പണിയെടുത്തത് തമന്ന കൈയ്യടി നേടി സിമ്രാൻ; വൈറലായി കാവാലാ ഡാൻസ്
തെന്നിന്ത്യൻ നടി സിമ്രാന്റെ കാവാല ഡാൻസ് വൈറലാകുന്നു. നടി തന്നെയാണ് ഡാൻസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. രജനികാന്തിനെ പുതിയ ചിത്രമായ ജയിലറിലെ പാട്ടാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന കാവാല എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിൽ തമന്നയാണ് ഈ ഗാനത്തിന് ചുവട് വെച്ചിരിക്കുന്നത്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ട് പെൺകുട്ടികൾക്കൊപ്പമാണ് സിമ്രാൻ വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. സെക്കന്റുകൾമാത്രം നീളമുള്ള വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ 1.6 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടു. 1.5 ലക്ഷത്തിലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ ഗാനത്തിന്റെ വീഡിയോയിൽ നൃത്തം ചെയ്യുന്ന തമന്നയുടെ അതേ ചുവടുകൾ തന്നെയാണ് സിമ്രാനും കളിക്കുന്നത്.

തമന്നയോട് സാമ്യം തോന്നുന്ന ഹെയർസ്റ്റെലും വസ്ത്രവും വീഡിയോയുടെ കൗതുകം കൂട്ടുന്നു. എന്നാൽ ഈ നൃത്തം ചെയ്തത് സിമ്രാൻ അല്ല എന്നാണ് താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിമ്രാന്റെ എഐ വീഡിയോ ആണ്. ദി മാജിക്ക് ഓഫ് എഐ എന്നാണ് വീഡിയോക്ക് അടിക്കുറിപ്പായി താരം നൽകിയിരിക്കുന്നത്. സെന്തിൽ നായഗം എന്നയാളാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഒരു എഐ എഞ്ചിനിയർ ആണ് സെന്തിൽ. ഒരുപാട് ഡീപ്ഫെയിക്ക് വീഡിയോകൾ തന്റെ ട്വിറ്റർ അക്കൗണ്ടിൽ സെന്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ വീഡിയോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരുപാട് എഐ വീഡിയോകൾ ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ സിനിമാ മേഖലയിൽ എഐ ജോലികൾ ചെയ്യുന്ന മുയോണിയം എഐ എന്ന കമ്പനിയുടെ ഉടമയാണ് സെന്തിൽ.
സെന്തിലിനെ സിമ്രാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ പാട്ടിന്റെ ഒറിജിനൽ വേർഷനിൽ നൃത്തം ചെയ്തിരിക്കുന്ന തമന്നയെയും ടാഗ് ചെയ്താണ് സിമ്രൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. സിമ്രാന്റെ ഒറിജിനൽ വേർഷൻ ഡാൻസ് പോസ്റ്റ് ചെയ്യണമെന്നാണ് നിരവധി ആരാധർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം എഐ പോലുള്ള സോഫ്റ്റുവെയറുകൾ ഭാവിയിൽ വൻ തോതിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നും ചില ആരാധർ കമന്റ് ബോക്സിൽ പറഞ്ഞു. പെൺകുട്ടികൾക്കും സെലിബ്രറ്റികൾക്കും വലിയ തോതിൽ തലവേദന ഉണ്ടാക്കാൻ പോകുന്ന കാലമാണ് ഇനി വരാൻ പോകുന്നത് എന്ന് ഇവർ കൂട്ടിച്ചേർത്തു. 1996ൽ പുറത്തിറങ്ങിയ തേരെ മേരെ സപ്നെ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമ്രാൻ അഭിനയരംഗത്തേക്ക് വരുന്നത്.
പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ സിമ്രാൻ അഭിനയിച്ചു വൻ സ്വീകാര്യത നേടി. ഇന്ദ്രപ്രസ്ഥം, പോപ്പ്കോൺ, ഹാർട്ട്ബീറ്റ്സ് തുടങ്ങിയ മലയാള ചിത്രങ്ങളിലും സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. അതേ സമയം ആഴ്ചകൾക്ക് മുമ്പ് മറ്റൊരു എഐ വീഡിയോ കേരളത്തിൽ വൈറലായി മാറിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരെ ഉപയോഗിച്ച് ഗോഡ് ഫാദർ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ചില സീനുകൾ അഭിനയിപ്പിച്ചിരിക്കുന്നതായിരുന്നു വീഡിയോ.
വിനയ് ഫോർട്ട് മുതലായ സെലിബ്രിറ്റികൾ ഈ വീഡിയോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരുന്നു. ടോം ആന്റണി എന്ന എഐ ഡെവലപ്പർ ആണ് ഈ വീഡിയോ നിർമ്മിച്ചത്. അതേസമയം വീഡിയോ വൈറലായതിനെ തുടർന്ന് എഐയുടെ ദൂഷ്യവശങ്ങൾ വിശദീകരിച്ച് ടോം മാധ്യമങ്ങൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു. അനുവാദമില്ലാതെ മറ്റൊരാളുടെ മുഖം ഉപയോഗിച്ച് ഇനി ഇത്തരം വീഡിയോകൾ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








