പാമ്പിനെ കണ്ടാൽ ഏതെന്ന് തിരിച്ചറിയാനും ആപ്പ്, സ്നേക്ക്‌പീഡിയ പ്ലേ സ്റ്റോറിൽ ലഭ്യമാകും
ഒരു പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും, വിഷമുള്ളതാണോ എന്നറിയാൻ സുക്ഷിച്ച് നോക്കുന്നവരും ഓടി രക്ഷപ്പെടുന്നവരുമൊക്കെയാണ് സാധാരണ ചെയ്യാറുള്ളത്. പാമ്പിനെ കണ്ടാൽ മൊബൈലിൽ ആപ്പ് തുറക്കാനാണ് സ്നേക്ക്പീഡിയ എന്ന പുതിയ ആപ്പ് പറയുന്നത്. ഏത് പാമ്പിനെ കണ്ടാലും അതിനെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന ആപ്പാണ് സനേക്ക്പീഡിയ. നേരത്തെ തന്നെ പാമ്പുകളുമായി ബന്ധപ്പെട്ട സർപ്പ, സ്നേക്ക് ലെൻസ്, സ്നേക്ക് ഹബ് എന്നീ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

ചിത്രങ്ങൾ, ഇൻഫോഗ്രാഫിക്സ്, പോഡ്‌കാസ്റ്റുകൾ എന്നിവയുടെ സഹായത്തോടെ പാമ്പുകളെ പരിചയപ്പെടുത്തുന്ന വെബ് ആപ്പായിട്ടാണ് സ്നേക്ക് പീഡിയ പുറത്തിറക്കിയിരിക്കുന്നത്. പ്രഥമശുശ്രൂഷ, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശകലനവും കേരളത്തിൽ പ്രചാരത്തിലുള്ള പാമ്പുകളുമായി ബന്ധപ്പെട്ട പുരാണങ്ങളെയും അന്ധവിശ്വാസങ്ങളും ഈ ആപ്പിലൂടെ വിശദമായി അറിയാൻ സാധിക്കും. ആകർഷകമായ രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പാമ്പുകളെ തിരിച്ചറിയുന്നതിനായി സ്നേക്ക്പീഡിയ എന്ന ആൻഡ്രോയിഡ് ബേസ്ഡ് ആപ്പിന് ഒരു ഓൺലൈൻ ഹെൽപ്പ്ലൈൻ മെനുവും ഉണ്ട്. പോഡ്കാസ്റ്റും ഓൺലൈൻ ഐഡി ഹെൽപ്പ് ലൈനും ഒഴികെയുള്ള ആപ്പിന്റെ സവിശേഷതകൾ ഓഫ്‌ലൈനിലും ലഭ്യമാണ്. ഇത് പൂർണ്ണമായും സൌജന്യമാണ്. നവീൻലാൽ പയ്യേരി, പി.എസ്. ജിനേഷ് എന്നീ സ്നേക്ക്പീഡിയ ടീമിലെ അംഗങ്ങളാണ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിരവധി പാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും.

ആരെയെങ്കിലും പാമ്പ് കടിച്ചാൽ പാമ്പുകളെ ആശുപത്രിയിൽ എത്തിക്കുന്ന സംവിധാനം കേരത്തിൽ ഉണ്ടായിരുന്നു. പാമ്പുകളെ തിരിച്ചറിഞ്ഞാൽ, ഇത് ഡോക്ടർക്ക് ഉപയോഗപ്രദമാകും. എന്നാൽ ഇന്ന് പാമ്പുകളെ തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ വരെ ഉണ്ട്. ഇവ ഗവേഷകരുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതുവരെ വന്ന പാമ്പുകളുടെ ചിത്രങ്ങൾ വിശകലനം ചെയ്യുമ്പോൾ കൊല്ലപ്പെട്ട പാമ്പുകളിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ഇത്തരം അവസ്ഥ ഇല്ലാതാക്കാനും അപകടം ഉണ്ടാക്കാത്ത പാമ്പുകളെ കൊല്ലുന്നത് തടയാനും ആപ്പ് സഹായിക്കും.

ഇന്ത്യയിൽ കണ്ടെത്തിയ മുന്നൂറിലധികം ഇനം പാമ്പുകളിൽ 100 ഓളം കേരളത്തിൽ നിന്നുള്ളവയാണ്. ചില പാമ്പുകളുടെ വിവിധ കളർ മോർഫുകളുള്ള 20 വരെ ഫോട്ടോഗ്രാഫുകൾ വരെ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 700 ലധികം ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും 130 ലധികം ആളുകൾ എടുത്ത ഫോട്ടോകളാണ് ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. കീവേഡുകളോ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള പാമ്പിന്റെ പേരോ ശാസ്ത്രീയനാമങ്ങളോ സെർച്ച് ചെയ്ത് പാമ്പുകളുടെ വിവരങ്ങൾ ആപ്പിലൂടെ അറിയാൻ സാധിക്കും.

ആപ്പിൽ സെർച്ച് ചെയ്താൽ ഉപയോക്താക്കൾക്ക് കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിക്കും. ചിത്രങ്ങളുടെയും ഇൻഫോഗ്രാഫിക്സിന്റെയും സഹായത്തോടെ ഓരോ ജീവിവർഗത്തിന്റെയും വിവരങ്ങൾ കണ്ടെത്താനാകും. ഇംഗ്ലീഷ്-മലയാളം പോഡ്‌കാസ്റ്റുകളും ഇതിലുണ്ട്. ‘ഡേഞ്ചറസ്' എന്ന ഫീച്ചർ മനുഷ്യന്റെ ജീവൻ പോലും അപകടത്തിലാക്കുന്ന വിഷമുള്ള പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വിഭാഗമാണ്. പാമ്പുകളെ കുറിച്ച് അറിയുന്നതിലൂടെ മനുഷ്യ ജീവൻ രക്ഷിക്കുന്നതിനൊപ്പം പാമ്പുകളെ അനാവശ്യമായി കൊല്ലുന്നതും തടയാൻ സാധിക്കും.


Click it and Unblock the Notifications