ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കാൻ ഷവോമി പുതിയ ബിസിനസ് യൂണിറ്റ് ആരംഭിച്ചു
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ പോകുന്ന എന്ന പ്രഖ്യാപനം കഴിഞ്ഞ മാർച്ചിലാണ് പുറത്ത് വന്നത്. തങ്ങൾ കൈവച്ച മേഖലകളിലെല്ലാം വിജയം നേടിയ ചരിത്രമാണ് ഷവോമിക്ക് ഉള്ളത് എന്നതിനാൽ തന്നെ ഷവോമിയുടെ ഇവി നിർമ്മിക്കാൻ പോകുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ടെക്നോളജി, ഓട്ടോമൊബൈൽ രംഗം കണ്ടത്. ഇപ്പോഴിതാ ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഇലക്ട്രിക്ക് വെഹിക്കിൾ നിർമ്മാണത്തിനായുള്ള യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ഷവോമിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റ് ഷവോമി ഇവി എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ ഇവി കമ്പനി 10 ബില്യൺ യുവാൻ മൂലധനത്തോടെയാണ് രജിസ്റ്റർ ചെയ്തത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 11,000 കോടി രൂപയാണ്. ഷവോമി സിഇഒ ലീ ജുൻ കമ്പനിയുടെ നിയമപരമായ പ്രതിനിധിയായി രജിസ്ട്രേഷനിൽ ഒപ്പ് വച്ചിട്ടുണ്ട്. രജിസ്ട്രേഷനുശേഷം കമ്പനി കൂടുതൽ ജീവനക്കാരെ കമ്പനിയിലേക്ക് എടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനകം തന്നെ 300 ജീവനക്കാരെ ഷവോമി ഇവി വെർട്ടിക്കിളിൽ നിയമിച്ചിട്ടുണ്ട് എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

പുതിയ ബിസിനസിലൂടെ ഷവോമി ഏത് തരം ഇലക്ട്രിക്ക് വാഹനങ്ങൾ ആയിരിക്കും നിർമ്മിക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ചൈനയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും വില കുറഞ്ഞ ഇലക്ട്രിക്ക് വാഹനങ്ങൾ എത്തിക്കാൻ ആയിരിക്കും ഷവോമി പദ്ധതിയിടുന്നത്. ലോക സ്മാർട്ട്ഫോൺ വിപണിയിൽ നേടിയ വിജയം പോലെ ഇവി വിപണിയിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് ഷവോമി ആദ്യഘട്ടം മുതൽ നടത്തുന്നത് എന്ന് വ്യക്തമാാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് വെഹിക്കിൾ വിപണിയും ഏറ്റവും കൂടുതൽ ഇവി നിർമ്മാണവും നടക്കുന്നത് ചൈനയാണ്. അതുകൊണ്ട് ഷവോമിയുടെ ആദ്യ ലക്ഷ്യം ചൈനീസ് വിപണി തന്നെയായിരിക്കും.

കഴിഞ്ഞ മാർച്ചിൽ തങ്ങൾ ഇവി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ച സമയത്ത് തന്നെ 10 ബില്യൺ ഡോളർ (ഏകദേശം 73,000 കോടി രൂപ) ഇവി യൂണിറ്റിൽ അടുത്ത 10 വർഷത്തിനുള്ളിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ നിക്ഷേപം എങ്ങനെയാണ് നടത്തുക എന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

മാർച്ചിൽ ഷവോമി ഇവി ബിസിനസ് രംഗത്തേക്ക് വരുന്നത് പ്രഖ്യാപിച്ചതിന് ശേഷം 2,000ലധികം ഇന്റർവ്യൂ സർവേകൾ നടത്തിയതായും 10ൽ അധികം വ്യവസായ പാർട്ട്ണർമാരുമായി സംസാരിച്ചതായും ഷവോമി പറഞ്ഞു. ഇതൊടൊപ്പം കമ്പനി ഓട്ടോണമസ് ഡ്രൈവിംഗ് ടെക്നോളജി സ്റ്റാർട്ടപ്പ് ഡീപ്മോഷൻ 77 മില്യൺ ഡോളറിന് (ഏകദേശം 562 കോടി രൂപ) വാങ്ങി. ഷവോമിയുടെ ഗവേഷണ, വികസന പദ്ധതികളുടെ ഭാഗമായിട്ടാമ് ഇത്തരമൊരു വാങ്ങൽ നടത്തിയത്.

എവർഗ്രാൻഡെ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് യൂണിറ്റിൽ ഓഹരി ഉടമയാകാനുള്ള ശ്രമങ്ങളും ഷവോമി നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റിൽ ഷവോമി എവർഗ്രാന്റ് ഗ്രൂപ്പുമായി കരാറിനുള്ള ചർച്ചകൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് നിരവധി ഓട്ടോ നിർമ്മാതാക്കളുമായി അത്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷവോമി വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ഷവോമി ഇവിക്ക് ആവശ്യമായ പാർട്ടണറെ കണ്ടെത്താൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചനകൾ.


Click it and Unblock the Notifications








