ഇന്ത്യയിൽ മാത്രമല്ല, ആഗോള വിപണിയിലും മുന്നിൽ സാംസങ് തന്നെ; ആപ്പിളിന്റെ സ്ഥാനം രണ്ടാമത്
ആഗോള വിപണിയിൽ കഴിഞ്ഞ കുറച്ചു നാളുകളായി സ്മാർട്ട് ഫോണുകൾക്ക് അത്ര നല്ല സമയം ആയിരുന്നില്ല. വിൽപന കുറഞ്ഞ് ധാരാളം പ്രതിസന്ധി നേരിടുന്ന സമയം ആയിരുന്നു ഇത്. എന്നാൽ ഇപ്പോൾ പതിയെ സ്മാർട്ട് ഫോണുകൾ വിപണി തിരിച്ചുപിടിച്ചുകൊണ്ട് ഇരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോള ടെക്നോളജി മാർക്കറ്റ് അനലിസ്റ്റുകളായ കനാലിസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2023 വർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ സ്മാർട്ട് ഫോണുകളുടെ ഷിപ്മെന്റ് ഇടപാടുകൾ 293.4 ദശലക്ഷം യൂണിറ്റിലെത്തി എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ പാദങ്ങളിലെല്ലാം ഇവ ഇതിലും കുറവായിരുന്നു. അതേ സമയം സാംസങ്ങിന്റെ ഫോണുകളാണ് ഇക്കാലയളവിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്. വിപണിയുടെ 20 ശതമാനവും നിയന്ത്രിച്ചത് സാംസങ്ങാണ്.

ആകെ 57.4 ദശലക്ഷം യൂണിറ്റ് സ്മാർട്ട് ഫോണുകൾ വിൽക്കാൻ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ ഗാലക്സി ഇസഡ് ഫോൾഡ് 5ന്റെ വരവ് കമ്പനിയുടെ മൊത്തം വിറ്റുവരവിൽ ഏറെ ചലനം ഉണ്ടാക്കി എന്നാണ് കനാലിസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം സാംസങ്ങിന്റെ പ്രധാന എതിരാളികളായ ആപ്പിളാണ് വിൽപനയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൊത്തം വിപണിയുടെ 17 ശതമാനമാണ് ആപ്പിളിന് അവകാശപ്പെടാൻ സാധിച്ചിരിക്കുന്നത്.
50 ദശലക്ഷം യൂണിറ്റ് ഉത്പന്നങ്ങൾ വിൽക്കാനും ആപ്പിളിന് സാധിച്ചിട്ടുണ്ട്. നിരവധി അപ്ഡേറ്റുകുമായി ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15ന്റെ വരവ് കമ്പനിയുടെ വിൽപന ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ആദ്യമായി യുഎസ്ബി സി ടൈപ്പ് ചാർജിങ് സംവിധാനത്തോടെ പുറത്തിറങ്ങിയ ആപ്പിൾ ഉത്പന്നം ആയിരുന്നു ഐഫോൺ 15 സീരീസ് ഫോണുകൾ. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ.

MOST READ: ഇനി ചതി പറ്റരുത്; ഒറിജിനൽ, ഡൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ തിരിച്ചറിയാൻ ഇതാ ഒരു മാർഗം
ആഗോളതലത്തിലെ സ്മാർട്ട് ഫോൺ വിൽപനയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ചൈനീസ് കമ്പനിയായ ഷവോമിയാണ്. വിൽപനയിൽ കഴിഞ്ഞ പ്രാവശ്യത്തെക്കാൾ രണ്ട് ശതമാനം വർധനവ് വരുത്താൻ ഷവോമിയ്ക്ക് സാധിച്ചിട്ടുണ്ട്. 41.5 ദശലക്ഷം യൂണിറ്റ് ഉത്പന്നങ്ങളാണ് ഇക്കാലയളവിൽ ഷവോമി വിറ്റത്. വൺപ്ലസും സഹോദര കമ്പനിയുമായ ഓപ്പോയും ചേർന്ന് 26.4 ദശലക്ഷം യൂണിറ്റുകളും വിറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു. 9 ശതമാനം വിപണിയുമായി ഇവരാണ് നാലാം സ്ഥാനത്ത്.
26.0 ദശലക്ഷം യൂണിറ്റുകൾ വിറ്റുതീർത്ത ട്രാൻസ്‌ഷൻ ഗ്രൂപ്പ് ആണ് വിപണിയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ടെക്നോ, ഇൻഫിനിക്സ്, ഐടെൽ എന്നിവയാണ് ഈ ഗ്രൂപ്പിന്റെ കമ്പനികൾ. ഇവയെല്ലാമാണ് 2023ലെ മൂന്നാം പാദത്തിൽ സ്മാർട്ട് ഫോൺ വിപണിയിലെ ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയിരിക്കുന്ന കമ്പനികൾ. ചില കാലയളവുകളിൽ സ്മാർട്ട് ഫോൺ കമ്പനികൾ പ്രത്യേക ഓഫറുകൾ നൽകുന്നത് ഫോൺ വിൽപന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കനാലിസിലെ സീനിയർ അനലിസ്റ്റായ സന്യം ചൗരസ്യ പറഞ്ഞു.
അതേ സമയം ആഗോളതലത്തിൽ മാത്രമല്ല ഇന്ത്യൻ വിപണിയിലും ഇക്കാലയളവിൽ സാംസങ് തന്നെയാണ് ഒന്നാമത് എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വിറ്റുപോയ സ്മാർട്ട് ഫോണുകളിൽ 18 ശതമാനവും സാംസങ്ങിന്റെ ഫോണുകൾ ആയിരുന്നു. 7.9 മില്യണ്‍ യൂണിറ്റിന്റെ ഇടപാടും ഇക്കാലയളവിൽ സാംസങ്ങിന് രാജ്യത്ത് അവകാശപ്പെടാനുണ്ട്. 7.6 മില്യണ്‍ യൂണിറ്റ് വിറ്റുവരവോടെ ഷവോമിയാണ് ഇന്ത്യയിലെ വിൽപനയിൽ രണ്ടാമത് എത്തിയിരിക്കുന്നത്. മികച്ച ഫീച്ചറുകളുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ എത്തിച്ചതാണ് ഇരു കമ്പനികളുടെയും ഈ നേട്ടത്തിന് കാരണം.
ആഗോള തലത്തിൽ ആപ്പിൾ ഫോണുകൾ മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ മാർക്കറ്റിൽ വലിയ ചലനം ഉണ്ടാക്കാൻ ആപ്പിളിന് സാധിച്ചിട്ടില്ല. ഇന്ത്യൻ ഉപഭോക്താക്കളിൽ ഭൂരിഭാഗം ആളുകളും സാധാരണക്കാരാണ്. ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ഉയർന്ന വില ആയിരിക്കാം ഒരുപക്ഷെ ഇന്ത്യയിലെ വിപണിയിൽ കമ്പനി മുന്നിൽ എത്താതിരിക്കാനുള്ള കാരണം. എന്നിരുന്നാലും ഐഫോൺ 15 പുറത്ത് ഇറക്കിയതോടെ ഇന്ത്യയിലെ നില മെച്ചപ്പെടുത്താൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








