കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്മാർട്ട്ഫോണിൽ തന്നെ സംവിധാനം വരുന്നു
മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ഊതിപ്പിക്കുന്ന മെഷീൻ ഉണ്ടെന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാൽ കഞ്ചാവ് വലിച്ചവരെ കണ്ടെത്താൻ വഴികൾ ഉണ്ടോ. ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തുന്നത്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താൻ എളുപ്പം സാധിക്കും. ജിപിഎസ് സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്ന ആക്സിലറോമീറ്റർ പോലുള്ള ഫോണുകളിൽ നിലവിലുള്ള സെൻസറുകൾ ഉപയോഗിച്ച് 90 ശതമാനത്തിലധികം കൃത്യതയോടെ ഒരാൾ കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയും.

ഡ്രഗ് ആൻഡ് ആൽക്കഹോൾ ഡിപെൻഡൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് കഞ്ചാവ് വലിച്ചിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താൻ സ്മാർട്ടഫോണിന് സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള റട്ഗേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്, ഹെൽത്ത് കെയർ പോളിസി, ഏജിംഗ് റിസർച്ച് എന്നിവിടങ്ങളിലെ ഗവേഷകരാണ് കഞ്ചാവ് ലഹരി കണ്ടെത്തുന്നതിന് നിലവിലുള്ള ചില സെൻസറുകൾ ഉപയോഗിച്ചാൽ മതിയെന്ന് തെളിയിച്ചിരിക്കുന്നത്. ഇവരുടെ പ്രബന്ധമാണ് ഡ്രഗ് ആൻഡ് ആൽക്കഹോൾ ഡിപെൻഡൻസ് എന്ന ജേണലിൽ ഉള്ളത്.

സ്മാർട്ട്ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് കഞ്ചാവ് ലഹരി അനുഭവിക്കുമ്പോൾ അവ കണ്ടെത്താനും കഞ്ചാവിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാൻ ആവശ്യമായ ഇടങ്ങളിൽ നടത്താനും ഇതിന് സാധിക്കുമെന്നാണ് ഗവേഷണ പ്രബന്ധത്തിന്റെ അനുബന്ധ രചയിതാവും സൈക്യാട്രി പ്രൊഫസറുമായ ടമ്മി ചുംഗ് പറഞ്ഞത്. ഇദ്ദേഹം റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. കഞ്ചാവ് ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഇതിൽ നിന്നും മോചനം നേടാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം ഗവേഷണങ്ങൾക്ക് പിന്നിലുള്ളത്.

നേരത്തെ പലപ്പോഴുമായി നടന്ന ഗവേഷണങ്ങളിൽ നിന്നും കഞ്ചാവ് ലഹരിയിലുള്ള ആളുകളുടെ പ്രതികരണ വേഗത കുറയുന്നുവെന്നും ഡ്രൈവിംഗ് പെരുമാറ്റത്തിൽ വൈകല്യങ്ങൾ കാണിക്കുന്നു എന്നും വ്യക്തമായിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയിൽ വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം സന്ദർഭത്തിലാണ് സ്മാർട്ട്ഫോണുകളിൽ തന്നെ കഞ്ചാവ് ലഹരി കൂടുതലായി ഉള്ള ആളുകളെ കണ്ടെത്താനും അവർക്ക് നിർദേശങ്ങൾ നൽകി അപകടങ്ങൾ ഇല്ലാതാക്കാനുമുള്ള ഗവേഷണങ്ങൾ നടക്കുന്നത്. കഞ്ചാവ് ഇന്ത്യ അടക്കമുള്ള മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്.

ഒരു വ്യക്തി കഞ്ചാവ് ലഹരിയിലാണോ എന്ന് കണ്ടെത്തുന്നതിനുള്ള നിലവിലെ നടപടികൾക്ക് മിക്ക അവസരങ്ങളിലും വലിയ പരിമിതികളുണ്ട്. രക്തം, മൂത്രം, ഉമിനീർ എന്നിവയുടെ പരിശോധനകളിലൂടെയാണ് നിലവിൽ കഞ്ചാവ് ലഹരിയുള്ള ആളാണോ എന്ന് കണ്ടെത്തുന്നത്. ഇത്തരം പരിശോധനകൾക്ക് ധാരാളം സമയം എടുക്കാറുണ്ട്. അതുകൊണ്ടാണ് പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിലേക്ക് ഗവേഷകൾ തിരിഞ്ഞിരിക്കുന്നത്. കഞ്ചാവ് ലഹരി ഉള്ള ആളുകളെ കണ്ടെത്തുന്നതിന് ഫലപ്രദമായ മാർഗമായിരിക്കും ഇതെന്നാണ് സൂചനകൾ.

സ്മാർട്ട്ഫോൺ സെൻസറുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നതിന്റെ സാധ്യത കണ്ടെത്താൻ ആഴ്ചയിൽ രണ്ടുതവണയെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്ത ചെറുപ്പക്കാരിൽ നിന്ന് ശേഖരിച്ച ദൈനംദിന ഡാറ്റ ഗവേഷകർ വിശകലനം ചെയ്തിട്ടുണ്ട്. തുടർച്ചയായ സ്മാർട്ട്ഫോൺ സെൻസർ ഡാറ്റയും സ്മാർട്ട്‌ഫോൺ ടൈം ഫീച്ചറുകളും ഉപയോഗിച്ച് ദിവസത്തിൽ എത്ര സമയം, ആഴ്ചയിൽ എത്ര ദിവസവും എന്ന് കണ്ടെത്താൻ കഴിയുന്നു. കഞ്ചാവ് ലഹരി കണ്ടെത്തുന്നതിന് ഏത് സെൻസറുകളാണ് ഏറ്റവും ഉപയോഗപ്രദമെന്നു ഗവേഷകൾ കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടുചെയ്‌ത കേസുകളിൽ ടൈം ഫീച്ചറുകളിൽ 60 ശതമാനത്തിലധികം കൃത്യതയോടെ കഞ്ചാവ് ലഹരി കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. അതേസമയം ഈ ഡാറ്റയുടെയും മറ്റ് സെൻസർ ഡാറ്റകളുടെയും സംയോജനത്തിന് 90 ശതമാനത്തിലധികം കൃത്യതയുണ്ട്. ജിപിഎസ് ഡാറ്റയിൽ നിന്നുള്ള യാത്രാ രീതികളും ആക്സിലറോമീറ്ററിൽ നിന്നുള്ള ചലനവുമാണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചിട്ടുള്ള സെൻസർ ഡാറ്റകൾ. റിപ്പോർട്ട് ചെയ്ത കേസുകളിൽ കഞ്ചാവ് ലഹരി കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്മാർട്ട്‌ഫോൺ സെൻസറുകളും ഇവ തന്നെയാണ്. ലഹരിക്കെതിരായ സാങ്കേതികവിദ്യ കൊണ്ടുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം ഗവേഷണങ്ങൾ. അധികം വൈകാതെ ഈ കണ്ടുപിടുത്തത്തിൽ കൂടുതൽ വികാസങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications