റിലയൻസ് ജിയോയ്ക്ക് വൻ നേട്ടം, ലാഭം 44.9 ശതമാനം വർധനയോടെ 3,651 കോടി രൂപയിൽ എത്തി
റിലയൻസ് ജിയോ എല്ലാ നിലയിലും ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയാണ്. മികച്ച വേഗതയുള്ള ഇന്റർനെറ്റ്, ഏറ്റവും കൂടുതൽ വരിക്കാർ തുടങ്ങിയ കാര്യങ്ങളിൽ മുൻപന്തിയിൽ തുടരുന്ന ടെലിക്കോം കമ്പനി 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഉണ്ടാക്കിയത് വൻ ലാഭം. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ലാഭത്തിൽ 44.9 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ റിലയൻസ് ജിയോയുടെ അറ്റാദായം 3,651 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തിനറെ അവസാന പാദത്തിൽ ഇത് 3,510 കോടി രൂപയായിരുന്നു.

ജിയോ അതിന്റെ മൊത്തം വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനവും വർധിപ്പിച്ചിട്ടുണ്ട്. എപിആർയു 138.4 രൂപയായിട്ടാണ് വർധിച്ചിരിക്കുന്നത്. ഇതിന് മുമ്പുള്ള പാദത്തിൽ 138.2 രൂപയായിരുന്നു എപിആർയു. കൂടാതെ, വരുമാനം 18,952 കോടി രൂപയായി വർധിച്ചു. നാലാം പാദത്തിൽ (ജനുവരി-മാർച്ച് പാദത്തിൽ) 18,278 കോടി രൂപയായിരുന്നു വരുമാനം.
വ്യവസായത്തെ നയിക്കുന്ന തന്ത്രങ്ങളുമായി ജിയോ മറ്റൊരു റെക്കോർഡ് ത്രൈമാസ പെർഫോമൻസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ പാദത്തിൽ കൂടുതൽ വളർച്ച നേടിയ ജിയോയുടെ വിശ്വസ്തരായ വരിക്കാരുടെ കുടുംബത്തോട് നന്ദി പറയുന്നുവെന്നും ഡിജിറ്റൽ കണക്റ്റിവിറ്റിയും സേവനങ്ങളും നൽകുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സേവന ദാതാവെന്ന സ്ഥാനം ഇത് ഉറപ്പിക്കുന്നുവെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ഡി അംബാനി വ്യക്തമാക്കി.
2019ലാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡ് സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ജിയോ ടെലികോം സേവനങ്ങൾ 440.6 ദശലക്ഷം ഉപയോക്താക്കളെയാണ് നേടിയത്.
4ജി ഫീച്ചർ ഫോണിന് ജിയോ നൽകിയ വലിയ ഓഫറുകളുടെ പ്രതിഫലനമാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വളർച്ച. റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട എങ്കിലും വരുമാനം ഇതിന് സമാനമായ വലിയ വളർച്ച നേടിയിട്ടില്ല. ജിയോഫോൺ ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്ന പ്രതിശീർഷ വരുമാനത്തിലെ കുറവാണ് ഇതിന് കാരണം എന്ന് യുഎസ് ഇക്വിറ്റി റിസർച്ച് സ്ഥാപനമായ വില്യം ഓ നീൽ ആൻഡ് കോയുടെ ഇന്ത്യൻ യൂണിറ്റ് മേധാവി മയുറേഷ് ജോഷി നിരീക്ഷിച്ചു.
റിലയൻസ് ജിയോ വോഡഫോൺ-ഐഡിയ 2ജി ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കുകയാണ് എന്നും ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്ലുമായി മത്സരിക്കുകയാണെന്നും ജോഷി കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 13.2 ജിബി ആയിരുന്ന ഉപയോക്താക്കളുടെ വയർലെസ് ഡാറ്റ ഉപഭോഗം 15.6 ജിബിയായി ഉയർത്തിയതായി റിലയൻസ് ജിയോ വ്യക്തമാക്കി.
ഉപയോക്താക്കളുടെ ശരാശരി വോയിസ് കോൾ ഉപഭോഗം 823 മിനിറ്റിൽ നിന്ന് ഒരു ഉപയോക്താവിന് 818 മിനിറ്റായി കുറഞ്ഞതായും റിലയൻസ് ജിയോ പറഞ്ഞു. സെപ്റ്റംബറിൽ റിലയൻസ് ജിയോ പുതിയ 4ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത് വളരെ വില കുറഞ്ഞതായിരിക്കും. ഇതിലൂടെ വരും മാസങ്ങളിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ജിയോയ്ക്ക് സാധിക്കുമെന്നാണ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








