എന്നാലും ഈ ചതി വേണ്ടായിരുന്നു വാട്സ്ആപ്പേ..; പഴയ ചാറ്റുകൾ കാണണമെങ്കിൽ ഇനി പണം നൽകണം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ വാട്സ്ആപ്പിന് ഉപയോക്താക്കൾ നിരവധിയാണ്. ഈ അടുത്തിടെയായി നിരവധി അപ്ഡേറ്റുകളും വാട്ആപ്പിൽ നടത്തിയിട്ടുണ്ട്. ഇതിൽ പലതും ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ വേണ്ടി നടത്തിയിട്ടുള്ളതാണ്. അതിനാൽ ഈ അപ്ഡേറ്റുകളിൽ എല്ലാം തന്നെ ഉപയോക്താക്കൾ സന്തോഷവാന്മാരായിരുന്നു.
അതേ സമയം പുതിയതായി വാട്സ്ആപ്പ് നടത്തുന്ന അപ്ഡേറ്റ് ചിലപ്പോൾ ഉപഭോക്താക്കളെ വലിയ രീതിയിൽ നിരാശരാക്കിയേക്കാം. ഇനി മുതൽ വാട്സ്ആപ്പിലെ പഴയ ചാറ്റുകൾ കാണാൻ സാധിക്കില്ലാത്ത തരത്തിൽ ആയിരിക്കും പുതിയ അപ്ഡേറ്റ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ വാട്സ്ആപ്പ് ചാറ്റുകൾക്കെല്ലാം പരുധി ഇല്ലാത്ത ബാക്കപ്പ് സ്റ്റോറേജ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ തന്നെ എത്ര പഴയ ചാറ്റുകളും ഉപയോക്താക്കൾക്ക് കണ്ടെത്താമായിരുന്നു.

എന്നാൽ ഇനി മുതൽ ഇത് സാധ്യമാകില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിന് കമ്പനി പരുധി നിശ്ചയിക്കാൻ പോകുകയാണ്. വാട്സ്ആപ്പും ഗൂഗിളും ചേർന്നായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ആൻഡ്രോയിഡ് 2.23.24.21 അപ്ഡേറ്റിൽ ആയിരിക്കും ഈ മാറ്റം വരുന്നത്. WABetaInfo എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലും ഈ മാറ്റം ഉണ്ടായിരിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ഈ അപ്ഡേറ്റ് വന്നുകഴിഞ്ഞാൽ 15 ജിബി മാത്രം ആയിരിക്കും ഉപയോക്താക്കളുടെ സൗജന്യ സ്റ്റോറേജ് അളവ്. നിലവിൽ ചില വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചു തുടങ്ങി. അധികം വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഇത്തരത്തിലുള്ള അറിയിപ്പ് വാട്സ്ആപ്പിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നതായിരിക്കും. വാട്സ്ആപ്പിന്റെ ഇൻ-അലേർട്ട് സംവിധാനം വഴിയായിരിക്കും ഈ അറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിക്കുക. അതേസമയം നേരത്തെ സൂചിപ്പിച്ചതുപോലെ സൗജന്യമായി ഉപയോഗിക്കാവുന്ന സ്റ്റോറേജിന്റെ അളവാണ് 15 ജിബി.

നിങ്ങൾക്ക് ഗൂഗിൾ വൺ വഴി അധിക സ്റ്റോറേജ് വാങ്ങിക്കഴിഞ്ഞാൽ ഈ അധിക സ്റ്റോറേജ് വാട്സ്ആപ്പിന്റെ മെസേജ് ബാക്കപ്പിനായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കുമെന്നും WABetaInfoയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ 100 ജിബി സ്റ്റോറേജ് ഗൂഗിൾ വണിൽ നിന്ന് വാങ്ങുന്നതിനായി 1.99 ഡോളറാണ് ചിലവ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 165 രൂപ മാത്രം. ഇത്തരത്തിൽ സ്റ്റോറേജ് അധികം ആവിശ്യമായി വരുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ വണിൽ നിന്ന് അധിക സ്റ്റോറേജ് വാങ്ങാവുന്നതാണ്.
അതേ സമയം നേരത്തെ ജോലിയുടെ ഭാഗമായോ പഠനത്തിന്റെ ഭാഗമായോ വർക്ക്‌സ്‌പെയ്‌സ് സബ്‌സ്‌ക്രിപ്‌ഷൻ ചെയ്തിരിക്കുന്ന ഉപയോക്താക്കളെ വാട്സപ്പിന്റെ പുതിയ മാറ്റം ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പിൽ ഇപ്പോൾ പല വീഡിയോകളും ചിത്രങ്ങളും എച്ച്ഡി ഫോർമാറ്റിൽ അയയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരം ഫയലുകൾക്ക് താരതമ്യേന സൈസും കൂടുതൽ ആയിരിക്കും. ഇത്തരത്തിൽ നോക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ സൗജന്യമായി ലഭിക്കുന്ന 15 ജിബി തികയാനുള്ള സാധ്യതയുണ്ട്.
പല ഉപയോക്താക്കളെയും വാട്സ്അപ്പിന്റെ പുതിയ തീരുമാനം കാര്യമായി ബാധിച്ചേക്കാം. അതേ സമയം അടുത്തിടെ വാട്സ്ആപ്പ് പുതിയ ഒരു മാറ്റം കൂടി അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കളുടെ രഹസ്യ ചാറ്റുകൾക്ക് ഇരട്ടി സുരക്ഷ ഉറപ്പാക്കുന്ന സീക്രട്ട് കോഡ് ഫീച്ചർ (WhatsApp Secret code feature) എന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്.
നിലവിൽ ഏതെങ്കിലും ചാറ്റ് നമ്പർ ലോക്ക്, ഫിംഗർ പ്രിന്റ് ലോക്ക് എന്നിവ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പിൽ ഉണ്ട്. ഇതിന് പുറമെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് നിർമ്മിക്കാൻ സാധിക്കും. ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് നൽകിയാൽ മാത്രമായിരിക്കും ഈ ചാറ്റ്ബോക്സ് തുറക്കാൻ സാധിക്കു.


Click it and Unblock the Notifications








