ചൈനയെ കീഴടക്കിയ ആ സൂപ്പർ ക്യാമറ ഫോൺ ആഗോള ലോഞ്ചിന്; ഡിസംബർ 14ന് വിവോ എക്സ് 100 സീരീസ് എത്തും
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ എക്സ് 100 സീരീസ് ഫോണുകൾ അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പല പ്രമുഖ കമ്പനികളുടെയും മിഡ് ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ വിപണി കീഴക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവോ തങ്ങളുടെ പുതിയ വജ്രായുധത്തെ വിപണിയിലെത്തിക്കുന്നത്.
വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ കമ്പനി അവതരിപ്പിക്കുക. നവംബർ 14ന് ചൈനയിൽ അവതരിപ്പിച്ച ഈ ഫോണുകൾ കൃത്യം ഒരു മാസം കഴിയുമ്പോൾ ഡിസംബർ 14ന് ആഗോള തലത്തിൽ ലോഞ്ച് ചെയ്യാൻ ആണ് വിവോ പദ്ധതിയിടുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 9300 പ്രോസസർ ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി എടുത്ത് പറയുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചൈനയിൽ ഈ ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് എന്നാണ്. ഒരു മിഡ് ബഡ്ജറ്റ് ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും ഈ ഫോണുകളിൽ നൽകാൻ വിവോ ശ്രമിച്ചിട്ടുണ്ട്. ഫോണിന്റെ ആഗോല ലോഞ്ച് സോഷ്യൽ മീഡിയകളിലൂടെ വിവോ തത്സമയം പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഫോണുകൾ ചൈനീസ് വിപണിയിൽ എത്തിയപ്പോൾ 3,999 യുവാൻ ആയിരുന്നു വിവോ എക്സ് 100 സ്റ്റാന്റേർഡ് മോഡലിന്റെ വില. അതായത് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശം 45,600 രൂപ. വിവോ എക്സ് 100 പ്രോയുടെ വില ആകട്ടെ 4,999 യുവാൻ ആയിരുന്നു (ഏകദേശം 57,000 രൂപ) എന്നാൽ ഇന്ത്യയിലെ ടാക്സ് എല്ലാം ഉൾപ്പെടുന്നതോടെ ഈ വിലയിൽ നിന്നും അൽപം ഉയർന്ന വിലയിൽ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ ചെൻ യെ ബ്ലാക്ക്, സ്റ്റാർ ട്രെയിൽ ബ്ലൂ, സൺസെറ്റ് ഓറഞ്ച്, വൈറ്റ് മൂൺലൈറ്റ് എന്നീ നാല് കളർ വേരിയന്റുകളിൽ ആണ് ഈ ഫോൺ ചൈനയിൽ ലഭിക്കുന്നത്. ചൈനയിൽ അവതരിപ്പിച്ച അതേ മോഡൽ തന്നെ ആഗോള തലത്തിലും വിവോ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഏന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേയുമായി ആണ് രണ്ട് ഫോണുകളും എത്തുന്നത്.
ഇവയ്ക്ക് 120Hz അഡാപ്റ്റീവ് റീഫ്രഷ് റെയ്റ്റും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഈ ഫോണുകളുടെ ക്യാമറ ഫീച്ചറുകളാണ് മറ്റൊരു ഹൈലൈറ്റ്. സോണി IMX VCS സെൻസറോട് കൂടിയ 50 എംപി മെയിൻ സെൻസർ ആണ് എക്സ് 100ന് വിവോ നൽകിയിരിക്കുന്നത്. കൂടാതെ 64 എംപി ടെലിഫോട്ടോ ക്യാമറയും കമ്പനി നൽകിയിരിക്കുന്നു. 3x ഒപ്റ്റിക്കൽ സൂം ആണ് ഇവ വാഗ്ദാനം ചെയ്യുന്നത്.
എക്സ് 100 പ്രോയുടെ ക്യാമറ പരിശോധിക്കുമ്പോൾ 50 എംപിയുടെ സോണി IMX989 സെൻസറും 50 എംപി സീസ് ലെൻസും ഉൾക്കൊള്ളുന്നു 4.3x ഒപ്റ്റിക്കൽ സൂം ആയിരിക്കും ഈ ലെൻസ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഫോണുകളിലും 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും വിവോ നൽകിയിട്ടുണ്ട്. സ്റ്റാന്റേർഡ് മോഡലിൽ 5,000 mAh ബാറ്ററിയും പ്രോയിൽ 5,400 mAh ബാറ്റിയും വിവോ നൽകിയിരിക്കുന്നു.
16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും രണ്ട് ഉപകരണങ്ങളിലും ഉണ്ടായിരിക്കുന്നതാണ്. ബഡ്ജറ്റിന് അനുസരിച്ച ഒരു മികച്ച ഫോൺ ആയിരിക്കും വിവോ എക്സ് 100 സീരീസ് ഫോണുകൾ എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ ഉള്ള ഒരു ബ്രാൻഡാണ് വിവോ. കമ്പനി തങ്ങളുടെ പുതിയ ഉത്പന്നം അവതരിപ്പിക്കുമ്പോൾ മികച്ച പ്രതീക്ഷയാണ് വിവോയ്ക്കും ഉപയോക്താക്കൾക്കും ഉള്ളത്.


Click it and Unblock the Notifications








