കുറഞ്ഞ വരുമാനമുള്ളവർക്കായി വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു
വോഡഫോൺ ഐഡിയ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 75 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പല സാധാരണക്കാരും ജോലിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഈത്തരം സാഹചര്യങ്ങളിലാണ് അത്യാവശ്യം ഡാറ്റയും കോളിങ് ആനുകൂല്യവും നൽകുന്ന പുതിയ പ്ലാൻ വിഐ അവതരിപ്പിച്ചത്. അൺലോക്ക് 2.0 എന്ന പേരിലാണ് വിഐ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വോഡഫോൺ-ഐഡിയ അൺലോക്ക് 2.0 ഓഫർ
പുതിയ 75 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 50 മിനിറ്റ് കോളിങ് ആണ് നൽകുന്നത്. 50 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് വിഐ നൽകുന്നത്. നിലവിലുള്ള കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്തവർക്കും ഈ സൗകര്യം ലഭ്യമാണ്. ഈ പ്ലാൻ നിങ്ങൾക്കും ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഇതിനായി യുഎസ്എസ്ഡി കോഡ് 44475 #, ടോൾ ഫ്രീ ഐവിആർ 121153 എന്നിവ ഡയൽ ചെയ്താൽ മതിയാകും.

മേൽപ്പറഞ്ഞ നമ്പരുകൾ ഡയൽ ചെയ്താൽ നിങ്ങൾക്ക് 75 രൂപ പ്രീപെയ്ഡ് പ്ലാൻ ലഭിക്കാൻ അർഹത ഉണ്ടോ എന്ന് വ്യക്തമാകും. ഇതിനുശേഷം കമ്പനി നിങ്ങൾക്ക് ഒരു മെസേജ് അയക്കും. ഇതിലൂടെ പുതുതായി ലോഞ്ച് ചെയ്ത 75 രൂപ പാക്കിന്റെ എല്ലാ ആനുകൂല്യങ്ങളും അൺലോക്ക് ചെയ്യും. ഓഫർ ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ എന്നറിയാൻ ഉപയോക്താക്കൾക്ക് റീട്ടെയിൽ സ്റ്റോറുകളും സന്ദർശിക്കാവുന്നതാണ്. റീട്ടെയിലർമാർക്ക് ഓഫർ ആക്ടിവേഷൻ പരിശോധിക്കാൻ കഴിയും.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയ 49 രൂപ പായക്കിനൊപ്പം സൗജന്യ ഓഫറുകൾ നൽകുന്നുണ്ട്. ഈ ആനുകൂല്യം ഉപയോക്താക്കൾക്ക് ഒരു തവണ മാത്രമേ ലഭിക്കുകയുള്ളു. ഇത് കൂടാതെ കമ്പനി 38 രൂപയുടെ പ്ലാനിനും ഓഫർ നൽകുന്നു. ഈ പ്ലാനിലൂടെ 38 രൂപ ടോക്ക് ടൈമും 300 എംബി ഡാറ്റയും 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ ഉപയോക്താവ് വിഐ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി റീചാർജ് ചെയ്താൽ അവർക്ക് 200 എംബി ഡാറ്റ അധികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജിയോയ്ക്കും എയർടെല്ലിനും സമാന പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ വിഐയ്ക്ക് മുന്നിലുള്ള എയർടെല്ലും ജിയോയും സമാനമായ ഓഫറുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. എയർടെൽ, റിലയൻസ് ജിയോ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ ആകർഷിക്കുന്നതിനായിട്ടാണ് വോഡാഫോൺ ഐഡിയ കുറഞ്ഞ വരുമാനക്കാർക്കായി പായ്ക്കുകൾ ആരംഭിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള പ്ലാനുകൾ ജിയോയും എയർടെല്ലും നൽകുന്നുണ്ട്.

എല്ലാ സ്വകാര്യ കമ്പനികളും കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിലേക്ക് കൂടുതൽ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. നിലവിലെ കൊവിഡിനറെ സാഹചര്യം മെച്ചപ്പെട്ടുകഴിഞ്ഞാൽ കമ്പനികൾ പ്ലാനുകളുടെ വിലവർധിപ്പിക്കുമെന്നാണ് സൂചനകൾ. വിപണിയിൽ താരിഫ് നിരക്കുകളിൽ മാറ്റം വരുത്തുന്നത് പുതിയ കാര്യമല്ല. എല്ലാ ടെലികോം ഓപ്പറേറ്റർമാരും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള പുതിയ പ്ലാനുകൾ ആരംഭിക്കുകയും നിലവിലുള്ളവയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.


Click it and Unblock the Notifications








