വോഡഫോൺ-ഐഡിയ ഏഴ് ദിവസത്തേക്ക് 14 ജിബി ഡാറ്റ സൌജന്യമായി നൽകുന്നു
വോഡഫോൺ-ഐഡിയ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സർക്കിളുകളിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഏഴ് ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

വോഡാഫോൺ ഐഡിയയുടെ പുതിയ ഓഫറിനായി കമ്പനി പണം ഈടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് പൂർണമായും സൌജന്യമായ ഓഫറാണ്. ഉപഭോക്താക്കൾക്ക് നിലവിലുള്ള പ്ലാനുകൾക്ക് പുറമേ ലഭിക്കുന്ന സൌജന്യ ഡാറ്റ ആനുകൂല്യമാണ് ഇത്. കമ്പനി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സൌജന്യ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ക്രെഡിറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഈ ഓഫർ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ഉള്ളതാണ്.

ഏഴ് ദിവസത്തേക്ക് മൊത്തം 14 ജിബി ഡാറ്റ ലഭിക്കുന്ന വോഡാഫോൺ ഐഡിയയുടെ ഓഫർ നിങ്ങളുടെ വോഡാഫോൺ, ഐഡിയ നമ്പരിൽ ലഭ്യമാണോ എന്നറിയാൻ 121363 എന്ന നമ്പരിൽ ഡയൽ ചെയ്താൽ മതി. ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ കൺഫർമേഷൻ മെസേജ് ലഭിക്കും. ഈ പ്രത്യേക ഓഫർ ലോക്ക്ഡൗൺ കാലയളവിലേക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിലവിൽ, ചെന്നൈ, കൊൽക്കത്ത, ന്യൂഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സർക്കിളുകളിൽ മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളു.

കേരളത്തിലെ വോഡാഫോൺ ഐഡിയ ഉപയോക്താക്കൾക്ക് പുതിയ ഓഫർ നിലവിൽ ലഭ്യമല്ല. ഇനി രണ്ടാം ഘട്ടമായി കേരള സർക്കിളിലേക്കും ഈ ഓഫർ കൊണ്ടുവരുമോ എന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെ വോഡാഫോണിന്റെ ഇരട്ടി ഡാറ്റ നൽകിയിരുന്ന് പ്ലാനുകൾ കേരളമടക്കമുള്ള ചില സർക്കിളുകളിൽ നിന്ന് കമ്പനി പിൻവലിച്ചിരുന്നു. കമ്പനി ഈയിടെ അവതരിപ്പിച്ച 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകുന്ന ഓഫറിലും കേരളത്തെ അവഗണിച്ചു.

റിലയൻസ് ജിയോ ഇതിനകം തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സൌജന്യ ഡാറ്റ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തേക്ക് ദിവസവും 2ജിബി ഡാറ്റ വീതം ലഭിക്കുന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. ജിയോയുടെ ഓഫർ ഉപയോക്താക്കൾക്ക് നൽകി തുടങ്ങി. ഈ ഓഫറും സൌജന്യമാണ്. നിരവധി ജിയോ ഉപയോക്താക്കൾ ഇതിനകം തന്നെ അവർക്ക് ഓഫർ ലഭിച്ചതായി ട്വീറ്റർ അക്കൌണ്ടുകൾ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ജിയോ ഡാറ്റ പായ്ക്ക് നിങ്ങളുടെ ജിയോ നമ്പരിൽ ലഭ്യമാണോ എന്ന് പരിശോധിക്കാൻ മൈ ജിയോ അപ്ലിക്കേഷനിൽ പരിശോധിക്കാവുന്നതാണ്.

വോഡഫോൺ 4 ജിബി ഡാറ്റ പ്ലാൻ
വോഡാഫോൺ ഐഡിയ ലോക്ക്ഡൌൺ കാലയളവിൽ തങ്ങളുടെ മൂന്ന് പ്ലാനുകളിൽ കൂടി ഇരട്ടി ഡാറ്റ ഓഫർ നൽകി തുടങ്ങി. 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലാണ് കമ്പനി ഓഫർ നൽകി തുടങ്ങിയത്. നേരത്തെ ദിവസവും 2 ജിബി ഡാറ്റ നൽകിയിരുന്ന ഈ പ്ലാനുകൾ ഇപ്പോൾ 4 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 299 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മൊത്തം കാലയളവിലേക്കുമായി 112 ജിബി ഡാറ്റയാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്.

449 രൂപയുടെ പ്ലാൻ 56 ദിവസത്തേക്ക് വാലിഡിറ്റിയും ദിവസവും 4ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. 699 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് ദിവസവും 4 ജിബി ഡാറ്റ നൽകുന്നു. രാജസ്ഥാൻ, ജമ്മു, കശ്മീർ, ദില്ലി, മുംബൈ, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ പരിമിതമായ സർക്കിളുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു. കേരള സർക്കിളിൽ ഈ പ്ലാനുകൾ ലഭ്യമല്ല.


Click it and Unblock the Notifications








