പരസ്യങ്ങളില്ലാതെ യൂട്യൂബ് ഒരു വർഷത്തേക്ക് ആസ്വദിക്കാം, പ്രീമിയം വാർഷിക പ്ലാനുകളുമായി കമ്പനി
നമ്മളെല്ലാവരും യൂട്യൂബ് ഉപയോഗിക്കുന്നവരായിരിക്കും. യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ കയറി വരുന്ന പരസ്യങ്ങൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കാറുള്ളത്. യൂട്യൂബ് മ്യൂസിക്കിലും ഇത് തന്നെയാണ് അവസ്ഥ. പാട്ട് കേൾക്കുമ്പോൾ പരസ്യങ്ങൾ കയറി വരുന്നത് പ്രശ്നമാണ്. ഇതിന് പരിഹാരമായി നമുക്ക് യൂട്യൂബ്, യൂട്യൂബ് മ്യൂസിക്ക് എന്നിവയുടെ പ്രീമിയം മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. ഇതുവരെ ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോ മാത്രം ലഭിച്ചിരുന്ന യൂട്യൂബ് പ്രീമിയം ഇനി മുതൽ ഒരു വർഷത്തേക്ക് ലഭിക്കും.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് പുതിയ വാർഷിക പ്ലാനുകളുടെ ഇന്റഡോക്ടറി ഓഫർ എന്ന നിലവിൽ ഈ പ്ലാനുകൾക്ക് കിഴിവുകൾ നൽകുന്നുണ്ട്. വാർഷിക പ്ലാനുകൾ നിലവിൽ വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഇതിലൂടെ സ്റ്റുഡന്റ്, ഫാമിലി അക്കൗണ്ട് ഉപയോക്താക്കൾക്ക് മെമ്പർഷിപ്പ് എടുക്കാൻ സാധിക്കില്ല. നിങ്ങളുടെ അക്കൌണ്ട് ഏത് രീതിയിലുള്ളതാണ് എന്ന് നോക്കിമാത്രം പ്ലാനുകൾ സബ്ക്രൈബ് ചെയ്യാൻ ശ്രമിക്കന്നതാകും നല്ലത്.

ജനുവരി 23 വരെ യൂട്യൂബ് നൽകുന്ന പ്രമോഷണൽ ഓഫറിലൂടെ യൂട്യൂബ് അതിന്റെ പ്രീമിയം വാർഷിക പ്ലാനുകൾ കിഴിവിൽ ലഭ്യമാക്കും. ഈ അവസരത്തിൽ യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1,159 രൂപയാണ് നൽകേണ്ടി വരുന്നത്. യൂട്യൂബ് മ്യൂസിക്ക് പ്രീമിയം വാർഷിക പ്ലാനിന് 889 രൂപയാണ് വില വരുന്നത്. ഈ പ്രീമിയം സബ്ക്രിപ്ഷനുകളുടെ ഇന്ത്യയിലെ യഥാർത്ഥ വില ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രമോഷണൽ കാലാവധി അവസാനിച്ചതിന് ശേഷം യഥാർത്ഥ വില വെളിപ്പെടുത്തും.

ഒരു മാസത്തേക്കുള്ല പ്ലാനുകളുടെ വില നോക്കിയാൽ, യൂട്യൂബ് പ്രീമിയത്തിന് 129 രൂപയും യൂട്യൂബ് മ്യൂസിക്ക് പ്രീമിയം സബ്ക്രിപ്ഷന് 99 രൂപയുമാണ് വില. പുതിയ വാർഷിക പദ്ധതികൾ നിലവിൽ യുഎസ്, ഇന്ത്യ, ബ്രസീൽ, കാനഡ, ജർമ്മനി, ജപ്പാൻ, റഷ്യ, തായ്‌ലൻഡ്, തുർക്കി എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. യൂട്യൂബിന് ഏറെ ഉപയോക്താക്കളുള്ള രാജ്യം എന്ന നിലയിൽ കമ്പനി ഇന്ത്യയിലെ പ്രത്യേകം പരിഗണിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. വാർഷിക പ്രീമിയം മെമ്പർഷിപ്പുകളുടെ യഥാർത്ഥ വില 1500 രൂപയോളം ഉണ്ടാകാനാണ് സാധ്യത.

നിങ്ങൾ നിലവിൽ യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് ഉള്ള ആളാണ് എങ്കിൽ വാർഷിക മെമ്പർഷിപ്പ് ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്യണം. ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള മെമ്പർഷിപ്പ് ക്യാൻസൽ ചെയ്തുകൊണ്ട് പുതിയതായി സൈൻ അപ്പ് ചെയ്യുന്നതിലൂടെ വാർഷിക പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കും. നിലവിലുള്ള യൂട്യൂബ് പ്രീമിയം പ്ലാൻ അവസാനിച്ച് കഴിഞ്ഞതിന് ശേഷവും പ്രീപെയ്ഡ് ഉപയോക്താക്കൾ വാർഷിക പ്ലാനുകളിലേക്ക് മാറാൻ സാധിക്കും.

യൂട്യൂബിന്റെ ആൻഡ്രോയിഡ് ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കുന്ന ആളുകൾക്ക് യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനുകൾ സൈൻ അപ്പ് ചെയ്യാൻ സാധിക്കും. ഐഒഎസ് ഡിവൈസുകളിൽ ഉള്ള ആപ്പുകളിൽ ഇതുവരെ ഇൻ-ആപ്പ് സൈൻ-അപ്പ് ഓപ്ഷൻ കമ്പനി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ വേണമെന്ന് ആഗ്രഹിക്കുന്ന ഐഫോൺ, ഐപാർഡ് ഉപയോക്താക്കൾ കമ്പ്യൂട്ടറോ മൊബൈൽ വെബ് ബ്രൗസറോ ഉപയോഗിച്ച് വേണം യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പ് നേടാൻ.

യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനുകൾ പ്രീപെയ്ഡ് അടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിങ്ങൾ മുഴുവൻ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുമായി മുൻകൂറായി പണമടയ്‌ക്കേണ്ടിവരും. ഈ വാർഷിക പ്ലാനിന്റെ കാലാവധി അവസാനിച്ച് കഴിഞ്ഞാൽ വീണ്ടും പണം നൽകി സബ്‌സ്‌ക്രിപ്‌ഷൻ എടുക്കേണ്ടി വരും. യൂട്യൂബ് അതിന്റെ പ്രീമിയം സേവനങ്ങൾ 2019ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിലാണ് പ്ലാനുകൾ അവതരിപ്പിച്ചത്. പരസ്യങ്ങൾ ഒഴിവാക്കി വീഡിയോ കണ്ടന്റ് നൽകുന്ന യൂട്യൂബ് മെമ്പർഷിപ്പിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുകയാണ് യൂട്യൂബ് പ്രീമിയത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്.


Click it and Unblock the Notifications








