15 രൂപയിൽ ആരംഭിക്കുന്ന ഓൾ റൌണ്ടർ പാക്കുകളുമായി വോഡാഫോൺ
ടെലിക്കോം രംഗത്തെ മത്സരത്തിനിടെ ഉപയോക്താക്കളെ ആകർഷിക്കാനും തങ്ങളുടെ നിലവിലെ വരിക്കാരെ പ്രീതിപ്പെടുത്തി പിടിച്ചു നിർത്താനുമുള്ള ശ്രമത്തിലാണ് കമ്പനികൾ. അതുകൊണ്ട് തന്നെ വോഡാഫോണും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ആരംഭിച്ച് ഉപയോക്താക്കളെ നിലനിർത്താൻ കഠിനമായി ശ്രമിക്കുന്നുണ്ട്. വോഡാഫോൺ ഇപ്പോൾ ഇന്ത്യയിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 39 രൂപയുടെ ഓൾ റൌണ്ടർ പ്ലാൻ കൂടി ആരംഭിച്ചിരിക്കുകയാണ്.

39 രൂപയുടെ പുതിയ പ്ലാൻ നിലവിലുള്ള 35 രൂപ, 45 രൂപ, 65 രൂപ, 69 രൂപ, 95 രൂപ, 145 രൂപ, 245 രൂപ പ്ലാനുകൾക്കൊപ്പം ലഭ്യമാകുന്ന ഓൾ റൌണ്ടർ പ്ലാനായിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ടെലികോംടോക്ക് റിപ്പോർട്ട് അനുസരിച്ച് 28 ദിവസത്തേക്ക് 30 രൂപ ടോക്ക് ടൈമിനൊപ്പം 100 എംബി 4 ജി ഡാറ്റയും ഈ പുതിയ പ്ലാനിലൂടെ കമ്പനി ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാ വോയ്‌സ് കോളുകൾക്കും സെക്കൻഡിൽ 2.5 പൈസ നിരക്കിലുള്ള ചാർജ്ജ് ഉപയോക്താവ് നൽകേണ്ടി വരും.

ഇത് കൂടാതെ 29 രൂപ, 15 രൂപ നിരക്കുകളിൽ റേറ്റ് കട്ടർ പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ ഓൾ റൌണ്ട് പ്ലാനുകൾ രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ മാത്രമായിരിക്കും ലഭ്യമാവുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ പ്ലാനുകൾ റേറ്റ് കട്ടർ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളൂ. പരിധിയില്ലാത്ത കോളിംഗ്, ഡാറ്റ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളൊന്നും ഇവയിൽ ലഭിക്കുന്നില്ല. കൂടാതെ, മിനിറ്റിൽ 30 പൈസ എന്ന നിരക്കിലുള്ള കോളുകളും ഇത് വാഗ്ദാനം ചെയ്യുന്നു. പായ്ക്കുകൾ യഥാക്രമം ഏഴ് ദിവസവും മൂന്ന് ദിവസം എന്നീ കാലാവധിയിലാണ് ലഭ്യമാവുക.

നേരത്തെ വോഡഫോൺ തങ്ങളുടെ ഉപഭോക്താക്കൾക്കായി 45 രൂപയുടെ ഓൾറൌണ്ടർ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്രീപെയ്ഡ് പായ്ക്കിന് കീഴിൽ ഉപയോക്താവിന് ലോക്കൽ, എസ്ടിഡി, ദേശീയ റോമിംഗ് എന്നിവയിൽ 150 മിനിറ്റ് സൗജന്യ കോളിംഗ് ലഭിക്കും. 250 എംബി 4 ജി ഡാറ്റയും 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കും 28 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. ഇത് കൂടാതെ 30 രൂപയുടെ പ്രീപെയ്ഡ് പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ 28 ദിവസത്തേക്ക് ഫുൾ ടോക്ക് ടൈമും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഈ പദ്ധതി മുംബൈ, കേരളം, കർണാടക സർക്കിളുകളിലാണ് ലഭ്യമായിട്ടുള്ളത്.

റിലയൻസ് ജിയോയിൽ നിന്ന് വ്യത്യസ്തമായി വോഡഫോൺ ഇപ്പോഴും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സബ്‌സ്‌ക്രൈബർമാർക്ക് സൌജന്യമായി അൺലിമിറ്റഡ് കോളുകൾ നൽകുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. ജിയോ ഇപ്പോൾ മറ്റ് കമ്പനികളുടെ നമ്പരുകളിലേക്കുള്ള ഓഫ്-നെറ്റ് കോളുകൾക്ക് മിനിറ്റിൽ 6 പൈസയാണ് ഈടാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്‌എൻഎൽ അതിന്റെ വരിക്കാർക്ക് 6പൈസ സൌജന്യ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയെ ശക്തമായി വെല്ലുവിളിച്ചുകൊണ്ടാണ് ബിഎസ്എൻഎല്ലിൻറെ ഈ നീക്കം.

ഇതിനിടെ ടെലിക്കോം കമ്പനികൾക്ക് കനത്ത തിരിച്ചടിയായി വന്ന സുപ്രിംകോടതിയുടെ ഉത്തരവ് മേഖലയെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. സ്പെക്ട്രം യൂസർ ചാർജ്. ലൈസൻസ് ഫീസ് എന്നീ ഇനത്തിൽ സർക്കാരിലേക്ക് കമ്പനികൾ 92,642 കോടി രൂപ അടയ്ക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്.. ഈ തുക ഈടാക്കാനുള്ള ടെലിക്കോം മന്ത്രാലയത്തിൻറെ തീരുമാനത്തിനെതിരായുള്ള ഹർജി പരിഗണിച്ച കോടതി മന്ത്രാലയത്തിൻറെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

വോഡാഫോൺ ഐഡിയ 40,000 കോടി രൂപയാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടി വരിക. മറ്റൊരു സുപ്രധാന ഓപ്പറേറ്ററായ ഭാരതി എയർടെൽ 42,000 കോടിയും സർക്കാരിലേക്ക് അടയ്ക്കണം. പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കൊപ്പം ടാറ്റാ ടെലി സർവ്വീസും പട്ടികയിലുണ്ട്. ജിയോയ്ക്ക് താരതമ്യേന ചെറിയ തുകയാണ് പിഴ. എന്തായാലും ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും മത്സരം കൈവിടതെ പുതിയ പദ്ധതികൾ കമ്പനികൾ പുറത്തിറക്കുന്നു എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications