ഇനി മുതൽ ഫേസ്ബുക്ക് അല്ല മെറ്റ, പേര് മാറ്റി കമ്പനി
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഫേസ്ബുക്ക് അവരുടെ കോർപ്പറേറ്റ് കമ്പനിയുടെ പേര് മാറ്റിയിരിക്കുകയാണ്. 'മെറ്റ' എന്ന പേരിലേക്കാണ് ഫേസ്ബുക്ക് റീബ്രാൻഡ് ചെയ്യപ്പെടുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം ഇനി മെറ്റയുടെ കീഴിലാകും. പേര് മാറ്റം പക്ഷെ നിലവിലുള്ള ആപ്പുകളെ ബാധിക്കുന്നില്ല. നിലവിലുള്ള സൈറ്റുകളുടെയും ആപ്പുകളുടെയും മാതൃസ്ഥാപനം എന്ന നിലയ്ക്കാണ് മെറ്റ നിലവിൽ വരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ആപ്പുകളുടെ പേരുകൾ മാറുകയില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.

ഫേസ്ബുക്ക്
ഒരു സോഷ്യൽ മീഡിയ കമ്പനി എന്ന നിലയിൽ നിന്നും വെർച്വൽ റിയാലിറ്റിയടക്കമുള്ള പുത്തൻ മേഖലകളിലേക്ക് കൂടി ചുവട് മാറുകയാണ് ഫേസ്ബുക്ക്. ഇത് കൂടി പരിഗണിച്ചാണ് ഫേസ്ബുക്ക് വമ്പൻ റീബ്രാൻഡിങ്ങ് നടത്തുന്നത്. ഫേസ്ബുക്കിന്റെ അഭിമാന പ്രോജക്ടായ "മെറ്റാവേഴ്സ്" എന്ന ഡിജിറ്റൽ ലോകത്തേക്കുറിച്ചും മാർക്ക് സക്കർബർഗ് പ്രഖ്യാപനം നടത്തി. ഗെയിംവർക്ക്, ഓൺലൈൻ മീറ്റിങ്ങുകൾ, കമ്മ്യൂണിക്കേഷൻ എന്നിവയുടെയെല്ലാം അടിസ്ഥാന തത്വങ്ങൾ മെറ്റാവേഴ്സ് മാറ്റി മറിക്കുമെന്നും സക്കർബർഗ് അവകാശപ്പെട്ടു. മെറ്റയുടെ കീഴിൽ രണ്ട് വിഭാഗങ്ങളായിട്ടാവും ഫേസ്ബുക്കിന്റെ ഭാവി ഓപ്പറേഷൻസ്. നിലവിലുള്ള ആപ്പുകൾ ഒരു വശത്തും പുതിയതായി രൂപീകരിക്കുന്ന കമ്പനികൾ മറ്റൊരു വിഭാഗമായിട്ടും. നിലവിലുള്ള ബ്രാൻഡിന് " ഇന്ന് നമ്മൾ ചെയ്യുന്ന എല്ലാറ്റിനെയും പ്രതിനിധീകരിക്കാൻ കഴിയില്ല, ഭാവിയിൽ മാത്രമല്ല", അത് മാറ്റേണ്ടതുണ്ടെന്നും സക്കർബർഗ് പറയുന്നു.

ഡവലപ്പർമാരുടെ വാർഷിക കോൺഫറൻസിലാണ് സക്കർബർഗ് കമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്. 2015ൽ ആഗോള ടെക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ മാതൃകമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല. മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകൾ തുടങ്ങിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് ഫേസ്ബുക്കിന്റെ പേര് മാറ്റമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ച കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് മെറ്റയുടെ ലോഗോയും കമ്പനി അനാച്ഛാദനം ചെയ്തു. ഫേസ്ബുക്കിന്റെ തമ്പ്സ്-അപ്പ് "ലൈക്ക്" ലോഗോയ്ക്ക് പകരം നീല ഇൻഫിനിറ്റി ഷേപ്പാണ് പുതിയ ലോഗോയ്ക്ക് നൽകിയിരിക്കുന്നത്. "അപ്പുറം" എന്നർഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് മെറ്റ എന്ന വാക്ക് സ്വീകരിച്ചിരിക്കുന്നത്.

