അത് 'വെള്ളം' തന്നെ ആണോ ആവോ! ക്യാമറ ആറ്റിൽക്കിടന്നത് 13 വർഷം, എന്നിട്ടെന്തായെന്നോ...
കൈകഴുകുന്നതിനിടയിൽ പോക്കറ്റിൽനിന്ന് ഫോൺ ബക്കറ്റിൽ വീണാൽ, തൊട്ടടുത്ത സെക്കൻഡിൽ തന്നെ ചാടിയെടുത്താലും അപ്പോഴേക്കും ഫോൺ ചത്തിരിക്കും. എന്തിനേറെപ്പറയുന്നു, വെള്ളം അടുത്തൂടെ പോയാൽ പണിമുടക്കുന്ന ഫോണുകളും ഡിജിറ്റൽ സാധനങ്ങളുമൊക്കെയാണ് നാം കണ്ടുപരിചയിച്ചിരിക്കുന്നത്. ഇപ്പോൾ എത്തുന്ന ഡിവൈസുകൾ ജലപ്രതിരോധശേഷിയൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ.
എന്നാൽ അതിനൊക്കെ ഒരു പരിധിയുണ്ട്. യാതൊരു ജലപ്രതിരോധ ശേഷിയും അവകാശപ്പെടാനില്ലാഞ്ഞിട്ടും ഇപ്പോൾ കമ്പനികൾ മികച്ച ജലപ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുന്ന ഫോണുകളെക്കാൾ മികച്ച രീതിയിൽ വെള്ളത്തെ ചെറുത്തിട്ടുള്ള പഴയകാല ഡിവൈസുകളുടെ വാർത്തകൾ നാം ഇതിനോടകം നിരവധി തവണ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഐഫോണുകളാണ് മുന്നിലെന്നത് വേറെ കാര്യം.

ഏഴുവർഷം വരെ നദിയിൽ കിടന്നിട്ടും വീണ്ടെടുക്കപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാതെ കൂളായി പണിയെടുത്ത ഐഫോണിന്റെ വാർത്ത ഏതാനും മാസങ്ങൾക്കുമുമ്പ് രാജ്യന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ സംഭവത്തോട് ചേർന്നു നിൽക്കുന്ന ഒരു വാർത്തകൂടി കഴിഞ്ഞയാഴ്ച ലോകമെമ്പാടുമുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
13 വർഷം വെള്ളത്തിൽ കിടന്ന ഒരു ഡിജിറ്റൽ ക്യാമറ വീണ്ടെടുക്കപ്പെടുകയും അതിൽനിന്ന് ഉടമയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ യാതൊരു തകരാറും കൂടാതെ ലഭിക്കുകയും ചെയ്തു എന്നതായിരുന്നു ആ വാർത്ത. 13 വർഷം വെള്ളത്തിൽക്കിടന്നിട്ടും അന്ന് പകർത്തിയ ചിത്രങ്ങൾക്ക് യാതൊരു കേടുപാടും ഉണ്ടായില്ല എന്നതാണ് സംഭവത്തെ വൈറലാക്കിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊളറാഡോ സ്വദേശിയായ സ്പെൻസർ ഗ്രെയ്നർ എന്നയാൾക്ക് ഒരു ഡിജിറ്റൽ ക്യാമറ ലഭിക്കുന്നത്. മീൻപിടിക്കാൻ പോകുന്നതിനിടെ ആനിമസ് നദിയുടെ തീരത്തെ മണലിൽ പുതഞ്ഞ നിലയിലാണ് സ്പെൻസർ ഗ്രെയ്നർ ആ ഡിജിറ്റൽ ക്യാമറ കാണുന്നത്. തുടർന്ന് അത് അയാൾ കൈയിലെടുത്തു.
വർഷങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ ആ ക്യാമറ നന്നാക്കാൻ പോലും സാധിക്കാത്ത നിലയിൽ നാശമായിരുന്നു. ബാറ്ററി ഉൾപ്പെടെ വെള്ളം കയറി നശിക്കുകയും തുറക്കാൻ ശ്രമിച്ചപ്പോൾ വെള്ളം പുറത്തേക്ക് വരികയും ചെയ്തു. അതിന്റെ അവസ്ഥ കണ്ട ഗ്രെയ്നർ അത് ചവറ്റുകുട്ടയിൽ കളയാനാണ് ആദ്യം തീരുമാനിച്ചത്.

എന്നാൽ അതിന്റെ ഉള്ളിൽ എന്തെങ്കിലും ചിത്രങ്ങൾ ഉണ്ടാകുമോ എന്ന് അറിയാനുള്ള ആകാംക്ഷ ആ തീരുമാനത്തിൽ നിന്ന് സ്പെൻസർ ഗ്രെയ്നറെ പിന്തിരിപ്പിച്ചു. ക്യാമറയുമായി വീട്ടിലെത്തിയ സ്പെൻസർ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അതിന്റെ കവർ തുറന്ന് മെമ്മറിക്കാർഡ് പുറത്തെടുക്കാൻ ശ്രമിച്ചു. കവർ തുറന്ന ഘട്ടത്തിലും വെള്ളമാണ് അതിൽനിന്ന് ആദ്യം പുറത്തുവന്നത്. പിന്നാലെ മെമ്മറിക്കാർഡ് ഊരിയെടുത്തു.
പിന്നീട് അത് വെയിലത്ത് വച്ച് ഉണക്കിയ ശേഷം തന്റെ കമ്പ്യൂട്ടറിൽ കണക്ട് ചെയ്ത് നോക്കി. മെമ്മറി കാർഡ് പരിശോധിച്ച അയാൾ ഞെട്ടിപ്പോയി. 2010 ന് മുമ്പ് എടുത്ത ഫോട്ടോകളും വീഡിയോകളും യാതൊരു കുഴപ്പവും കൂടാത ആ മെമ്മറികാർഡിൽ ഉണ്ടായിരുന്നു. തുടർന്ന് സ്പെൻസർ ആ ചിത്രങ്ങൾ പരിശോധിച്ചു.
ഒരു ട്യൂബിംഗ് (ട്യൂബ് ഉപയോഗിച്ച് വെള്ളത്തിൽ നടത്തുന്ന ഒരു വിനോദം) ട്രിപ്പ്, ബാച്ചിലർ പാർട്ടി, കല്യാണം എന്നിവയുടെ ചിത്രങ്ങൾ ആണ് ആ മെമ്മറി കാർഡിൽ ഉണ്ടായിരുന്നത്. ആ ചിത്രങ്ങൾ നൽകുന്ന മനോഹരമായ ഓർമകളുടെ മൂല്യം മനസിലാക്കിയ സ്പെൻസർ അതിന്റെ ഉടമയെ കണ്ടെത്താൻ തീരുമാനിക്കുകയും ചിത്രങ്ങൾ പ്രാദേശിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
''നിങ്ങൾ 2010 ജൂൺ 12 ന് ദുരാംഗോ ഏരിയയിൽ വച്ച് വിവാഹം കഴിച്ച ആളാണോ? ഇവരിൽ ആരെയെങ്കിലും നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? എങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക. തനിക്ക് ക്യാമറ കിട്ടിയ കാര്യവും അത് ഉടമയെ തിരിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യവും സ്പെൻസർ പോസ്റ്റിൽ വ്യക്തമാക്കി.
ഒരു മണിക്കൂറിനുള്ളിൽ, നിരവധി പേർ ചിത്രങ്ങളിൽ തങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരണങ്ങളുമായി രംഗത്തെത്തി. ചിലർ ഫോട്ടോകളിൽ തങ്ങളുടെ സുഹൃത്തുക്കളെ തിരിച്ചറിഞ്ഞ് അവരെ ടാഗ് ചെയ്തു. അധികം വൈകാതെ അന്ന് വിവാഹിതരായ ദമ്പതിമാർ ഉൾപ്പെടെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തി. ''അത് ഞാനും എന്റെ ഭാര്യയുമാണ്'' എന്നായിരന്നു അന്നത്തെ വരന്റെ കമന്റ്.

