വിഐ ഉപയോക്താക്കൾക്ക് ഇനി രാത്രിയിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കും
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ നിലവിലുള്ള ഉപയോക്താക്കളെ നിലനിർത്തുന്നതിനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുമായി വിഐ പുതിയ ഓഫർ പ്രഖ്യാപിച്ചു. രാത്രി സമയങ്ങളിൽ അധിക ചിലവില്ലാതെ അൺലിമിറ്റഡ് അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 12 മണിക്കും രാവില 6 മണിക്കും ഇടയിലാണ് അതിവേഗ ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുണ്ടായ ഡാറ്റ ഉപഭോഗത്തിലെ വർധനയ്ക്കിടെയാണ് അൺലിമിറ്റഡ് ഹൈ സ്പീഡ് ഇന്റർനെറ്റ് രാത്രിയിൽ നൽകുന്ന ഓഫറുമായി വിഐ രംഗത്തെത്തിയിരിക്കുന്നത്. ഡൌൺലോഡിങ്, സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോളിങ് തുടങ്ങിയവയ്ക്കായി വിഐയുടെ ഈ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാം. ഇതാദ്യമായാണ് ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഇത്തരമൊരു ഓഫർ നൽകുന്നത്. യുവാക്കളായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വിഐ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വിവിധ ഒടിടി ആപ്പുകളിൽ നിന്നും വിഐ മൂവീസ്, ടിവി ആപ്പ് എന്നിവയിൽ നിന്നും കണ്ടന്റുകൾ ബ്രൌസ് ചെയ്യാൻനും ഡൌൺലോഡ് ചെയ്യാനും വിഐ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഹൈ-സ്പീഡ് നൈറ്റ് ഡാറ്റ ഉപയോഗിക്കാനാകുമെന്ന് വിഐ അറിയിച്ചു. 10 ദശലക്ഷത്തിലധികം വിഐ സബ്‌സ്‌ക്രൈബർമാർ വിഐ ആപ്പ് ഡൗൺലോഡുചെയ്‌തുവെന്നും ഇതിലൂടെ 13 വ്യത്യസ്ത ഭാഷകളിലായി 9500+ സിനികളും 400+ തത്സമയ ടിവി ചാനലുകളും ഒറിജിനൽ വെബ് സീരീസുകളും ടിവി ഷോകളും ആക്സസ് ചെയ്യാൻ സാധിക്കുമെന്നും വിഐ അറിയിച്ചു.

വിഐ തങ്ങളുടെ ഉപയോക്താക്കൾക്ക് വാരാന്ത്യ റോൾഓവർ ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇത് തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കിയുള്ള ദൈനംദിന ഡാറ്റ ആനുകൂല്യത്തെ ശനി ഞായർ ദിവസങ്ങളിലേക്ക് കൂടി നൽകുന്നു. നിലവിൽ ഈ ഓഫർ ഏപ്രിൽ വരെയാണ് ലഭ്യമാകുന്നത്. പിന്നീട് ഈ ഓഫറിന്റെ വാലിഡിറ്റി വർധിപ്പിക്കുമോ എന്ന് വ്യക്തമല്ല. 299 രൂപ, 449 രൂപ, 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഡബിൾ ഡാറ്റ ആനുകൂല്യവും വിഐ നൽകുന്നു.

മേൽപ്പറഞ്ഞ മൂന്ന് പ്ലാനുകളും വാരാന്ത്യ ഡാറ്റ റോൾഓവർ ആനുകൂല്യങ്ങളും ഡബിൾ ഡാറ്റ ഓഫറും ഒരുമിച്ച് നൽകുന്നുണ്ട്. അതായത് ഈ പ്ലാനുകളിലൂടെ ഒരു ദിവസം 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റയിൽ രണ്ട് ജിബി ഡാറ്റയോ അതിൽ കുറവോ ഉപയോഗിക്കാതെ ബാക്കിയുണ്ടെങ്കിൽ അവ ശനി ഞായർ ദിവസങ്ങളിലേക്ക് ലഭിക്കും. പ്ലാനുകൾക്ക് 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയാണ് വാലിഡിറ്റിയുള്ളത്. ഇവ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഗെയിമിങ്, വീഡിയോ സ്ട്രീമിങ് എന്നിവ ചെയ്യുന്നവർക്കും ഉപകാരപ്രദമാണ്.

വിഐയുടെ പുതിയ ഓഫറിലൂടെ അതിവേഗ ഡാറ്റ ആനുകൂല്യം ലഭിക്കുന്ന സമയം എല്ലാവരും ഉറക്കത്തിലായിരിക്കും പക്ഷേ സിനിമയും മറ്റും ഡൌൺലോഡ് ചെയ്യാൻ ഇത് മികച്ചൊരു അവസരമാണ്. രാത്രിയിൽ ജോലി ചെയ്യുന്ന ആളുകളും ഇന്ന് ധാരാളമായി ഉള്ളതിനാൽ ഇവർക്കും ഇത് ഉപകാരപ്പെടും. ഈ ഓഫർ എത്ര കാലത്തേക്കാണ് ലഭ്യമാവുക എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്തായാലും ഇത് സ്ഥിരമായ ഒരു ഓഫറായിരിക്കില്ല. കുറച്ച് കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുന്നത്.


Click it and Unblock the Notifications