'പ്രശ്‌നരഹിത' ഫെയ്‌സ്ബുക്ക് സ്വപ്‌നം കണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Posted By: Lekshmi S

പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന സമയം കൂടിയാണ് പുതുവര്‍ഷം. നമ്മള്‍ എല്ലാവരെയും പോലെ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് നമ്മുടേത് പോലെ വ്യക്തിപരമല്ലെന്ന് മാത്രം.

'പ്രശ്‌നരഹിത' ഫെയ്‌സ്ബുക്ക് സ്വപ്‌നം കണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

'പ്രശ്‌നരഹിത' ഫെയ്‌സ്ബുക്ക് എന്ന സ്വപ്‌നവുമായാണ് സുക്കര്‍ബര്‍ഗ് പുതുവര്‍ഷത്തെ വരവേറ്റിരിക്കുന്നത്. ഫെയ്‌സ്ബുക്ക് വഴി നടത്തുന്ന അപവാദ പ്രചരണങ്ങള്‍, അധിക്ഷേപം, വ്യാജവാര്‍ത്തകള്‍ തുടങ്ങിയവെല്ലാം നിയന്ത്രിക്കിച്ച് ജീവിതങ്ങള്‍ കൂടുതല്‍ മിഴിവുള്ളതാക്കുകയാണ് ലക്ഷ്യം.

തന്റെ തീരുമാനം ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ലോകവുമായി പങ്കുവച്ചത്. 'ലോകം ആശങ്കയിലും അനൈക്യത്തിലുമാണ്. ഇരുന്നൂറ് കോടിയിലധികം വരുന്ന സമൂഹത്തെ സംരക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിന് ഒരുപാട് ചെയ്യാനാകും. ചെറിയ തെറ്റുകള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ തടയിടുകയല്ല.

പക്ഷെ നമുക്ക് വളരെയധികം തെറ്റുകള്‍ സംഭവിക്കുന്നു. നമ്മള്‍ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ 2018 അവസാനം കൂടുതല്‍ സുന്ദരമായിരിക്കും' സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ എഴുതി.

'ഇത് വ്യക്തിപരമായ ഒരു വെല്ലുവിളി ആകണമെന്നില്ല. ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചരിത്രം, രാഷ്ട്രീയം, തത്വചിന്ത, മാധ്യമങ്ങള്‍, സര്‍ക്കാരുകള്‍, സാങ്കേതിവിദ്യ എന്നിവയുമായെല്ലാം ഈ പ്രശ്‌നം ബന്ധപ്പെട്ടിരിക്കുന്നു. വിദഗ്ദ്ധരുടെ കൂട്ടായ്മ ഉണ്ടാക്കി ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.' അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

പുതുവര്‍ഷ സമ്മാനമായി ഫ്‌ളിപ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാന്‍സ സെയില്‍

2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് ഫെയ്‌സ്ബുക്കിന്റെ 126 ദശലക്ഷം ഉപയോക്താക്കള്‍ റഷ്യയില്‍ നിന്നുള്ള ഒരു സംഘം സൃഷ്ടിച്ച് പ്രചരിപ്പിച്ച പോസ്റ്റുകള്‍ കണ്ടിട്ടുണ്ടാകാമെന്ന് ഫെയ്‌സ്ബുക്ക് സമ്മതിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ റെഫറണ്ടത്തിലെ റഷ്യയുടെ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭീഷണിയും ഫെയ്‌സ്ബുക്കിന് നേരിടേണ്ടിവന്നു. ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിരോധിക്കുമെന്നായിരുന്നു കമ്മിറ്റിയുടെ മുന്നറിയിപ്പ്. ജനുവരി 18-ന് ആണ് വിവരങ്ങള്‍ നല്‍കേണ്ട അവസാന തീയതി.

അധികാര കേന്ദ്രീകരണം, അധികാര വികേന്ദ്രീകരണം എന്നിവയില്‍ സാങ്കേതിക വിദ്യയ്ക്കുള്ള പങ്ക് ഇന്ന് വലിയൊരു ചോദ്യമായി ഉയരുന്നുവെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് വിശ്വസിച്ചാണ് ആളുകള്‍ സാങ്കേതികവിദ്യയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. എന്നാല്‍ ഇന്ന് സാഹചര്യമാകെ മാറിയിരിക്കുന്നു.

വലിയ സാങ്കേതിക സ്ഥാപനങ്ങളും സര്‍ക്കാരുകളും പൗരന്മാരെ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ്. അധികാര കേന്ദ്രീകരണത്തിലേക്കാണ് ഈ പോക്കെന്ന് ആളുകള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കി ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് ഫെയ്‌സ്ബുക്ക് സേവനങ്ങളില്‍ ഉപയോഗിക്കാനാണ് സുക്കര്‍ബര്‍ഗിന്റെ തീരുമാനം. തെറ്റുകള്‍ തിരുത്തി സ്വയം മെച്ചപ്പെടുന്നതിനുള്ള ഏറ്റവും നിര്‍ണ്ണായക വര്‍ഷമാണിത്.

പ്രശ്‌നങ്ങള്‍ കൂട്ടായി പരിഹരിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം വച്ചുപുലര്‍ത്തുന്നു. ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്ന സമയം ഗുണകരമായി ചെലവഴിച്ച സമയമായിരിക്കുമെന്ന വാഗ്ദാനം നല്‍കാനും സുക്കര്‍ബര്‍ഗ് മറക്കുന്നില്ല.

Read more about:
English summary
Mark Zuckerberg's goal for 2018 is to "fix Facebook" when it comes to dealing with abuse and hate, fake news or interference by nation-states on the platform.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot