വരുമാനം ഇരട്ടിയാക്കാനൊരുങ്ങി റിലയൻസ് ജിയോ
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി മാറിയ കമ്പനിയാണ് റിലയൻസ് ജിയോ. ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റിയെടുത്ത ജിയോ ഇപ്പോഴിതാ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിലാണ്. രണ്ട് വർഷത്തിനുള്ളിൽ ജിയോയുടെ പ്രവർത്തന ലാഭം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജിയോയ്ക്ക് 52,400 കോടി രൂപയുടെ റവന്യൂ നേടാൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ വരിക്കാരുടെ എണ്ണം 500 ദശലക്ഷത്തിലെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം അവസാനം തന്നെ ഓപ്പറേറ്റർക്ക് 370 ദശലക്ഷം ഉപയോക്താക്കളെ നേടാൻ സാധിച്ചിട്ടുണ്ട്. റിലയൻസ് ജിയോ ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 14.8 ദശലക്ഷം ഉപഭോക്താക്കളെയാണ് കൂടുതലായി ചേർത്തത്.

ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം അടുത്ത രണ്ട് വർഷത്തിൽ 168 രൂപയായി ഉയരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ 128 രൂപയാണ് ഒരു ഉപയോക്താവിൽ നിന്ന് കമ്പനിക്ക് ലഭിക്കുന്നത്. വോഡഫോൺ-ഐഡിയ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തന്നെ വോഡാഫോണിൽ നിന്ന് ജിയോയിലേക്ക് ഉപയോക്താക്കൾ പോകാൻ സാധ്യതയുണ്ട്. ഇതിനൊപ്പം വോഡാഫോൺ ഐഡിയ അടച്ച് പൂട്ടിയാലും ജിയോയ്ക്ക് അത് ഗുണകരമാവും.

വിപണിയിലെ മറ്റ് ഓപ്പറേറ്റർമാരോട് കടുത്ത പോരാട്ടം നടത്താൻ വോഡഫോൺ-ഐഡിയയ്ക്ക് ബെയ്‌ൽ ഔട്ട് പാക്കേജ് സഹായിക്കില്ലെന്ന് ഡച്ച് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഇടക്കാലത്തേക്കുള്ള പരിഹാരമല്ലാതെ വോഡാഫോൺ വിപണിയിൽ സജീവമായി നിലനിർത്തികൊണ്ടുപോവാൻ വലിയ ചിലവ് ആവശ്യമുണ്ടെന്ന് സർക്കാർ കരുതുന്നുവെന്ന് ജർമ്മൻ ഇൻവസ്റ്റ്മെന്റ് ബാങ്ക് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റിലയൻസ് ജിയോ എജിആർ കടം തീർക്കാൻ ടെലികോം വകുപ്പിന് 195 കോടി രൂപ നൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇതിലൂടെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം എജിആർ കുടിശ്ശിക തീർക്കുന്ന ആദ്യത്തെ ഓപ്പറേറ്ററാണ് ജിയോ. എജിആർ കുടിശ്ശികയ്ക്കായി റിലയൻസ് ജിയോ 195 കോടി രൂപയാണ് നൽകിയത്. 2020 ജനുവരി മാസത്തിൽ കമ്പനി അടച്ച മുൻകൂർ പണവും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം വോഡാഫോൺ ഐഡിയയും എയർടെല്ലും എജിആർ കുടിശ്ശിക തീർക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








