ടെലിക്കോം കമ്പനികൾ വീണ്ടും താരിഫ് നിരക്കുകൾ വർധിപ്പിക്കുമോ?, അറിയേണ്ടതെല്ലാം
2ജി, 3ജി സബ്‌സ്‌ക്രൈബർമാരെ 4ജി സേവനങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവർത്തനങ്ങളിലാണ് ജിയോ ഒഴികെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ. ജിയോയ്ക്ക് 4ജി നെറ്റ്വർക്കുകൾ മാത്രമേ ഉള്ളു. ഉപയോക്താക്കളെ 4ജിയിലേക്ക് മാറ്റി അടുത്ത രണ്ടോ മൂന്നോ പാദങ്ങളിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) മെച്ചപ്പെടുത്താനാണ് കമ്പനികളുടെ ശ്രമം. നിക്ഷേപ വിവര സ്ഥാപനമായ ഐസിആർഎയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്ത സാമ്പത്തിക വർഷത്തിൽ വരുമാനം വർദ്ധിപ്പിക്കാനായി ടെലികോം ഓപ്പറേറ്റർമാർ താരിഫ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ടെലികോം ഓപ്പറേറ്റർമാർ വരും മാസങ്ങളിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 220 രൂപയാക്കി വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരുമാനം 11 മുതൽ 13 ശതമാനം വരെ വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഐസിആർഎ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചത്. ഇപ്പോഴും എയർടെൽ, വിഐ എന്നീ ടെലിക്കോം ഓപ്പറേറ്റർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

അടുത്ത സാമ്പത്തിക വർഷത്തിൽ (2021- 2022) ടെലിക്കോം വ്യവസായം മെച്ചപ്പെടുമെന്ന് കമ്പനികൾ വിശ്വസിക്കുന്നു. പുറത്തുനിന്നുള്ള വായ്പകൾ കുറയ്ക്കാനും അടുത്ത വർഷത്തോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുകയും ഓപ്പറേറ്റർമാർ സ്വന്തമായി തന്നെ പ്രവർത്തനങ്ങൾക്കായി നിക്ഷേപം നടത്തുകയും ചെയ്യും. വരാനിരിക്കുന്ന സ്പെക്ട്രം ലേലവും എജിആർ ബാധ്യതകളും ഈ മേഖലയെ ബാധിച്ചേക്കുമെന്നും ഐസിആർഎയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇൻഡസ്ട്രിയുടെ മൊത്തം കടം 2022 മാർച്ച് 31 നകം 4.7 ലക്ഷം കോടി രൂപയോളമായി മാറും. എന്നിരുന്നാലും, ഓപ്പറേറ്റിങ് മെട്രിക്സിലെ മെച്ചപ്പെടുത്തൽ കടങ്ങൾ നികത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റർപ്രൈസ് ബിസിനസ്സ്, ക്ലൗഡ് സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, നിശ്ചിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെൽകോ ഇതര ബിസിനസുകളാണ് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതെന്നും ഐസിആർഎ കൂട്ടിച്ചേർത്തു.

5ജി നെറ്റ്‌വർക്ക് മുഴുവൻ ടെലികോം വ്യവസായത്തെയും മാറ്റും
5ജി (3300- 3600 മെഗാഹെർട്സ് ബാൻഡ്) ടെലിക്കോം മേഖലയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും സ്പെക്ട്രത്തിന്റെ ഉയർന്ന വില മൊത്തത്തിലുള്ള ലേലത്തെ ബാധിച്ചേക്കാം. 5ജി നെറ്റ്‌വർക്കിന്റെ പാൻ-ഇന്ത്യ റോൾ ഔട്ടിന് സമയമെടുക്കുമെന്നതിനാൽ മുഴുവൻ നടപടിക്രമത്തിനും ധാരാളം നിക്ഷേപം ആവശ്യമാണെന്നും ഓപ്പറേറ്റർമാർത്ത് ഇത് തിരിച്ചടിയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ 5ജി റോൾഔട്ടിന് ശേഷം കമ്പനികൾക്ക് സാമ്പത്തിക മെച്ചം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


Click it and Unblock the Notifications