മികച്ച ഓഫറുകൾ നൽകുന്ന വിഐയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ കേരളത്തിലും ലഭ്യമാകും
വോഡഫോൺ ഐഡിയയുടെ 148 രൂപ പ്രീപെയ്ഡ് പ്ലാൻ ഇനി എല്ലാ സർക്കിളുകളിലും ലഭ്യമാകും. കേരളത്തോടൊപ്പം ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ചെന്നൈ, ദില്ലി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, മഹാരാഷ്ട്ര, ഗോവ, മുംബൈ, നോർത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട് (ചെന്നൈ ഒഴികെ), യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ തുടങ്ങി ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ഇനി മുതൽ ലഭ്യമാകുമെന്ന് വിഐ അറിയിച്ചു.

28 ദിവസത്തെ വാലിഡിറ്റിയുള്ല പ്ലാനാണ് 148 രൂപയുടേത്. ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് സബ്ക്രിപ്ഷൻ നൽകുന്നു. 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ടെക്ക് ഓൺലിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജിയോയ്ക്കും 149 രൂപയ്ക്ക് സമാനമായൊരു പ്ലാനുണ്ട്. ദിവസവും 1ജിബി ഡാറ്റ നൽകുമെങ്കിലും ജിയോയുടെ പ്ലാൻ 24 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെല്ലിനും 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുണ്ട്. എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ലഭിക്കും. പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂൺസ്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ ആക്സസും എയർടെല്ലിന്റെ 149 രൂപ പ്ലാൻ നൽകുന്നു.

കഴിഞ്ഞ കുറച്ച് കാലമായി കടുത്ത പ്രതിസന്ധിയിലാണ് വിഐ. 2020 ഡിസംബറിൽ 5.7 ദശലക്ഷം വരിക്കാരെയാണ് വിഐയ്ക്ക് നഷ്ടപ്പെട്ടത്. ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തം 34.9 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. പക്ഷേ 2020ന്റെ അവസാന പാദത്തിൽ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് വേഗത നൽകിയ ടെലിക്കോം കമ്പനി എന്ന സ്ഥാനം വിഐയാണ് നേടിയത്. ഇത് കമ്പനിക്ക് തുടർന്നുള്ള മാസങ്ങളിൽ നേട്ടമുണ്ടാക്കുമെന്നാണ് സൂചനകൾ.

എല്ലാ ദിവസവും രാവിലെ 12 മുതൽ രാവിലെ 6 വരെ ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് നൽകുന്ന സൗജന്യ ഹൈ-സ്പീഡ് രാത്രികാല ഇന്റർനെറ്റ് ഓഫർ വിഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ഉപയോക്താക്കളെ നെറ്റ്വർക്കിൽ നില നിർത്താനും പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുമായിട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 249 രൂപ മുതൽ വിലയുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും ഈ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ഓഫർ ലഭ്യമാകും.

ഉപയോക്താക്കൾക്ക് മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്ന ഓഫറും വിഐ നൽകുന്നുണ്ട്. 249 രൂപയും അതിനുമുകളിലുള്ളതുമായ എല്ലാ അൺലിമിറ്റഡ് ഡെയ്‌ലി ഡാറ്റാ ക്വാട്ട പാക്കുകളിലും ഈ ഓഫർ ലഭിക്കും. ഇതിലൂടെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലെ പ്രതിദിന ഡാറ്റ ഉപയോഗിക്കാതെ ബാക്കി ഉണ്ടെങ്കിൽ അത് ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.

പ്രീപെയ്ഡ് പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകുന്ന ഓഫറും വിഐ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. 299 രൂപ, 499 രൂപ, 699 രൂപ എന്നീ ദിവസവും രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾക്കൊപ്പം ദിവസവും രണ്ട് ജിബി ഡാറ്റ അധികമായി നൽകുന്ന ഓഫറാണ് ഇത്. ഈ പ്ലാനുകൾക്ക് യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയാണ് വാലിഡിറ്റി.


Click it and Unblock the Notifications