കമ്പ്യൂട്ടർ വഴിയല്ലാതെ മെറ്റാവേഴ്സ് യൂസറിന് ഹെഡ്സെറ്റ് പോലെയുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് വിർച്വൽ ലോകത്തെ എല്ലാത്തരം ഡിജിറ്റൽ റൂമുകളിലും പ്രവേശിക്കാൻ കഴിഞ്ഞേക്കാം. ജോലി, വിനോദം, സംഗീതം തുടങ്ങി പ്രായോഗികമായി എന്തിനും വെർച്വൽ ലോകം ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്നും പ്രതീക്ഷിക്കാം. പുറത്ത് നിന്നുള്ള ഒരാൾക്ക്, ഒരു മെറ്റാവേഴ്സ് വിആറിന്റെ ഒരു പതിപ്പ് പോലെ തോന്നാം, എന്നാൽ ചിലർ മെറ്റ ഇന്റർനെറ്റിന്റെ ഭാവി ആയിരിക്കുമെന്നും വിശ്വസിക്കുന്നു.

ചീത്തപ്പേരുകളും വിമർശനങ്ങളും നിരന്തരം തലവേദനയായ കാലത്താണ് ഫേസ്ബുക്കിന്റെ മാതൃകമ്പനി ഇപ്പോൾ പേരുമാറ്റം നടത്തുന്നത്. മെറ്റാവേഴ്സ്, ഡിജിറ്റൽ ലോകം എന്നൊക്കെ പറയുന്നുണ്ടെങ്കിലും കമ്പനിക്ക് ചുറ്റും തൂങ്ങിക്കിടക്കുന്ന നെഗറ്റീവ് സ്റ്റോറികളിൽ നിന്ന് ശ്രദ്ധ മാറ്റാൻ വേണ്ടിയെന്നാണ് വിമർശകർ പറയുന്നത്. പേരല്ല ഫേസ്ബുക്കിന്റെ നയങ്ങളാണ് മാറ്റേണ്ടെതെന്നും ഇവർ പറയുന്നു. വിമർശകർ എന്തായാലും ഫേസ്ബുക്കിനെ മെറ്റ എന്ന് വിളിക്കാൻ താത്പര്യപ്പെടില്ല.

മെറ്റാവേഴ്സ് എപ്പോഴത്തേക്ക് നിലവിൽ വരുമെന്നതിൽ ഇപ്പോൾ വ്യക്തതയില്ല. ദീർഘകാല ഉൽപ്പന്നമാണെന്ന് സക്കർബർഗ് പറയുന്നുണ്ട്. നിലവിൽ കമ്പനിയുടെ മിക്കവാറും എല്ലാ വരുമാനവും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പരസ്യങ്ങളിൽ നിന്നാണ്. അതിനാൽ തന്നെ നിലവിലത്തെ സാഹചര്യത്തിൽ പേരുമാറ്റത്തിന്റെ ലക്ഷ്യം വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നതാണെന്നും വിലയിരുത്തലുണ്ട്. ഒപ്പം റീബ്രാൻഡ് ചെയ്തിട്ടും ആരും ഗൂഗിളിനെ "ആൽഫബെറ്റ്" എന്ന് വിളിക്കാറില്ലെന്നതും ഓർക്കേണ്ട കാര്യമാണ്.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും മാത്രം റൺ ചെയ്യുന്നത് സക്കർബർഗിനെ ആവേശഭരിതനാക്കുന്ന കാര്യമല്ലെന്ന് ഉറപ്പാണ്. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ പുതിയ ഓൺലൈൻ ലോകങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്. തന്റെ സോഷ്യൽ മീഡിയ കമ്പനികളുടെ നടത്തിപ്പിനെച്ചൊല്ലി നിരന്തരമായ വിമർശനം ഉയരുന്ന സാഹചര്യവും ഇതിന് പ്രേരകമായിരിക്കാം. വിമർശനങ്ങളിൽ നിന്നൊഴിഞ്ഞ് നിന്ന് തന്റെ കമ്പനിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന പുതിയ സെഗ്മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്വാതന്ത്ര്യവും ഈ പുനക്രമീകരണം നൽകിയേക്കാം.


Click it and Unblock the Notifications








