മൊബൈൽ ടവർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ട്രായ്
വ്യാജ കമ്പനികളും വ്യക്തികളും മൊബൈൽ ടവർ സ്ഥാപിക്കുന്നതിൻറെ ഭാഗമായി സർക്കാരിലേക്ക് ടാക്സ് അടയ്ക്കാനെന്നതിൻറെ പേരിൽ സ്ഥലം ഉടമകളുടെ കൈയ്യിൽ നിന്നും പണം വാങ്ങുന്നുണ്ടെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ആക്ടിൻറെ പേരിലാണ് സ്ഥലം ഉടമകളോട് പണം വാങ്ങുന്നത്. ഇത്തരം തട്ടിപ്പിന് ആളുകൾ ഇരയാകരുതെന്നും കരുതൽ വേണമെന്നും ട്രായ് അധികൃതർ അറിയിച്ചു.

പല വ്യക്തികളോടും അവരുടെ സ്ഥലത്ത് ടവർ സ്ഥാപിക്കാൻ ടെലകോം ആക്ടിലെ നികുതി നിയമപ്രകാരം പണം അടയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ചില വ്യാജ കമ്പനികളും ഏജൻസികളും അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

നാശനഷ്ടങ്ങൾക്ക് ഉത്തരവാദിയല്ലെന്ന് ട്രായ്
തട്ടിപ്പിനായി വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിൻറെ പേരിൽ വ്യാജമായി ഉണ്ടാക്കിയ നോ ഒബ്ജക്ഷൻ/ പെർമിഷൻ സർട്ടിഫിക്കറ്റികളും കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ലെന്നും നിയമപാലകരുമായി ബന്ധപ്പെടേണ്ടതാണെന്നും ട്രായ് അധികൃതർ കൂട്ടിച്ചേർത്തു.

യാതൊരു വിധ ലെവിയും ടാക്സും ട്രായ് കൈപ്പറ്റുന്നില്ല
മൊബൈൽ ടവർ സ്ഥാപിക്കുന്നതിനോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനോ വേണ്ടി യാതൊരു വിധ ലെവിയും ടാക്സും ട്രായ് നേരിട്ടോ അല്ലാതെയോ കൈപ്പറ്റുന്നില്ലെന്നും ഇത് സംബന്ധിച്ച യാതൊരുവിധ ഇടപാടുകളും നടത്തുന്നില്ല. ഏതെങ്കിലു വ്യക്തികൾ ഇത്തരം വ്യക്തികളുമായി ഇടപാടുക നടത്തി വഞ്ചിക്കപ്പെട്ടാൽ നാശനഷ്ടങ്ങൾക്ക് അതോറിറ്റി ഉത്തരവാദിയായിരിക്കില്ല. തട്ടിപ്പിന് ഇരയാകുന്നവർക്ക് പൊലീസിനെയോ കോടതിയെയോ സമീപിക്കാമെന്നും ട്രായ് അറിയിച്ചു.

പുതിയ ഡ്രാഫ്റ്റ്
ഇതിനൊപ്പം തന്നെ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് മേഖലയ്ക്കായി പുതിയ ഡ്രാഫ്റ്റ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. ഡ്രാഫ്റ്റിൽ ചാനൽ തെരഞ്ഞെടുപ്പിനായി പുതിയ നിയമമെന്ന ശുപാർശയും ട്രായ് മുന്നോട്ടുവച്ചു. ഉപഭോക്താക്കൾക്ക് ചാനൽ തിരഞ്ഞെടുപ്പ് എളുപ്പത്തിലാക്കാൻ തേർഡ് പാർട്ടിയെ ചാനൽ സെലക്ഷൻ സിസ്റ്റം വികസിപ്പിക്കാൻ ഏൽപ്പിക്കണമെന്നും ട്രായ് ശുപാർശ ചെയ്തു.


Click it and Unblock the Notifications