ആ ചിത്രങ്ങൾ എടുത്തത് തന്റെ സുഹൃത്തായ കോറൽ അമയി ആണെന്നും ക്യാമറ അവരുടേത് ആണെന്നും വരൻ വെളിപ്പെടുത്തി. തുടർന്ന ദമ്പതിമാർ അമയിയെ വിവരം അറിയിക്കുകയും സ്പെൻസറുമായി പരിചയപ്പെടുത്തുകയും ചെയ്തു. നഷ്ടപ്പെട്ടു എന്നു കരുതിയ ചിത്രങ്ങൾ തിരിച്ചുകിട്ടി എന്ന വിവരമറിഞ്ഞ് താൻ തുള്ളിച്ചാടുകയായിരുന്നു എന്ന് അമയി ഒരു ചാനലിനോട് പ്രതികരിച്ചു.
അന്ന് വിവാഹശേഷം സുഹൃത്തുക്കളുമൊത്ത് ട്യൂബിങ് നടത്തുന്നതിനിടയിൽ അമയി ക്യാമറയും കൈയിൽ കരുതിയിരുന്നു. എന്നാൽ ട്യൂബിങ്ങിനിടെ ട്യൂബിൽനിന്ന് അമയി തെറിച്ച്പോകുകയും ക്യാമറ നദിയിൽ കാണാതാകുകയുമായിരുന്നു. വിവാഹം ഉൾപ്പെടെ ആ സമയത്ത് പകർത്തിയ ചിത്രങ്ങൾ മുഴുവൻ കമ്പ്യൂട്ടറിൽ കോപ്പിചെയ്യാൻ സമയം ലഭിക്കാഞ്ഞതിനാൽ ആ ക്യാമറയിലെ മെമ്മറിക്കാർഡിൽ തന്നെയാണ് ഉണ്ടായിരുന്നത്.
അതിനാൽത്തന്നെ സംഭവശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ ചിത്രങ്ങൾ നഷ്ടമായതോർത്ത് താൻ പൊട്ടിക്കരഞ്ഞ കാര്യവും അമയി ചാനലിലോട് വെളിപ്പെടുത്തി. 13 വർഷം വെള്ളത്തിൽ കിടന്ന ശേഷവും മെമ്മറി കാർഡ് പ്രവർത്തിച്ചു എന്നതു തന്നെ ഞെട്ടിച്ചു എന്നും അവർ പറഞ്ഞു. എന്തായാലും നദിയിൽനിന്ന് കിട്ടിയ ക്യാമറ ചവറ്റുകുട്ടയിൽ കളയാതെ ചിത്രങ്ങൾ വീണ്ടെടുത്ത് ഉടമയെ ഏൽപ്പിച്ച സ്പെൻസർക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.
ഇങ്ങനെയൊക്കെ നടക്കുമോയെന്ന് സംശയിക്കുന്നവർ ഉണ്ടാകാം. അവരെ കുറ്റം പറയാൻ സാധിക്കില്ല. വെള്ളം അടുത്തൂടെ പോയതിന്റെ പേരിൽ പ്രവർത്തിക്കാതായ ഉപകരണങ്ങളുടെ ഹതഭാഗ്യരായ ഉടമകൾ നമുക്കിടയിൽ ധാരാളമുണ്ട്. അങ്ങനെയുള്ളവർ 13 വർഷം ആറ്റിൽക്കിടന്ന ക്യാമറയെയും 7 വർഷം കായലിൽക്കിടന്ന ഐഫോണിനെയുമൊക്കെ സംശയത്തോടെ മാത്രമേ കാണൂ. ഇവിടങ്ങളിലെ വെള്ളത്തിന് വല്ല ദിവ്യശക്തി ഉണ്ടോ എന്നുപോലും അവർ ഒരുപക്ഷേ ചോദിച്ചേക്കാം!


Click it and Unblock the Notifications








