സൂക്ഷിക്കുക, ഫെയ്സ്ബുക്കിൽ പുതിയ മെസേജ് വരും; തുറന്ന് കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് കാലിയാകും
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ കേന്ദ്രീകരിച്ചുള്ള പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഈ സോഷ്യൽ മീഡിയകളുടെ മാതൃ കമ്പനിയായ മെറ്റയുടെ വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചാണ് പുതിയ തട്ടിപ്പിലൂടെ തട്ടിപ്പുകാർ ഉപഭോക്താക്കളെ കബിളിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ മെറ്റയുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ ലംഘിച്ചു എന്ന തരത്തിലായിരിക്കും തട്ടിപ്പുകാർ ഇരകളുമായി ബന്ധപ്പെടുന്നത്. ഇതിന് പുറമെ നിങ്ങളുടെ അക്കൗണ്ടുകൾ മൊണിറ്റൈസ് ചെയ്യാം, കോപ്പി റൈറ്റ് ഉണ്ട് എന്നെല്ലാം പറഞ്ഞും ഇവർ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കും. സന്ദേശം ശ്രദ്ധയിൽ പെടുന്ന ഉപഭോക്താക്കൾക്ക് ഈ സൈറ്റിൽ കയറി പരിശോധിക്കും. ഔദ്യോഗിക സൈറ്റുകളോട് സാമ്യമുള്ളതിനാൽ ഈ സന്ദേശങ്ങൾ ഉപഭോക്താക്കൾ വിശ്വസിക്കുകയും ചെയ്യും.

തുടർന്ന് ഇവരുമായി ബന്ധപ്പെടുന്നതിനാൽ ഉപഭോക്താക്കളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഈ തട്ടിപ്പുകാർ കൈക്കലാക്കുന്നു. ഇതോടെ ഇവരുടെ സോഷ്യൽ മീഡിയ നിയന്ത്രണം ഈ തട്ടിപ്പുകാർക്ക് നേടിയെടുക്കുന്നു. ധാരാളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളെ ആണ് ഈ തട്ടിപ്പുകാർ ലക്ഷ്യം വെയ്ക്കുന്നത്. ആയതിനാൽ തന്നെ അക്കൗണ്ട് തിരിച്ച് നൽകാനായി വലിയ തുകയും ഇക്കൂട്ടർ ആവിശ്യപ്പെടും. പണം ക്രിപ്റ്റോ കറൻസി സൈറ്റുകളിൽ നിക്ഷേപിക്കാനായിരിക്കും അവർ ആവിശ്യപ്പെടുക.
ആയതിനാൽ തന്നെ വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർ, സിനിമ താരങ്ങളുടെ പേജുകൾ കൈകാര്യം ചെയ്യുന്നവർ മറ്റ് സോഷ്യൽ മീഡിയ താരങ്ങൾ എല്ലാവരും പ്രത്യേകം ജാഗ്രത പാലിക്കണം എന്നാണ് അറിയിപ്പിൽ പോലീസ് പറഞ്ഞിരിക്കുന്നത്. അതേ സമയം ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ചില മാർഗങ്ങളും പോലീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ അക്കൗണ്ടിന് ശക്തമായ പാസ്വേർഡ് നൽകുക എന്നതാണ്. ഹാക്കർമാർക്കോ മറ്റ് സൈബർ കുറ്റവാളികൾക്കോ ഊഹിക്കാൻ പറ്റാത്ത തരത്തിൽ ആയിരിക്കണം നിങ്ങൾ പാസ്വേർഡ് നൽകേണ്ടത്. സോഷ്യൽ മീഡിയകൾക്ക് മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന ജിമെയിലിനും ഇത്തരത്തിലുള്ള പാസ്വേഡുകൾ ആയിരിക്കണം നൽകേണ്ടത്. ഈ പാസ്വേഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതും ഇത്തരം തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ സഹായിക്കും എന്നും ഇവർ പറയുന്നു.
കൂടുതൽ ഉപഭോക്താക്കളും പെട്ടെന്ന് ഓർത്തിരിക്കാൻ പാകത്തിന് ജനിച്ച വർഷം, സ്വന്തം പേര്, മൊബൈൽ നമ്പർ, വണ്ടി നമ്പർ എന്നിവയെല്ലാമാണ് പാസ്വേഡുകളായി നൽകുന്നത്. ഇത് ഒരിക്കലും പാടില്ല എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ദ്വിതല സുരക്ഷ (two-step verification) കൃമികരിക്കാനുള്ള സൗകര്യം ഉണ്ട്. ഇവ ആക്ടിവേറ്റ് ചെയ്യുന്നതും കൂടുതൽ ഗുണം ചെയ്യുന്നതാണ്. മാത്രമല്ല നിങ്ങൾക്ക് വരുന്ന സന്ദേശങ്ങൾ സൂക്ഷമതയോടെ വായിക്കാൻ ശ്രമിക്കുക.
ഇത്തരം സന്ദേശങ്ങളോട് ഒപ്പം വരുന്ന ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യാതെ ഇരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഉപകരണങ്ങളിലേക്ക് ഹാക്കർമാർക്ക് ആക്സസ് നൽകുന്ന ക്ഷുദ്ര വൈറസുകൾ ഇത്തരം വെബ്സൈറ്റുകളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആയതിനാൽ നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇവരുടെ സൈറ്റിൽ എത്തുകയും നിങ്ങളുടെ ഉപകരണത്തിന്റെ ആക്സസ് ഇവർക്ക് ലഭിക്കാനും സാധ്യത ഉണ്ട്. ഇത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കാനും സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ തന്നെ നിരവധി തട്ടിപ്പുകളിൽ നിന്ന് നമ്മുക്ക് രക്ഷപെടാൻ സാധിക്കുന്നതാണ്. സോഷ്യൽ മീഡിയകൾ ഉപയോഗിക്കുമ്പോൾ അത്യാവശ്യം വേണ്ട ഡിജിറ്റൽ നോളജ് നേടാൻ ശ്രമിക്കേണ്ടതാണ്. കഴിവതും ജാഗ്രതയോടെ തന്നെ ഡിജിറ്റൽ ലോകത്ത് പെരുമാറേണ്ടതുണ്ട്. നിലവിൽ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള സൈബർ ക്രൈമുകൾക്ക് വിധേയമായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ www.cybercrime.gov.in എന്ന കേന്ദ്ര സർക്കാർ വെബ്സൈറ്റിലോ പരാതിപ്പെടാവുന്നതാണ്.


Click it and Unblock the Notifications








