക്കോസിസ്റ്റം നമ്മുടെ നിത്യജീവിതം തന്നെ മാറ്റി മറിക്കുന്നു" എന്നാണ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്. ജിയോ 5ജി 250 രൂപയ്ക്ക് 1 ജിബി ഡാറ്റയാണ് നൽകുകയെന്നും ഇത് വളരെ കുറഞ്ഞ വിലയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനികൾ 5ജിയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോഴും 5ജി നെറ്റ്‌വർക്കിന്റെ പരീക്ഷണം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ടെലികോം വ്യവസായത്തിലെ നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് സർക്കാർ. പോളിസിയിലെ ഈ അപ്‌ഡേറ്റുകളിലൂടെ 5ജി സേവനങ്ങൾ രാജ്യത്ത് കൊണ്ടുവരാനും പരീക്ഷിക്കാനും ഓപ്പറേറ്റർമാരെ സഹായിക്കും. 5ജി എന്നത് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അതിവേഗ നെറ്റ്‌വർക്ക് നൽകുന്ന സേവനമാണ്. 4ജി നെറ്റ്‌വർക്കിനേക്കാൾ 100 മടങ്ങ് വേഗതയാണ് 5ജി സേവനങ്ങൾ നൽകുന്നത്. ഇതിന് 10 മൈക്രോസെക്കൻഡിൽ ഡാറ്റ കൈമാറാനും കഴിയും.

നിരവധി രാജ്യങ്ങൾ ഇതിനകം 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പല രാജ്യങ്ങളും 5ജി പരീക്ഷണങ്ങൾ ആരംഭിക്കുകയും ഉടൻ തന്നെ നെറ്റ്‌വർക്ക് ലഭ്യമാക്കുകും ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ട്രയൽ ഉടൻ ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ജിയോ ഉടനെ 5ജി ട്രയൽ ആരംഭിക്കും.

രാജ്യത്ത് 5ജി സേവനങ്ങൾ വ്യാപകമായി വിന്യസിക്കാൻ റിലയൻസ് ജിയോ തയ്യാറാണ്. ഇതിനകം തന്നെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുചെയ്‌തതിനാൽ ജിയോയ്ക്ക് എപ്പോൾ വേണമെങ്കിലും 5ജി സേവനങ്ങൾ നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ സ്പെക്ട്രം ലേലത്തിൽ ജിയോ സ്പെക്ട്രത്തിന്റെ 50 ശതമാനം വാങ്ങിയിരുന്നു. 57,122.65 കോടി രൂപയാണ് ഇതിനായി ജിയോ ചിലവഴിച്ചത്. ലേലത്തിൽ 488.35 മെഗാഹെർട്സ് സ്‌പെക്ട്രമാണ് കമ്പനി സ്വന്തമാക്കിയത്. എയർടെൽ 18,698.75 കോടി രൂപയ്ക്ക് 355.45 മെഗാഹെർട്സ് സ്‌പെക്ട്രം സ്വന്തമാക്കിയിരുന്നു.

വിഐ (വോഡഫോൺ ഐഡിയ) 1,993.40 കോടി രൂപ ചിലവഴിച്ച് 11.80 മെഗാഹെർട്‌സ് എയർവേവാണ് കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്. ഈ ലേലത്തിലൂടെ സ്പെക്ട്രം ടെലികോം ഓപ്പറേറ്റർമാർക്ക് 20 വർഷത്തേക്കാണ് നൽകുന്നത്. ഇതിന് മുമ്പ് ഇതുപോലൊരു ലേലം നടന്നത് അഞ്ച് വർഷത്തിന് ശേഷമാണ്. ഈ വർഷം നടന്നത് ചെറിയ ലേലമാണ്. ഈ ലേലത്തിലൂടെയുള്ള സ്പെക്ട്രം 5ജി സേവനങ്ങൾ ആരംഭിക്കാൻ ജിയോയെ സഹായിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








