വോഡാഫോണിന്റെ ഇരട്ടി ഡാറ്റ ഓഫർ കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ പിൻവലിച്ചു
ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ ഉപയോക്താക്കളെ ആകർഷിക്കാനായി നൽകിയിരുന്ന ഇരട്ടി ഡാറ്റ ഓഫർ പിൻവലിച്ചു. കേരളം ഉൾപ്പെടെ എട്ട് സർക്കിളുകളിലാണ് ഓഫർ പിൻവലിച്ചിരിക്കുന്നത്. ഇതോടെ ഈ ഓഫർ ലഭിക്കാത്ത സർക്കിളുകളുടെ എണ്ണം 14 ആയി. കേരളംത്തിനൊപ്പം ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, നോർത്ത് ഈസ്റ്റ്, പഞ്ചാബ്, യുപി, മഹാരാഷ്ട്ര, ഗോവ സർക്കിളുകളിലാണ് ഓഫർ പിൻവലിച്ചത്.

ഇരട്ടി ഡാറ്റ ഓഫറിലൂടെ 1.5 ജിബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനുകളിൽ 3 ജിബി ഡാറ്റയാണ് കമ്പനി ഉപയോക്താക്കൾക്ക് നൽകിയത്. അതിവേഗ ഡാറ്റ ബ്രൌസിങ് നൽകിയിരന്ന 249 രൂപ പ്ലാൻ ഉൾപ്പെടെ മൂന്ന് പ്ലാനുകളിലാണ് കമ്പനി ഇരട്ടി ഡാറ്റ ഓഫർ നൽകിയിരുന്നത്. ഇനി മുതൽ കേരളം ഉൾപ്പെടെയുള്ള എട്ട് സർക്കിളുകളിലെ വോഡഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 1.5 ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു.

249 രൂപ, 399 രൂപ, 599 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളിലാണ് വോഡാഫോൺ ഇരട്ടി ഡാറ്റ ആനുകൂല്യം നൽകിയിരുന്നത്. ഈ മൂന്ന് പ്ലാനുകളിലും സാധാരണ നിലയിൽ ദിവസേന 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. എന്നാൽ ഇരട്ടി ഡാറ്റ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ദിവസവും മൂന്ന് ജിബി ഡാറ്റയാണ് വോഡാഫോൺ ലഭ്യമാക്കിയത്. അസം, തമിഴ്‌നാട്, കർണാടക സർക്കിളുകളിലെ ഉപയോക്താക്കൾക്ക് ഇനിയും ഇരട്ടി ഡാറ്റ ആനുകൂല്യം ലഭിക്കും.

249 രൂപ, 399 രൂപ, 599 രൂപ എന്നിങ്ങനെയുള്ള മൂന്ന് പ്ലാനുകളിലൂടെ വോഡാഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസും നൽകുന്നു. 249 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 399 രൂപ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയും 599 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. ഈ മൂന്ന് പ്ലാനുകളും വോഡഫോൺ പ്ലേ, സീ 5 സ്ട്രീമിംഗ് സർവ്വീസ് എന്നിവയിലേക്കുള്ള സൌജന്യ ആക്സസും നൽകുന്നുണ്ട്.

ഡബിൾ ഡാറ്റ ഓഫറുകൾ നിർത്തലാക്കിയെങ്കിലും കേരളത്തിലെ കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കായി കമ്പനി ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ട്. 398 രൂപ, 558 രൂപ വിലയിലുള്ള രണ്ട് പ്ലാനുകളാണ് ഇത്തരത്തിൽ ദിവസവും മൂന്ന് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളായി വോഡാഫോൺ ലഭ്യമാക്കുന്നത്. 398 രൂപ പ്ലാനിൽ പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും കമ്പനി നൽകുന്നു.

28 ദിവസത്തെ വാലിഡിറ്റിയാണ് 398 രൂപ പ്ലാനിന് കമ്പനി നൽകുന്നത്. ഈ പ്ലാനിലൂടെ 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ ആക്സസും കമ്പനി ഈ പ്ലാനിലൂടെ ലഭ്യമാക്കുന്നുണ്ട്. വോഡാഫോൺ 558 രൂപയുടെ പ്ലാനിലൂടെ 398 രൂപ പ്ലാനിലൂടെ നൽകന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി നൽകുന്നുണ്ട്. ഈ പ്ലാനിന്റ വാലിഡിറ്റി 56 ദിവസമാണ്.

വോഡാഫോൺ വാലിഡിറ്റി നീട്ടി നൽകുന്നു
കൊറോണ വൈറസ് ഭീതി അവസാനിക്കാത്തതിനാൽ രാജ്യത്തെ ലോക്ക്ഡൌൺ കാലാവധി മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 90 ദശലക്ഷം ഉപയോക്താക്കൾക്ക് സൌജന്യ ഇൻകമിംഗ് കോളുകൾക്കുള്ള സൗകര്യം നീട്ടി നൽകുമെന്ന് വോഡാഫോൺ അറിയിച്ചു. ലോക്ക്ഡൌണിന്റെ ആദ്യ ഘട്ടത്തിൽ ഏപ്രിൽ 17 വരെ അക്കൌണ്ട് വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം 10 രൂപ ടോക്ക് ടൈം ആനുകൂല്യവും വോഡാഫോൺ നൽകിയിരുന്നു.


Click it and Unblock the Notifications