വോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാൻ വീണ്ടും അവതരിപ്പിച്ചു, ആനുകൂല്യങ്ങളിൽ മാറ്റം
വോഡഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ പ്ലാൻ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെ കമ്പനി പിൻവലിച്ചിരുന്നു. ഇത്തവണ 601 രൂപ പ്ലാൻ വരുന്നത് കുറഞ്ഞ വാലിഡിറ്റി കാലയളവുമായിട്ടാണ്. 56 ദിവസത്തെ വാലിഡിറ്റി ഉണ്ടായിരുന്ന ഈ പ്ലാൻ ഇനി 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുക. മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വാലിഡിറ്റി കാലയളവ് കമ്പനി പകുതിയായി കുറച്ചു എന്നത് ശ്രദ്ധേയമാണ്.

601 രൂപ പ്ലാനിലൂടെ നേരത്തെ ലഭിച്ചിരുന്ന ഡാറ്റ ആനുകൂല്യങ്ങൾ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം ലഭിക്കുന്ന എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം അതുപോലെ തന്നെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ ആകർഷകമായ ഒടിടി ആനുകൂല്യം പ്ലാൻ വീണ്ടും അവതരിപ്പിച്ചപ്പോഴും ലഭ്യമാകുന്നുണ്ട്. എക്‌സ്‌ക്ലൂസീവ് ടിവി ഷോകൾ, ലൈവ് സ്‌പോർട്‌സ്, ഹോളിവുഡ് സിനിമകൾ എന്നിവ ഓൺലൈനായി സ്‌ട്രീം ചെയ്യാൻ സാധഇക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസസാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരു വർഷത്തേക്കാണ് ഈ ഒടിടി ആനുകൂല്യം ലഭിക്കുന്നത്.

വോഡാഫോൺ ഐഡിയ 601 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അടുത്തിടെ നിർത്തലാക്കിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഈ പ്ലാൻ വാലിഡിറ്റി കാലയളവിലുടനീളം പ്രതിദിനം 3 ജിബി ഡാറ്റയാണ് നൽകുന്നത്. നേരത്തെ 56 ദിവസത്തേക്ക് 168 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത് എങ്കിൽ ഇനി മുതൽ 28 ദിവസത്തേക്ക് മൊത്തം 84 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസേന 100 എസ്എംഎസ് മെസേജുകൾ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നു.

601 രൂപ പ്ലാനിലൂടെ വോഡാഫോൺ ഐഡിയ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈലിന്റെ ഒരു വർഷത്തെ ആക്‌സസാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് വിഐ ആപ്പ് വഴിയോ 121249 ഡയൽ ചെയ്യുന്നതിലൂടെയോ ഈ ആനുകൂല്യം ക്ലെയിം ചെയ്യാൻ സാധിക്കും. 2 ജിബി വരെയുള്ള ബാക്കപ്പ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. 601 രൂപ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് അധിക ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റ റോൾ ഓവറും ഓൾ നൈറ്റ് ബിൻജെ ഓഫറും ഉൾപ്പെടുന്നു. വീക്കെൻഡ് ഡാറ്റ റോൾ ഓവറിലൂടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കിയുള്ള ദൈനംദിന ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.

രാത്രി 12 മണി മുതൽ രാവിലെ 6 മണിവരെ അൺലിമിറ്റഡ് അതിവേഗ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറാണ് ബിൻജെ ഓൾ നൈറ്റ്. ഈ രണ്ട് ആനുകൂല്യങ്ങളും 601 രൂപ പ്ലാനിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇത് കൂടാതെ വിഐ മൂവീസ്, ടിവി ആപ്പ് വഴി പ്രീമിയം സിനിമകൾ, ഒറിജിനൽ, ടിവി ഷോകൾ, വാർത്തകൾ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കുന്നു. ഈ പ്ലാൻ വിഐ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്ക് 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഈ വർഷം ആദ്യം അവതരിപ്പിച്ച വിഐ 601 രൂപ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ ആഡ്-ഓൺ പായ്ക്ക് ആയിട്ടാണ് വന്നത്. 75 ജിബി ഡാറ്റയും ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുമായിരുന്നു. ഇതിൽ അധിക വാലിഡിറ്റി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇത് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള ഒരു സാധാരണ 'അൺലിമിറ്റഡ്' റീചാർജ് ഓപ്ഷനായി മാറി. ഇതിനൊപ്പം ഉണ്ടായിരുന്ന 501 രൂപ, 701 രൂപ പ്ലാനുകളും പിൻവലിച്ചിരുന്നു. ഈ പ്ലാനുകൾ ഇതുവരെ തിരികെ കൊണ്ടുവന്നിട്ടില്ല.


Click it and Unblock the Notifications








