തറയിൽകിടന്ന് തണുപ്പടിച്ചത് മിച്ചം! ഓഫീസിൽ തങ്ങി ജോലിചെയ്ത യുവതിയെയും മസ്ക് ട്വിറ്ററിൽനിന്ന് പറപ്പിച്ചു
മുൻപ് നൽകിയ വാക്കും പ്രഖ്യാപനങ്ങളും കാറ്റിൽപ്പറത്തി ട്വിറ്ററിൽ വീണ്ടും ഇലോൺ മസ്കിന്റെ കൂട്ടപ്പിരിച്ചുവിടൽ. ഇത്തവണ 200 പേർക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. മസ്കിനെ അനുസരിച്ച് ജോലി ചെയ്തിരുന്നവർ പോലും പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇവരുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
മസ്കിനെ ഏറെ പിന്തുണയ്ക്കുകയും മസ്കിന്റെ ടീമിൽ ഇടംപിടിക്കുകയും ചെയ്ത എസ്തർ ക്രോഫോർഡ് ആണ് പിരിച്ചുവിടപ്പെട്ടവരിൽ പ്രധാനി. ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷൻ, വരാനിരിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോം തുടങ്ങിയ വിവിധ പ്രോജക്റ്റുകൾക്ക് നേതൃത്വം നൽകിയിരുന്നത് എസ്തർ ക്രോഫോർഡ് ആണ്. അവർ പോലും പിരിച്ചുവിടപ്പെട്ടു എന്നതാണ് ഇത്തവണത്തെ പിരിച്ചുവിടലിനെ ശ്രദ്ധേയമാക്കിയത്.

ട്വിറ്ററിൽ ചുമതല ഏറ്റെടുത്ത പിന്നാലെ മസ്ക് നിരവധി ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു. അതിൽ ഒന്നായിരുന്നു ജീവനക്കാർ ആഴ്ചയിൽ ഏഴുദിവസവും 12 മണിക്കൂർ ഓഫീസിൽ ഉണ്ടാകണമെന്നത്. ഈ നിർദേശം നൽകിയതിനു പിന്നാലെ മസ്കിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പിരിച്ചുവിടൽ ഭീഷണി ഭയന്ന് പലരും രാവും പകലുമില്ലാതെ ജോലിക്കെത്താൻ നിർബന്ധിതരായി.
ഈ സമയത്താണ് ഓഫീസിൽ തങ്ങിയുള്ള എസ്തർ ക്രോഫോർഡിന്റെ ജോലി വൈറലാകുന്നത്. ഓഫീസിലെ നിലത്ത് കമ്പിളി പുതച്ച് കിടന്ന് ഉറങ്ങുന്ന ട്വിറ്റർ പ്രൊഡക്ഷൻ വിഭാഗം മാനേജരായ എസ്തർ ക്രോഫോർഡിന്റെ ചിത്രം സുഹൃത്ത് ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. മസ്കിന്റെ പുതിയ തീരുമാനങ്ങൾ ജീവനക്കാരുടെ ഉറക്കവും സമാധാനവും കെടുത്തിത്തുടങ്ങിയെന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്.
''മസ്കിനൊപ്പം ജോലിചെയ്യണമെങ്കിൽ നിങ്ങൾ വീട്ടിൽനിന്ന് പോരുമ്പോൾ കമ്പിളിയും തലയിണയും കൊണ്ടുപോരണമെന്നും അല്ലെങ്കിൽ ജോലി രാജിവച്ച് വീട്ടിലിരിക്കുകയേ നിവൃത്തിയുള്ളൂ'' എന്നുമാണ് ചിത്രം പങ്കുവച്ച് ജീവനക്കാരൻ വ്യക്തമാക്കിയത്. എന്നാൽ വൈറലായ ഘട്ടത്തിലും മസ്കിനെതിരേ പ്രതികരിക്കാൻ എസ്തർ ക്രോഫോർഡ് തയാറായിരുന്നില്ല.

മസ്ക് ട്വിറ്ററിൽ നടത്താൻ പോകുന്ന അടുത്ത ഘട്ട മാറ്റങ്ങളുടെ മുന്നോടിയാണ് ഇപ്പോഴത്തെ കൂട്ട പിരിച്ചുവിടൽ എന്നാണ് വിലയിരുത്തൽ വന്നുകൊണ്ടിരിക്കുന്നത്. മസ്ക് ഏറ്റെടുക്കുമ്പോൾ ട്വിറ്ററിൽ ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം വെളിപ്പെടുത്തിയ കണക്കുകൾ പരിശോധിച്ചാൽ നിലവിൽ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 2,000 മാത്രമാണ്.

ഇപ്പോൾ പിരിച്ചുവിടപ്പെട്ടവരിൽ ട്വിറ്ററിലെ പ്രൊഡക്റ്റ് മാനേജര്‍മാര്‍, ഡാറ്റാ സൈന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെയുള്ളവർ ഉൾപ്പെടുന്നു. ട്വിറ്റിൽ സ്ഥാനം ഏറ്റെടുത്തതു മുതൽ സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച് പോരുന്ന മസ്കിന്റെ രീതി ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ട്വിറ്ററിൽ മസ്ക് വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വൻ വിവാദമാകുകയും പ്രതിഷേധങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്തു.
ഇനിയും പിരിച്ചുവിടൽ തുടരുന്നത് ട്വിറ്ററിന്റെ അടച്ചുപൂട്ടലിലേക്ക് നയിക്കുമോ എന്ന് ഭയക്കുന്നവരും ഏറെ. എന്നാൽ ട്വിറ്ററിനെ ലാഭത്തിലാക്കിയേ അടങ്ങൂ എന്നാണ മസ്കിന്റെ നിലപാട്. ട്വിറ്റർ നിലവിൽ ഏറെ നഷ്ടത്തിലാണെന്നും ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടലുകൾ എന്നുമാണ് മസ്കിന്റെയും മസ്കിനെ പിന്താങ്ങുന്നവരുടെയും നിലപാട്.
നിലവിലെ ജീവനക്കാരുമായി ട്വിറ്ററിന്റെ പ്രവർത്തനം ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് മസ്ക് ഉദ്ദേശിക്കുന്നത് എന്ന സംശയവും ആളുകൾ ഉയർത്തുന്നുണ്ട്. എന്നാൽ ട്വിറ്റർ രക്ഷപ്പെടുത്താൻ മസ്കിനെക്കൊണ്ട് സാധിക്കും എന്ന് കരുതുന്ന ഒരു ചെറിയ വിഭാഗം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മസ്കിന്റെ നേതൃത്വത്തിൽ ട്വിറ്റർ വളരും എന്നാണ് അവർ പറയുന്നത്.
ട്വിറ്ററിന് പിന്നാലെ മറ്റ് ടെക്നോളജി സ്ഥാപനങ്ങളും പിരിച്ചുവിടൽ ശക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ചെലവുചുരുക്കുന്നതിന്റെ ഭാഗമെന്ന നിലയിലാണ് കമ്പനികൾ പിരിച്ചുവിടലിനെ ന്യായീകരിക്കുന്നത്. ഗൂഗിളിലടക്കം പിരിച്ചുവിടൽ ശക്തമാണ്. അതിനിടെ ഗൂഗിൾ പിരിച്ചുവിട്ട ജീവനക്കാരെ എതിരാളികളായ ഓപ്പൺ എഐ കമ്പനി ജോലിക്കെടുത്തതും ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.


Click it and Unblock the Notifications








