ഷവോമി ഇലക്ട്രിക്ക് കാർ വ്യവസായത്തിലേക്ക്, നിക്ഷേപിക്കുന്നത് 10 ബില്യൺ ഡോളർ
സ്മാർട്ട്‌ഫോണുകൾ, വീട്ടുപകരണങ്ങൾ, ആക്‌സസറികൾ, ഐഒടി ഉപകരണങ്ങൾ എന്നിവയ്‌ക്ക് ശേഷം ഷവോമി പുതിയ മേഖലയിലേക്ക് ചുവട് വെക്കുന്നു. ഇലട്രിക്ക് വെഹിക്കിൾ വിപണിയിലേക്കാണ് ചൈനീസ് കമ്പനിയുടെ പുതിയ നോട്ടം. എംഐ മിക്സ് ഫോൾഡ് ഗ്ലോബൽ ലോഞ്ച് ഇവന്റിൽ വച്ചാണ് ഇക്കാര്യം ഷവോമി വെളിപ്പെടുത്തിയത്. ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് 10 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് ഷവോമി തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സിഎൻവൈ 10 ബില്ല്യൺ ആണ് നിക്ഷേിക്കുന്നത്.

ലീ ജുൻ ആയിരിക്കും ഷവോമി ഇവി വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുന്നത്. പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പ്രൊഡക്ടിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ എല്ലാവരേയും സ്മാർട്ട് ജീവിതം ആസ്വദിക്കാൻ അനുവദിക്കുന്നതിനായി ഗുണനിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി ആഗ്രഹിക്കുന്നു എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. പ്രൊഡക്ടുകളുടെ വിവരങ്ങളൊന്നും വ്യക്തമല്ല.

ഷവോമിയുടെ പുതിയ പദ്ധയിയുമായി ബന്ധപ്പെട്ട് കമ്പനി പ്രഖ്യാപിച്ചതല്ലാതെ മറ്റ് വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല. ഈ പ്രഖ്യാപനത്തോടെ, ഇലക്ട്രിക് വാഹന ബിസിനസ്സിലേക്ക് കടക്കുന്ന ഹാർഡ്‌കോർ ടെക് ബ്രാൻഡുകളായ ആപ്പിളിന്റെയും ഹുവാവേയുടെയും നിരയിലേക്ക് ഷവോമിയും ചേരും. സ്വന്തമായി വാഹനങ്ങൾ നിർമ്മിക്കുകയെന്ന വെല്ലുവിളി ഷിയോമി എങ്ങനെ ഏറ്റെടുക്കുന്നുവെന്ന കാര്യം കണ്ടറിയണം. നിലവിൽ ചൈനയിലെ ഇരുചക്രങ്ങളിൽ ചില സാങ്കേതിവ സഹായങ്ങൾ ഷവോമി നൽകുന്നുണ്ട്.

നേരത്തെ ഹുവാവേയും ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിരവധി വാർത്താ റിപ്പോർട്ടുകളിൽ ചൈനയിലെ തന്നെ ചങ്കൻ ഓട്ടോമൊബൈൽ, ബ്ലൂപാർക്ക് ന്യൂ എനർജി ടെക്നോളജി തുടങ്ങിയ വമ്പൻ കമ്പനികളെ ഇതിനായി ഹുവാവേ സമീപിച്ചിരുന്നു. സ്മാർട്ട് ബിറ്റുകളിൽ ഹുവാവേ ടീം ശ്രദ്ധ കേന്ദ്രീകരിക്കുകയും കാർ ഭാഗങ്ങളിൽ പ്രവർത്തിക്കാൻ ഹുവാവേ കാർ നിർമ്മാതാവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു എന്നായിരുന്നു വാർത്തകൾ.

ആപ്പിൾ സ്വന്തമായി ഒരു ഇലക്ട്രിക് കാർ പുറത്തിറക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോണമസ് ടെക്, ബാറ്ററി, സോഫ്റ്റ്വെയർ ഭാഗം എന്നിവയിലിയാരിക്കും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, വാഹനമേഖലയിൽ നിന്നുള്ള ഒരു പാർട്ട്ണർ കമ്പനിയായിരിക്കും കാറിന്റെ ബാക്കി ഭാഗങ്ങൾ നിർമ്മിക്കുക എന്നും ഇലക്ട്രിക് വാഹനത്തിനായി ആപ്പിൾ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഷവോമി ഇതുവരെ ഇവി മേഖലയിൽ നടപ്പാക്കാൻ പോകുന്ന പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ പ്രീമിയം സ്മാർട്ട്‌ഫോണുകളുടെ അപ്‌ഡേറ്റ് ലൈനപ്പായ എംഐ11 അൾട്ര ഷവോമി പ്രഖ്യാപിച്ചിരുന്നു. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഫോം ഫാക്ടർ ഉപയോഗിച്ച് എംഐ മിക്സ് ഫോൾഡ് എന്ന മടക്കാവുന്ന സ്മാർട്ട്‌ഫോണും കഴിഞ്ഞ ദിവസം ഷവോമി അവതരിപ്പിച്ചു. ഷവോമി ഇലക്ട്രിക്ക് കാർ നിർമ്മാണത്തിലേക്ക് കടക്കുന്നു എന്ന വാർത്ത ഓട്ടോമൊബൈൽ മേഖലയിൽ വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്.


Click it and Unblock the Notifications








