വില വെറും 6000 രൂപയിൽ താഴെ; എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ, ടെക്നോ പോപ് 8 ജനുവരി 3ന് എത്തും
നിരവധി ഫോണുകളാണ് 2024 ജനുവരി മാസത്തിൽ ഇന്ത്യയിൽ എത്തുന്നത്. ആദ്യ വാരം മുതൽ തന്നെ പുതിയ ഫോണുകൾ ഇന്ത്യയിൽ എത്തി തുടങ്ങും. സാംസങ്, വൺപ്ലസ്, റെഡ്മി, ഓപ്പോ, വിവോ തുടങ്ങി മുൻനിര ബ്രാൻഡുകൾ എല്ലാം തന്നെ തങ്ങളുടെ പുതിയ ഫോണിനെ ജനുവരിയിൽ ഇന്ത്യയിൽ എത്തിക്കുന്നുണ്ട്.
എന്നാൽ ഏത് ഫോൺ ആണ് അടുത്ത വർഷം ആദ്യം ഇന്ത്യയിൽ എത്തുക എന്ന് അറിയാമോ? മുകളിൽ പറഞ്ഞ കമ്പനികളുടെ ഫോണുകൾ ഒന്നുമല്ല ആദ്യം എത്തുന്നത്. പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ടെക്നോയാണ് 2024ലെ ആദ്യ പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടെക്നോയുടെ പോപ് 8 ആണ് ഈ ഫോൺ. മറ്റ് ഫോണുകൾ പ്രീമിയം, മിഡ് റേഞ്ച് ഫോണുകളാണെങ്കിൽ ടെക്നോ പോപ് 8 ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആയിരിക്കും.

MOST READ: അമ്പമ്പോ അടിമുടി കിടിലം ഫീച്ചറുകൾ; ഓപ്പോ റെനോ 11 ജനുവരി ആദ്യവാരം ഇന്ത്യയിലെത്തും
ജനുവരി 3ന് ആണ് ടെക്നോ തങ്ങളുടെ പുതിയ ഫോണിനെ ഇന്ത്യയിൽ എത്തിക്കുന്നത്. മുമ്പും നിരവധി ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുള്ള നിർമ്മാതാക്കളാണ് ടെക്നോ. ഇതിൽ ഭൂരിഭാഗം ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് ഇക്കൂട്ടത്തിലേക്ക് പുതിയ ഒരു ഫോൺ കൂടി എത്തിയിരിക്കുകയാണ്. ഫോണിന്റെ ചില സവിശേഷതകളും കമ്പനി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ല എങ്കിലും 6000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് സൂചന.
നിലവിൽ ടെക്നോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ടെക്നോ പോപ് 8ന്റെ സവിശേഷതകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ടെക്നോ തയ്യാറാക്കിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ നൽകിയിരിക്കുന്ന പഞ്ച് ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയും സ്ഥാനം പിടിച്ചിരിക്കുന്നു.

90Hz പുതുക്കൽ നിരക്കാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുള്ളത്. 8 എച്ച് സഫറൻസ് ഹാർഡ്നെസ് ഡിസ്പ്ലേയ്ക്ക് ഉള്ളതിനാൽ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നതാണ്. മാലി G57 ജിപിയോട് കൂടിയ UniSoC T606 പ്രോസസർ ആണ് ടെക്നോ ഈ ഫോണിനായി നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് തന്നെ ടെക്നോ പോപ് 8 വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരിശോധനയിൽ മികച്ച സ്കോർ നേടിയിരിക്കുന്നതാണ് ടെക്നോയുടെ പുതിയ ഫോൺ.
4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഈ ഫോൺ പുറത്തിറങ്ങുന്നത്. എന്നിരുന്നാലും 4 ജിബി വരെ വെർച്വൽ റാമും ടെക്നോ പോപ് 8 വാഗ്ദാനം ചെയ്യുന്നുണ്ട്. ബേസിക് ഉപയോഗത്തിനായി ഫോണുകൾ തിരയുന്നവർക്ക് മികച്ച സ്മാർട്ട് ഫോൺ ആയിരിക്കും ടെക്നോ പോപ് 8. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ എഫ്/1.8 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി ക്യാമറയും എഐ ലെൻസും കാണാൻ സാധിക്കുനന്താണ്.
ഇത്രയും വില കുറഞ്ഞ ഫോണിൽ എഐ ലെൻസ് നൽകിയ ടെക്നോയുടെ ശ്രമം പ്രശംസനീയമാണ്. ബാക്ക് ക്യാമറകളുടെ ഒപ്പം തന്നെ എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയാകട്ടെ 8 എംപിയാണ് ഫ്രണ്ട് ക്യാമറയ്ക്കും പ്രത്യേകം എൽഇഡി ഫ്ലാഷ്ലൈറ്റ് നൽകാൻ ടെക്നോ ശ്രമിച്ചിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം, 4 ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു.
മാത്രമല്ല അധിക സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനറും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 10W ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് ടെക്നോ പോപ് 8നായി കമ്പനി നൽകിയിരിക്കുന്നത്. ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമായും രണ്ട് നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്. ഗ്രാവിറ്റി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നിവയാണ് ഈ കളറുകൾ.


Click it and Unblock the Notifications








