പോപ്പിനും രക്ഷയില്ല! ഫ്രാൻസിസ് മാർപ്പാപ്പയെ കൂറ്റൻ ജാക്കറ്റ് ഇടീച്ച് മിഡ്‌ജേർണി, ചിത്രങ്ങൾ വൈറൽ
വെളുത്ത നിറത്തിലുള്ള ഒരു പടുകൂറ്റൻ കോട്ട് ധരിച്ച് നിൽക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം വൈറൽ ആയെങ്കിലും അധികം വൈകാതെ അതൊരു വ്യാജ ചിത്രമായിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞു. ലോകമാകെ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് ഫ്രാൻസിന് മാർപാപ്പയുടേത്.
അദ്ദേഹത്തെപ്പോലെ ഇത്ര വലിയ ഒരാളുടെ വ്യാജ ചിത്രങ്ങൾ ആരാണ് ഇത്ര സമർഥമായി സൃഷ്ടിച്ചത് എന്നായി പിന്നീടുള്ള ചോദ്യങ്ങൾ. ലോകം മുഴുവൻ തേടിയ ആ ചോദ്യത്തിന്റെ ഉത്തരം എഐ എന്നായിരുന്നു. അതെ സാങ്കേതികലോകത്തെ ദിവസവും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ആയിരുന്നു ഈ വ്യാജ ചിത്രത്തിനു പിന്നിലും പ്രവർത്തിച്ചത്.

മിഡ്ജേർണി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം ആണ് മാർപ്പാപ്പയെ കൂറ്റൻ ജാക്കറ്റ് ധരിപ്പിച്ച ആ എഐ വിരുതൻ. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഗവേഷണ ലാബ് മിഡ്‌ജേർണി കോർപറേഷൻ. അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമാണ് മിഡ്‌ജേർണി. നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ചിത്രങ്ങൾ നൽകാൻ ഈ സംവിധാനത്തിന് സാധിക്കും.
ലോകം മുഴുവൻ വൈറലായ ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിച്ച ഓപ്പൺ എഐയുടെതന്നെ ഡാൾ-ഇ, ന്യൂ ബിംഗ് എന്നിവ പോലുള്ള എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഒറിജിനലിനെ തോൽപ്പിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ഈസിയായി സൃഷ്ടിക്കാൻ സാധിക്കും. പണ്ട് ഫോട്ടോഷോപ്പ് സോഫ്ടിവേർ എത്തിയ കാലഘട്ടത്തിൽ സൃഷ്ടിക്കുന്ന ചിത്രങ്ങൾ കണ്ട് നാം അമ്പരന്നിരുന്നു.

എന്നാൽ എഐ ചിത്രങ്ങൾ അതിന്റെ നൂറ് മടങ്ങ് മുകളിലാണ്. വാക്കുകളാൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങളായി അവ നമുക്കുമുന്നിൽ എത്തിക്കാൻ ഈ എഐ സംവിധാനങ്ങൾക്ക് സാധിക്കും. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എടുത്ത ഒറിജിനൽ ചിത്രം എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ മികച്ചു നിൽക്കുന്നവയാണ് ഈ എഐ ചിത്രങ്ങൾ.
ഇന്റർനെറ്റ് കണക്ഷനും ഡെസ്‌ക്‌ടോപ്പും ലാപ്‌ടോപ്പും ഉള്ള ആർക്കും സൂപ്പർ റിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകും. കൗതുകത്തിനൊപ്പം ഇത്തരം ചിത്രങ്ങൾ ഭീഷണിയും ഉയർത്തുന്നുണ്ട്. വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിലെ അപകടം ചെറുതല്ല എന്നതാണ് പ്രശ്നം. സാമൂഹിക മാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങൾ മിനിറ്റുകൾക്കകം വൈറലാകും.
ആളുകളെ അപമാനിക്കാനും മറ്റ് തെറ്റായ ആവശ്യങ്ങൾക്കും ഈ എഐ ടൂളുകൾ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മാർപ്പാപ്പയുടെ ചിത്രങ്ങൾ വൈറലായതുപോലെ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് നിർമിച്ച മറ്റ് ചില ചിത്രങ്ങളും വൈറലായിരുന്നു. കണ്ടാൽ ഒറിജിനൽ ചിത്രങ്ങളാണ് എന്ന് തോന്നുന്ന എന്നാൽ അവിശ്വസനീയമായ ചിത്രങ്ങൾ ആണ് ഇവയിൽ പലതും.

അത്തരത്തിൽ പ്രചരിച്ച ഒരു ചിത്രമാണ് ട്വിറ്റർ സിഇഒ ഇലോൺ മസ്കിന്റേത്. വളരെ അപൂർവമായി മാത്രമേ മസ്കിന്റെ ഡേറ്റിങ് വിവരങ്ങൾ പുറത്തുവരാറുള്ളൂ. ഇപ്പോൾ പുറത്തുവന്ന മസ്കിന്റെ ഒരു ചിത്രം വളരെ വൈറലായിരുന്നു. ജനറൽ മോട്ടോഴ്‌സിന്റെ സിഇഒ മേരി ബാരയ്‌ക്കൊപ്പം മസ്ക് കൈകോർത്ത് നടക്കുന്നതായിരുന്നു ചിത്രം. സംശയത്തിന് ഇടനൽകുന്ന യാതൊരു സൂചനകളും ഈ ചിത്രത്തിലില്ല.
എങ്കിലും മസ്കും ജനറൽ മോട്ടോഴ്‌സിന്റെ സിഇഒ മേരിയും ചേർന്നുള്ള ഈ ചിത്രം പൂർണ്ണമായും വ്യാജമാണ്. അമേരിക്കൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള വ്യാജ എഐ ചിത്രങ്ങളും വൈറലായി പ്രചരിക്കുന്നുണ്ട്. യാതൊരു ഫോട്ടോഷോപ്പ് പരിജ്ഞാനവും ആവശ്യമില്ലാതെ വേണ്ട ചിത്രങ്ങൾ പൂർണ്ണതയോടെ നിർമിക്കാമെന്നതാണ് ഈ എഐ സംവിധാനങ്ങളുടെ ശക്തി.
മഹാത്മാഗാന്ധിയും കാൾമാക്‌സും അംബേദ്കറും ചെഗുവേരയും നെഹ്‌റുവും സ്റ്റാലിനും എബ്രഹാം ലിങ്കണും ഐൻസ്റ്റീനുമെല്ലാം സെൽഫിയെടുക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നമുക്കിടയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങൾ നിർമിച്ച മലയാളി ഉപയോഗപ്പെടുത്തിയതും മിഡ്‌ജേണി എഐ ടൂൾ തന്നെയാണ്. ഭാവിയിൽ ചിത്രരചനയിലും ഫോട്ടോ എഡിറ്റിങ്ങിലുമെല്ലാം വൻ മാറ്റങ്ങളാണ് വരാൻ പോകുന്നത് എന്ന സൂചനയാണ് ഈ ചിത്രങ്ങളും എഐ ടൂളുകളും നൽകുന്നത്.


Click it and Unblock the Notifications








