റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാനൊരുങ്ങി ടെലിക്കോം കമ്പനികൾ
ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഐസിആർഎ റിപ്പോർട്ട് അനുസരിച്ച് ഇടത്തരം കാലയളവിൽ ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 220 രൂപയായി ഉയർത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്. എല്ലാ കമ്പനികളും അടയ്ക്കാനുള്ള എജിആർ കുടിശ്ശിക, സ്പെക്ട്രം വാങ്ങൽ, ലേല ഗഡുക്കൾ എന്നിവയൊക്കെ കാരണം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എആർപിയു വർധിപ്പിക്കേണ്ടത് ആവശ്യമാണ്.

എആർപിയു (ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) വർധിപ്പിച്ച് 220 രൂപ വരെ ആക്കിയാൽ ടെലിക്കോം കമ്പനികളുടെ പ്രതിവർഷ വരുമാനം 12-15 ശതമാനം വരെ വർധിക്കും. ഒപിബിഡിഐടിഎ (മൂല്യത്തകർച്ച, പലിശ, നികുതി, പലിശയ്ക്ക് എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന ലാഭം) പ്രതിവർഷം 22-25 ശതമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കോർപ്പറേറ്റ് റേറ്റിംഗിന്റെ വൈസ് പ്രസിഡന്റ് അനുപമ അറോറ പറഞ്ഞു.

താരിഫ് വർദ്ധനവ് എല്ലാ ടെലിക്കോം കമ്പനികളും നടപ്പിലാക്കില്ലെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിപണിയിൽ കനത്ത നഷ്ടം നേരിടുന്ന ടെലികോം കമ്പനികൾ മാത്രമായിരിക്കും താരിഫ് നിരക്കുകൾ വർധിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. എയർടെൽ, വിഐ എന്നിവയുടെ ഭാഗത്ത് നിന്നും താരിഫ് നിരക്കുകൾ വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന രീതിയിലുള്ള പ്രസ്താവനകൾ പുറത്ത് വന്നിരുന്നു. ഇരു കമ്പനികളും വിപണിയിൽ കനത്ത നഷ്ടം നേരിടുന്നുണ്ട്.

റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് എന്ന വിഭാഗത്തിൽ അഞ്ച് പുതിയ പ്ലാനുകൾ ആരംഭിച്ചതുമുതൽ എല്ലാ ടെലിക്കോം കമ്പനികളും പോസ്റ്റ്പെയ്ഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജിയോയുടെ പ്ലാനുകൾ 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ നിരക്കുകളിലാണ് ലഭ്യമാകുന്നത്. ഈ പ്ലാനുകൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ കൂടാതെ മറ്റ് നിരവധി ആപ്ലിക്കേഷനുകളിലേക്ക് ആക്സസ് നൽകുന്നുണ്ട്.

വിപണിയിലെ മത്സരം ശക്തമായി തന്നെ തുടരുന്നതിനിടെ എല്ലാ പ്രമുഖ സ്വകാര്യ കമ്പനികളും ഡിസംബറിൽ ഒരുമിച്ച് തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. ഈ വർധന കൊണ്ട് വലിയ നേട്ടമുണ്ടാക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. സ്വകാര്യ കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ച അവസരത്തിൽ നേട്ടമുണ്ടാക്കാനായത് ബിഎസ്എൻഎല്ലിനാണ്. 4ജി നെറ്റ്വർക്കിലേക്ക് കൂടുതൽ ആളുകളെ ചേർക്കാനുള്ള സ്വകാര്യ കമ്പനികളുടെ നടപടികളും ഫലം കാണുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ടെലികോം വ്യവസായം 4.4 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എ.ജി.ആർ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും കമ്പനികൾക്ക് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. എജിആർ കുടിശ്ശിക അധികം ബാധിക്കാത്ത കമ്പനികളിലൊന്ന് റിലയൻസ് ജിയോയാണ്. എയർടെല്ലിനും വിഐയ്ക്കും എജിആർ സംബന്ധിച്ച സുപ്രീം കോടതി വിധി കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്.


Click it and Unblock the Notifications